2026-ലെ കേരള നിയമസഭ തെരഞ്ഞെടുപ്പ് വാശിയേറിയ പ്രചാരണങ്ങൾക്കും വിവാദങ്ങൾക്കും സാക്ഷ്യം വഹിച്ചു. സർക്കാരിന്റെ വികസന നേട്ടങ്ങൾ, ഡീൽ ആരോപണങ്ങൾ, ശബരിമല സ്വർണ്ണക്കൊള്ള, വർഗീയ പ്രസ്താവനകൾ, പിണറായി-രേവന്ത് റെഡ്ഡി പോർവിളി എന്നിവ പ്രചാരണരംഗത്ത് പ്രധാന ചർച്ചാവിഷയങ്ങളായി. സമൂഹ മാധ്യമങ്ങളും ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ നിർണായക പങ്ക് വഹിച്ചു.

തിരുവനന്തപുരം: 2026 കേരള നിയമസഭ തെരഞ്ഞെടുപ്പ് മൂന്ന് മുന്നണികളും തമ്മില്‍ വാശിയേറിയ പ്രചാരണ യുദ്ധം നടന്ന ഇലക്ഷനായിരുന്നു. സര്‍ക്കാരിന്‍റെ ഭരണ നേട്ടങ്ങള്‍ മുതല്‍ വോട്ടര്‍മാരെ ചാക്കിട്ട് പിടിക്കാനുള്ള വര്‍ഗീയ തന്ത്രങ്ങള്‍ വരെ ഇക്കുറി പ്രചാരണ രംഗത്ത് വ്യാപകമായി കണ്ടു. ഇതിനിടെ ഡീല്‍ ആരോപണവും ശബരിമല സ്വര്‍ണ്ണക്കൊള്ളയും വയനാട് ഫണ്ട് തട്ടിപ്പ് ആരോപണവും പിണറായി വിജയന്‍-രേവന്ത് റെഡ്ഡി പോര്‍വിളിയും വലിയ വാര്‍ത്താ പ്രാധാന്യം നേടി. പ്രചാരണങ്ങള്‍ ചൂടുപിടിപ്പിക്കാന്‍ സമൂഹ മാധ്യമങ്ങളെ മുന്നണികള്‍ കൂടുതലായി ആശ്രയിച്ച തെരഞ്ഞെടുപ്പ് കൂടിയാണിത്. ഇക്കുറി നിയമസഭ തെരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചയായ വിഷയങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

Add Asianetnews as a Preferred SourcegooglePreferred

1. സര്‍ക്കാരിന്‍റെ വികസന പ്രവര്‍ത്തനങ്ങളും ക്ഷേമ പദ്ധതികളും

രണ്ടാം പിണറായി സര്‍ക്കാരിന്‍റെ അടിസ്ഥാന സൗകര്യ വികസന പ്രവര്‍ത്തനങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഇടതുപക്ഷ മുന്നണി നിയമസഭ തെരഞ്ഞെടുപ്പിനെ പ്രധാനമായും അഭിമുഖീകരിച്ചത്. റോഡ്, പാലങ്ങള്‍, സ്‌കൂളുകള്‍, ആശുപത്രികള്‍ എന്നിങ്ങനെയുള്ള വികസനങ്ങള്‍ വലിയ നേട്ടമായി സര്‍ക്കാര്‍ ജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിച്ചു. ഇതിനൊപ്പം ക്ഷേമ പെന്‍ഷന്‍ പോലുള്ള ജനകീയ പദ്ധതികളും എല്‍ഡിഎഫ് പ്രചാരണ രംഗത്ത് മുന്നോട്ടുവയ്ക്കുന്നു. വികസനത്തുടര്‍ച്ച ഉണ്ടാവണമെങ്കില്‍ വീണ്ടും എല്‍ഡിഎഫിനെ അധികാരത്തിലെത്തിക്കണം എന്ന് ഇടതുപക്ഷം അവകാശപ്പെടുന്നു. എന്നാല്‍, ഇടത് സര്‍ക്കാരിന്‍റെ പ്രോഗസ്സ് റിപ്പോര്‍ട്ട് പോലും കള്ളമാണ് എന്നാണ് യുഡിഎഫിന്‍റെ മറുപടി.

