മന്ത്രി വി ശിവൻകുട്ടിയുടെ പരിപാടിക്കായി ഗതാഗതം നിയന്ത്രണത്തിന്‍റെ ഭാഗമായി അഷ്കറിന്‍റെ വാഹനം തടഞ്ഞതാണ് പ്രകോപനം. ഹെൽമറ്റ് വെക്കാത്തതും ചോദ്യം ചെയ്തതും നേതാവിന് പിടിച്ചില്ല. 

ആലപ്പുഴ: കായംകുളത്ത് നടുറോഡിൽ എസ്ഐയെ ഭീഷണിപ്പെടുത്തി സിപിഎം ലോക്കൽ കമ്മറ്റി അംഗം. ചേരാവള്ളി ലോക്കൽ കമ്മിറ്റി അംഗം അഷ്കർ അമ്പലശ്ശേരി എസ്ഐയെ ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങൾ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. രണ്ട് ദിവസം മുമ്പ് മന്ത്രി വി ശിവൻകുട്ടിയുടെ പരിപാടിക്കായി ഗതാഗതം നിയന്ത്രണത്തിന്‍റെ ഭാഗമായി അഷ്കറിന്‍റെ വാഹനം തടഞ്ഞതാണ് പ്രകോപനം. ഹെൽമറ്റ് വെക്കാത്തതും ചോദ്യം ചെയ്തതും നേതാവിന് പിടിച്ചില്ല. ഇതോടെ അഷ്കർ എസ്ഐയെ ഭീഷണിപ്പെടുത്തുകയായിരുന്നു. തല്ലിന്‍റെ വക്കിലെത്തിയ ഇരുവരെയും മറ്റൊരു പൊലീസുകാരൻ പിടിച്ചു മാറ്റുകയായിരുന്നു.

അതേസമയം, അശ്ലീല വീഡിയോ വിവാദത്തിൽ ആലപ്പുഴ സൗത്ത് ഏരിയാ സെൻ്റർ അംഗം എ പി സോണയെ പുറത്താക്കിയതിൽ മാത്രം നടപടി ഒതുക്കേണ്ടെന്നാണ് സിപിഎമ്മിൻ്റെ തീരുമാനം. സംഭവത്തില്‍ കൂടുതൽ നടപടിയിലേക്ക് നീങ്ങുകയാണ് ആലപ്പുഴയിലെ സി പി എം നേതൃത്വം. പരാതിക്കാരികളെ വീട്ടിൽ കയറി ഭീഷണിപ്പെടുത്തിയ ആലപ്പുഴ സൗത്ത് ഏരിയാ കമ്മിറ്റി അംഗം പി ഡി ജയനോട് വിശദീകരണം തേടാൻ സി പി എം തീരുമാനിച്ചു. വിശദീകരണം തൃപ്തികരമല്ലെങ്കിൽ നടപടിയെടുക്കും. പാർട്ടി അനുഭാവികളായ സ്ത്രീകളുടെ അശ്ശീല ദ്യശ്യങ്ങൾ ഫോണിൽ പകർത്തി സൂക്ഷിച്ച സംഭവത്തിൽ അന്വേഷണത്തിനൊടുവിലാണ് ആലപ്പുഴ സൗത്ത് ഏരിയാ അംഗം എ പി സോണയെ സിപിഎമ്മിൽ നിന്ന് പുറത്താക്കിയത്. ഇയാളെ ഇനി സിഐടിയുവിൽ നിന്നും പുറത്താക്കും. ജില്ലാ സെക്രട്ടറിയേറ്റ് യോഗ തീരുമാനത്തെ തുടർന്നുള്ള സ്വാഭാവിക നടപടിയാണിത്. 

Also Read: നഗ്നദൃശ്യ വിവാദം: നടപടി അവസാനിപ്പിക്കാതെ സിപിഎം, പരാതിക്കാരിയെ ഭീഷണിപ്പെടുത്തിയ അംഗത്തോട് വിശദീകരണം തേടി

ലഹരിക്കടത്ത്, വീഡിയോ വിവാദങ്ങളിൽ പാർട്ടി നാണക്കേടിലായിരിക്കേയാണ്, കായംകുളത്ത് വാഹനം തടഞ്ഞ എസ് ഐയെ പ്രാദേശിക നേതാവ് നടുറോഡിൽ ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങൾ പുറത്ത് വരുന്നത്. 

YouTube video player