മുഖ്യമന്ത്രി വി ഡി സതീശനെതിരായ പുനർജനി കേസ് എഴുതിത്തള്ളാനുള്ള നീക്കത്തിനെതിരെ സിപിഎം. സർക്കാർ നീക്കത്തെ നിയമപരമായും രാഷ്ട്രീയമായും നേരിടാനാണ് സിപിഎമ്മിൻ്റെ തീരുമാനം. കേസിൽ സിബിഐ അന്വേഷിക്കണമെന്ന് പരാതിക്കാരൻ ആവശ്യപ്പെട്ടു.
തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായ പുനർജനി കേസ് എഴുതിത്തള്ളാനുള്ള സർക്കാർ നീക്കത്തിനെതിരെ സിപിഎം. തെളിവില്ലെന്ന് പറഞ്ഞ് കേസ് എഴുതിത്തള്ളുന്നതിനെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്ന് സിപിഎം വ്യക്തമാക്കി. ചരിത്രത്തിൽ ആദ്യമായാണ് ആഭ്യന്ത്രമന്ത്രി പ്രതിക്ക് ക്ലീൻ ചിറ്റ് നൽകുന്നതെന്ന് സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി എസ് സതീഷ് പറഞ്ഞു. കേസിൽ സിബിഐ അന്വേഷണമാവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്ന് പരാതിക്കാരൻ രാജേന്ദ്ര പ്രസാദ് പറഞ്ഞു
പുനർജനി കേസിൽ മുഖ്യമന്ത്രിക്ക് കീൻ ചിറ്റ് നൽകിയ ആഭ്യന്ത്രമന്ത്രിയുടെ പ്രഖ്യാപനം അധികാര ദുർവിനിയോഗമാണെന്ന നിലപാടിലാണ് സിപിഎം. യുകെയിലെ ഒരു പരിപാടിയിൽ വി ഡി സതീശൻ ഫണ്ട് അഭ്യർത്ഥിക്കുന്ന വീഡിയോ പുറത്തുവിട്ട് എഫ്സിആർഎ നിയമങ്ങളുടെ അടക്കം ലംഘനം പുനർജനിയിലുണ്ടെന്ന് കഴിഞ്ഞ ദിവസം സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ആരോപിച്ചിരുന്നു. വിഷയത്തിൽ ജില്ലകളിൽ രാഷ്ട്രീയ പ്രതിഷേധം ഉയർത്തനാണ് നീക്കം.
താൻ ഭയപ്പെട്ടുപോയെന്ന് പറഞ്ഞേക്കെന്ന് പറഞ്ഞ വി ഡി സതീശൻ ശരിക്കും ഭയപ്പെട്ടത് കൊണ്ടാണ് കേസ് എഴുതിത്തള്ളിച്ചതെന്ന് എറണാകുളം ജില്ലാ സെക്രട്ടറി എസ് സതീഷ് ആരോപിച്ചു.
ഇടത് സർക്കാരിന്‍റെ കാലത്ത് പുനർജനിയിൽ അഴിമതിയില്ലെന്ന് വിജിലൻസ് രണ്ടുവട്ടം റിപ്പോർട്ട് നൽകിയിട്ടും കേസ് രാഷ്ട്രീയമായി സതീശനെതിരെ തിരിക്കുകയായിരുന്നു എന്നാണ് കോൺഗ്രസ് നിലപാട്. മുഖ്യമന്ത്രിക്ക് എതിരെ തെളിവില്ലെങ്കിൽ താൻ തെളിവുണ്ടാക്കുകയാണോ വേണ്ടെതെന്നായിരുന്നു ആഭ്യന്ത്രമന്ത്രിയുടെ പ്രതികരണം. അതേമസയം രമേശ് ചെന്നിത്തല ക്ലീൻ ചിറ്റ് നൽകിയാൽ അഴിമതി ഇല്ലാതാകില്ലെന്നാണ് കേസിലെ പരാതിക്കാരൻ രാജേന്ദ്ര പ്രസാദ് പറയുന്നത്. സിബിഐ വന്നാൽ ക്രമക്കേട് പുറത്തുവരുമെന്നും അദ്ദേഹം പറഞ്ഞു.


