രാജ്ഭവനെ ഗവര്‍ണര്‍ ആർ.എസ്.എസ്. ആശയ പ്രചാരണത്തിനുള്ള വേദിയാക്കി മാറ്റുകയാണെന്ന് സിപിഎം

ദില്ലി : കേരളത്തിലെ സ‍ര്‍വകലാശാലകളുമായി ബന്ധപ്പെട്ട് ഗവ‍ര്‍ണര്‍-സ‍ര്‍ക്കാര്‍ പോര് കടുക്കുന്ന സാഹചര്യത്തിൽ ഗവര്‍ണര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സി പി എം പോളിറ്റ് ബ്യൂറോ. സർവകലാശാലകളിലെ വൈസ് ചാൻസലർ നിയമനങ്ങൾ അട്ടിമറിക്കാൻ ഗവർണ്ണറും കേന്ദ്ര സർക്കാരും ശ്രമിക്കുകയാണെന്ന് പി.ബി. കുറ്റപ്പെടുത്തി. ഗവർണ്ണർ രാജേന്ദ്ര അർലേക്കർ ഭരണഘടന പദവി ദുരുപയോഗം ചെയ്യുകയാണെന്നും സംസ്ഥാന സർക്കാരിന്റെ സുഗമമായ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്താനുള്ള നീക്കങ്ങൾ അനുവദിക്കില്ലെന്നും സി.പി.എം പ്രസ്താവനയിൽ വ്യക്തമാക്കി.

രാജ്ഭവനെ ഗവര്‍ണര്‍ ആർ.എസ്.എസ്. ആശയ പ്രചാരണത്തിനുള്ള വേദിയാക്കി മാറ്റുകയാണെന്ന് സിപിഎം ആരോപിച്ചു. സംസ്ഥാനത്തെ മതേതരത്വത്തെ താഴ്ത്തിക്കെട്ടാനാണ് ഗവർണ്ണർ ശ്രമിക്കുന്നതെന്നും സിപിഎം കുറ്റപ്പെടുത്തി. 

ഗവർണർ സര്‍വകലാശാലകൾ കാവിവത്ക്കരിക്കാൻ ശ്രമിക്കുന്നുവെന്നാണ് സി പി എം ആരോപണം. കേരളത്തിലെ സര്‍വകലാശാലകളിൽ നിലനിൽക്കുന്ന തർക്കങ്ങൾക്കിടെയാണ് സി.പി.എം. പി.ബി പ്രസ്താവന.

ഇടത് വിദ്യാർത്ഥി സംഘടനയായ എസ് എഫ് ഐയുടെ നേതൃത്വത്തിൽ വിദ്യാര്‍ത്ഥികൾ ഗവര്‍ണര്‍ക്കെതിരെ ശക്തമായ രീതിയിൽ പ്രതിഷേധം തുടരുകയാണ്. ഏറ്റവുമൊടുവിൽ കേരളാ സ‍ർവകലാശാലയിലാണ് ഗവര്‍ണറുടെ ഇടപെടലുണ്ടായത്. സര്‍വകലാശാലയിൽ ഗവര്‍ണര്‍ പങ്കെടുക്കാനിരുന്ന പരിപാടിക്ക് കാവി കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം വെച്ചതോടെ രജിസ്ട്രാർ അനുമതി നിഷേധിച്ചതാണ് കേരളാ സര്‍വകലാശാലയിലെ പ്രശ്നനങ്ങൾക്ക് തുടക്കമിട്ടത്. 

പിന്നാലെ കേരള സർവകലാശാല രജിസ്ട്രാർ കെ.എസ്. അനിൽകുമാറിനെ വൈസ് ചാൻസലർ സസ്പെൻഡ് ചെയ്തു. എന്നാൽ, സിൻഡിക്കേറ്റ് യോഗം വി.സിയുടെ സസ്പെൻഷൻ ഉത്തരവ് റദ്ദാക്കി അനിൽകുമാറിനെ തിരിച്ചെടുക്കാൻ തീരുമാനിച്ചു. ഈ സിൻഡിക്കേറ്റ് തീരുമാനത്തിനെതിരെയാണ് വിസിയും ഗവ‍ണറും നിലപാടെടുക്കുന്നത്.

സർവകലാശാലാ വിഷയത്തിൽ ഗവർണർ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലായിരുന്നു. കേരള സർവകലാശാല രജിസ്ട്രാറെയും ജോയിന്റ് രജിസ്ട്രാറെയും സസ്പെൻഡ് ചെയ്യാൻ അദ്ദേഹം നീക്കം നടത്തിയിരുന്നു. 

YouTube video player