കോൺഗ്രസും ബിജെപിയും അനുകൂലിച്ചു, അവിശ്വാസം പാസായി; പാലക്കാട് മുതലമട പഞ്ചായത്തിൽ സിപിഎമ്മിന് ഭരണ നഷ്ടം
സ്വതന്ത്ര അംഗങ്ങളായ കൽപനാദേവി, സാജുദ്ദീൻ എന്നിവർ കൊണ്ടുവന്ന അവിശ്വാസം പാസായി.

പാലക്കാട് : പാലക്കാട് ജില്ലയിലെ മുതലമട ഗ്രാമപഞ്ചായത്തിൽ സിപിഎമ്മിന് ഭരണ നഷ്ടം. ഭരണ സമിതിക്കെതിരെ സ്വതന്ത്ര അംഗങ്ങളായ കൽപനാദേവി, സാജുദ്ദീൻ എന്നിവർ കൊണ്ടുവന്ന അവിശ്വാസം പാസായി. കോൺഗ്രസ് പിന്തുണയോടെ അവതരിപ്പിച്ച അവിശ്വാസ പ്രമേയം എട്ടിനെതിരെ പതിനൊന്ന് അംഗങ്ങളുടെ പിന്തുണയോടെയാണ് പാസായത്. മൂന്ന് ബിജെപി അംഗങ്ങളും അനുകൂലമായി വോട്ട് ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കെ ബേബി സുധ, ഉപാധ്യക്ഷൻ ആർ അലൈരാജൻ എന്നിവർക്കെതിരെയാണ് അവിശ്വസ പ്രമേയം അവതരിപ്പിച്ചത്.
read more കൊച്ചിയിൽ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാണിക്കാൻ ശ്രമം, യൂത്ത് കോൺഗ്രസ് പ്രവർത്തകർ അറസ്റ്റിൽ
20 അംഗ പഞ്ചായത്തിൽ ആർക്കും വ്യക്തമായ ഭൂരിപക്ഷമുണ്ടായിരുന്നില്ല. എൽഡിഎഫിന് ഒമ്പത് അംഗങ്ങളായിരുന്നു ഉണ്ടായിരുന്നത്. അതിൽ ഒരാൾ സർക്കാർ ജോലി ലഭിച്ചതോടെ സ്ഥാനം രാജിവച്ചു. ഇതോടെ, അംഗ സംഖ്യ എട്ടായി കുറഞ്ഞു. കോൺഗ്രസിന് ആറ് അംഗങ്ങളും ബിജെപിക്ക് മൂന്ന് അംഗങ്ങളുമുണ്ട്. രണ്ടുപേർ സ്വതന്ത്രരാണ്. നേരത്തെ 2021 ഡിസംബർ 4 ന് കോൺഗ്രസ് കൊണ്ടുവന്ന അവിശ്വാസം എൽഡിഎഫ് , ബിജെപി അംഗങ്ങൾ വിട്ടു നിന്നതിനാൽ, ക്വാറം തികയാത്തതുകൊണ്ട് ചർച്ചയ്ക്ക് എടുത്തിരുന്നില്ല.
read more ജനിക്കാത്ത കുട്ടിയുടെ പേരിൽ ജനന സർട്ടിഫിക്കറ്റ്! മെഡിക്കൽ കോളേജ് ജീവനക്കാരനെതിരെ കേസ്
അവിശ്വാസത്തെ പിന്തുണച്ച മെമ്പർമാരെ പുറത്താക്കി ബിജെപി
അവിശ്വാസത്തെ പിന്തുണച്ചതോടെ, മൂന്ന് മെമ്പർമാരേയും ബിജെപി പാർട്ടി അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്തു. പാർട്ടിയുടെ ചുമതലകളിൽ നിന്നും നീക്കി. കൊല്ലംങ്കോട് മണ്ഡലം കമ്മിറ്റിയും പിരിച്ചുവിട്ടു.