സിപിഎം കോട്ടയം ജില്ലാ കമ്മിറ്റിയിൽ നിർണായക അഴിച്ചുപണി. പി ഷാനവാസിനെ ജില്ലാ സെക്രട്ടേറിയറ്റിലും ഡിവൈഎഫ്ഐ നേതാക്കളെ കമ്മിറ്റിയിൽ ക്ഷണിതാക്കളായും ഉൾപ്പെടുത്തി. സഹകരണ ബാങ്കുകളിൽ നിന്ന് വായ്പയെടുത്ത നേതാക്കൾ വേഗം തിരിച്ചടയ്ക്കണമെന്ന് കർശന നിർദേശവും നൽകി
കോട്ടയം: തെരഞ്ഞെടുപ്പ് തോൽവിയുടെ പശ്ചാത്തലത്തിൽ ചേർന്ന സി പി എം കോട്ടയം വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തിൽ പാർട്ടി സംഘടനാതലത്തിൽ നിർണായക മാറ്റങ്ങൾക്ക് തീരുമാനമായി. ജില്ലാ സെക്രട്ടേറിയറ്റിലേക്ക് പി ഷാനവാസിനെയും ജില്ലാ കമ്മിറ്റിയിലേക്ക് ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറി കെ ഡി സുഗതനെയും ഉൾപ്പെടുത്തി. കൂടാതെ ഡി വൈ എഫ് ഐ ജില്ലാ പ്രസിഡന്റ് അർച്ചന സദാശിവൻ, സെക്രട്ടറി ടി എസ് ശരത്ത്, ഏറ്റുമാനൂർ ഏരിയ സെക്രട്ടറി ബാബു ജോർജ്, വൈക്കം ഏരിയ സെക്രട്ടറി പി ശശിധരൻ, എ കെ എസ് സംസ്ഥാന സെക്രട്ടറി പി കെ വിജയകുമാർ എന്നിവരെ ജില്ലാ കമ്മിറ്റിയിലെ പ്രത്യേക ക്ഷണിതാക്കളായും തെരഞ്ഞെടുത്തു.
വായ്പകൾ തിരിച്ചടക്കാൻ കർശന നിർദ്ദേശം
വിശാല ജില്ലാ കമ്മിറ്റി യോഗത്തിന് ശേഷം സംസാരിച്ച ജില്ലാ സെക്രട്ടറി ടി ആർ രഘുനാഥൻ പാർട്ടിയുടെ വിവിധ പ്രമേയങ്ങളും കർശന നിർദേശങ്ങളും വിശദീകരിച്ചു. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ടുള്ള പ്രക്ഷോഭത്തിന് നേരെയുണ്ടായ പൊലീസ് നടപടിക്കെതിരെയും, പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരായ ഇ ഡി നടപടിക്കെതിരെയും, കോട്ടയം ജില്ലയിലെ ഇ എസ് എ (ESA) വിഷയം അടിയന്തരമായി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുമാണ് ജില്ലാ കമ്മിറ്റി പ്രമേയങ്ങൾ പാസാക്കിയത്. സഹകരണ ബാങ്കുകളിൽ നിന്ന് നേതാക്കൾ എടുത്ത വായ്പകൾ അടിയന്തരമായി തിരിച്ചടയ്ക്കണമെന്ന് യോഗം കർശന നിർദേശം നൽകി. രണ്ട് സെക്രട്ടറിയേറ്റ് അംഗങ്ങളും അഞ്ച് ജില്ലാ കമ്മിറ്റി അംഗങ്ങളും ഉൾപ്പെടെയുള്ളവർ ഇത്തരത്തിൽ വായ്പ തിരിച്ചടയ്ക്കാനുള്ളവരാണെന്നും പാർട്ടിയിലെ തെറ്റുതിരുത്തൽ നടപടികളുടെ ഭാഗമായി ഇത് കർശനമായി നടപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
