സി പി എം കൂത്താട്ടുകുളം ഏരിയ സെക്രട്ടറി പിബി രതീഷും രാമമംഗലം എസ്എച്ച്ഒയും തമ്മിലുള്ള ഫോൺ സംഭാഷണമാണ് പുറത്തുവന്നത്
കൊച്ചി: ഫോണിൽ വാക്ക്പോരുമായി സി പി എം ഏരിയ സെക്രട്ടറിയും സി ഐയും. എറണാകുളം ജില്ലയിലെ സിപിഎം കൂത്താട്ടുകുളം ഏരിയാ സെക്രട്ടറിയും രാമമംഗലം എസ്എച്ച്ഒയും തമ്മിലുളള ഫോണ്‍ സംഭാഷണമാണ് പുറത്തുവന്നത്. വിളവെടുക്കരുത് എന്ന് പറഞ്ഞുകൊണ്ട് ഏരിയ സെക്രട്ടറി സിഐയെ ഭീഷണിപ്പെടുത്തുന്നത് ശബ്ദ സംഭാഷണത്തിലുണ്ട്.
ഭീഷണി വേണ്ടെന്നും ഏരിയ സെക്രട്ടറിയാണെങ്കില്‍ അത് കയ്യില്‍ വെച്ചാല്‍ മതിയെന്നുമുളള മുഖമടച്ച മറുപടിയാണ് എസ്എച്ച്ഒ ആയ സിഐ നൽകിയത്. സംഭാഷണം പുറത്തുവന്നതോടെ ഇതുമായി ബന്ധപ്പെട്ട പശ്ചാത്തലത്തെ പറ്റി ആലുവ റൂറല്‍ എസ് പി അന്വേഷണം തുടങ്ങി. പി.ബി.രതീഷ് സിപിഎമ്മിന്‍റെ കൂത്താട്ടുകുളം ഏരിയ സെക്രട്ടറിയാണ്. രാമമംഗലം സിഐ സജികുമാറിനെയാണ് രതീഷ് അങ്ങോട്ടു വിളിച്ചത്. ഇരുവരും തമ്മിലുള്ള ഫോണ്‍ സംഭാഷണത്തിലാണ് രൂക്ഷമായ വാക്ക്പോരുണ്ടായത്.
ഇരുവരും തമ്മിലുള്ള സംഭാഷണം:
ഏരിയ സെക്രട്ടറി: നമസ്കാരം...പി.ബി.രതീഷാണ്.. എഴക്കരനാട്ടില്‍ വന്ന് എന്നെക്കുറിച്ച് അനാവശ്യം എന്തോ പറഞ്ഞെന്ന് കേട്ടു.
സിഐ സജികുമാര്‍: നിങ്ങളെ കുറിച്ച് ഞാന്‍ അനാവശ്യമൊന്നും പറഞ്ഞിട്ടില്ലല്ലോ. എനിക്കങ്ങനെ അനാവശ്യം പറയണ്ട കാര്യമില്ലല്ലോ. ഞാനും നിങ്ങളുമായി വേറെ ബന്ധമൊന്നും ഇല്ലല്ലോ.
ഏരിയ സെക്രട്ടറി: താന്‍ തന്‍റെ പണി ചെയ്താ പോരെ. നാട്ടില്‍ക്കൂടി നടന്ന് ആവശ്യമില്ലാത്ത വര്‍ത്തമാനം പറയുന്നതെന്തിനാ.
സിഐ: ഞാന്‍ എന്ത് ആവശ്യമില്ലാത്തതാ പറഞ്ഞത്. എന്താ നിങ്ങള്‍ അറിഞ്ഞത്.
ഏരിയ സെക്രട്ടറി:വിളവെടുക്കണ്ട കേട്ടോ .
സിഐ:നിങ്ങള്‍ വിളവെടുക്കണ്ട. നിങ്ങള് എന്തിനാ സ്ഥിരമായിട്ട് രാത്രി എന്നെ വിളിച്ച് ചീത്തവിളിക്കുന്നത്. മുമ്പും നിങ്ങളെ എന്നെ വിളിച്ച് മോശമായിട്ടാണല്ലോ പറഞ്ഞത്. ഞാന്‍ എഫ്ഐആര്‍ എടുക്കാം. എന്നെ വിളിച്ച് ഭീഷണിപ്പെടുത്താന്‍ നിങ്ങള്‍ക്ക് എന്ത് അധികാരമാണുളളത്. നിങ്ങള് ഏരിയാ സെക്രട്ടറിയാണെങ്കില്‍ അത് കൈയില്‍ വച്ചാല്‍ മതി
ഏതാണ്ട് ഒരാഴ്ച മുമ്പായിരുന്നു ഇരുവരും തമ്മിലുളള ഫോണ്‍ സംഭാഷണം. എഴക്കരനാട്ടില്‍ സ്വകാര്യ സ്ഥലത്ത് അനുമതിയില്ലാതെ കല്ലുവെട്ടുന്നതിനെതിരെ പൊലീസ് നടപടിയെടുത്തിരുന്നു. ഇതില്‍ പ്രകോപിതനായാണ് ഏരിയ സെക്രട്ടറി എസ്എച്ച്ഒയെ വിളിച്ച് രോഷത്തോടെ സംസാരിച്ചതെന്നാണ് പൊലീസ് ഭാഷ്യം. പക്ഷേ എസ്എച്ച്ഒയും ഒട്ടും വിട്ടുകൊടുത്തില്ലെന്ന് തുടര്‍ന്നുളള സംഭാഷണത്തില്‍ വ്യക്തമാണ്.
സംഭവത്തെ കുറിച്ച് റൂറല്‍ എസ് പി പ്രാഥമിക വിവരശേഖരണം നടത്തിയിട്ടുണ്ട്. ഓഡിയോ ചോര്‍ന്നതെങ്ങിനെയെന്നടക്കമുളള കാര്യങ്ങളില്‍ അന്വേഷണം തുടരുകയുമാണ്. തനിക്ക് പറയാന്‍ അവസരം നല്‍കാതെ എസ്എച്ച്ഒ തന്‍റെ അജന്‍ഡയ്ക്കനുസരിച്ച് റേഡിയോ പോലെ സംസാരിച്ച് റെക്കോര്‍ഡ് ചെയ്ത ശേഷം മാധ്യമങ്ങള്‍ക്ക് നല്‍കുകയായിരുന്നെന്നും മോശമായി താനൊന്നും സംസാരിച്ചിട്ടില്ലെന്നുമാണ് ഏരിയാ സെക്രട്ടറി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞത്. ഔദ്യോഗിക വിശദീകരണം നല്‍കാന്‍ തനിക്ക് പരിമിതികളുണ്ടെന്നും എല്ലാം എസ് പിയെ അറിയിച്ചിട്ടുണ്ടെന്നുമായിരുന്നു ഫോണിന്‍റെ മറുതലയ്ക്കലുളള എസ്എച്ച്ഒ സജികുമാറിന്‍റെ മറുപടി.