2. വര്‍ഗീയ പ്രസ്‌താവനകളും ധ്രുവീകരണവും

മുന്നണികള്‍ വര്‍ഗീയ പ്രസ്‌താവനകളും ധ്രുവീകരണ ശ്രമങ്ങളും വ്യാപകമായി നടത്തിയ നിയമസഭ തെരഞ്ഞെടുപ്പാണിത്. കാട്ടാക്കടയിലെ എന്‍ഡിഎ സ്ഥാനാർഥി പി.കെ. കൃഷ്‌ണദാസിന്‍റെ ‘ലൗ ജിഹാദ്’ പരാമർശം വലിയ വിമര്‍ശനം നേരിട്ടിരുന്നു. പാലക്കാട് തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ കേന്ദ്ര മന്ത്രി ശിവരാജ്‌ സിംഗ് ചൗഹാന്‍റെ വിദ്വേഷ പരാമർശവും വിമര്‍ശിക്കപ്പെട്ടു. ‘കോണ്‍ഗ്രസ് ജയിച്ചാല്‍ പാകിസ്ഥാനില്‍ പടക്കം പൊട്ടും’- എന്നായിരുന്നു ശിവരാജ്‌ സിംഗിന്‍റെ പരാമര്‍ശം. യുഡിഎഫ് അധികാരത്തിൽ വന്നാൽ കേരളത്തിന്‍റെ അഭ്യന്തരം ജമാ-അത്തെ ഇസ്ലാമി എറ്റെടുക്കുമെന്ന മുതിര്‍ന്ന സിപിഎം നേതാവ് എ.കെ. ബാലന്‍റെ പ്രസ്‌താവനയും വലിയ വിവാദമായി. തെരഞ്ഞെടുപ്പ് ലാഭത്തിനായി ഇരുമുന്നണികളും വർഗീയ വികാരങ്ങൾ ഉപയോഗിക്കുന്നുവെന്ന് എൽഡിഎഫും യുഡിഎഫും പരസ്‌പരം കുറ്റപ്പെടുത്തുന്നതാണ് ഇക്കഴിഞ്ഞ ദിവസങ്ങളില്‍ കേരളം കണ്ടത്.

3. ബിജെപി-സിപിഎം ഡീല്‍ ആരോപണം

കേരളത്തിലെ പത്തോളം മണ്ഡലങ്ങളില്‍ ബിജെപി-സിപിഎം ഡീല്‍ ഉണ്ടെന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍റെ ആരോപണം വലിയ ചര്‍ച്ചയായിരുന്നു. ബിജെപിയെയും സിപിഎമ്മിനെയും 'സിജെപി' എന്നാണ് കോണ്‍ഗ്രസ് ദേശീയ നേതാവ് രാഹുല്‍ ഗാന്ധി അഭിസംബോധന ചെയ്‌തത്. പിണറായി വിജയൻ ബിജെപിയുടെ ബി-ടീം ആണെന്ന് രാഹുല്‍ ഗാന്ധി പരിഹസിക്കുകയും ചെയ്‌തു. 2021-ല്‍ എല്‍ഡിഎഫ് തുടര്‍ ഭരണം നേടാനുള്ള കാരണം ഡീല്‍ ആണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും ആഞ്ഞടിച്ചിരുന്നു. ബിജെപി ഇക്കുറി പല പ്രധാന സീറ്റുകളും പുത്തന്‍ സഖ്യകക്ഷിയായ ട്വന്‍റി 20ക്ക് വിട്ടുനല്‍കിയത് ഡീല്‍ ആരോപണത്തിന് തെളിവാണെന്ന് കോണ്‍ഗ്രസ് വാദിക്കുന്നു. പാലക്കാട് ദുര്‍ബലനായ എന്‍ എം ആര്‍ റസാഖിനെ എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥിയാക്കിയത് എന്‍ഡിഎയുടെ ശോഭ സുരേന്ദ്രനെ ജയിപ്പിക്കാനാണ് എന്നായിരുന്നു പ്രതിപക്ഷ നേതാവ് വി ഡ‍ി സതീശന്‍റെ വാദം. എന്നാല്‍, തെരഞ്ഞെടുപ്പിലെ ബിജെപിയും കോണ്‍ഗ്രസും തമ്മിലുള്ള ബന്ധം മറച്ചുവെക്കാനാണ് ഡീല്‍ ആരോപണം ഇടതുമുന്നണിക്കെതിരെ കോണ്‍ഗ്രസ് ഉന്നയിക്കുന്നത് എന്നാണ് എല്‍ഡിഎഫ് നേതാക്കളുടെ പ്രതികരണം. എൽഡിഎഫും യുഡിഎഫും 'ഒരേ നാണയത്തിന്‍റെ രണ്ട് വശങ്ങളാണ്' എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആരോപിക്കുന്നതും നിയമസഭ തെരഞ്ഞെടുപ്പിനിടെ കണ്ടു.

4. എസ്‌ഡിപിഐ-സിപിഎം ബാന്ധവം?

ഇത്തവണ നിയമസഭ തെരഞ്ഞെടുപ്പില്‍ എസ്‌ഡിപിഐ-സിപിഎം കൈകോര്‍ക്കലുണ്ടെന്ന എന്ന ആരോപണവും സജീവമാണ്. തെരഞ്ഞെടുപ്പില്‍ എസ്‌ഡിപിഐ ഇടതുമുന്നണിയെ പിന്തുണയ്‌ക്കുമെന്ന റിപ്പോര്‍ട്ടുകളില്‍ നാളിതുവരെ വ്യക്തത മുഖ്യമന്ത്രിയോ മറ്റ് പ്രധാന സിപിഎം നേതാക്കളോ നല്‍കിയിട്ടില്ല. എസ്‌ഡിപിഐ ബന്ധത്തില്‍ ഉരുണ്ടുകളിക്കുന്ന മറുപടിയാണ് പിണറായി വിജയന്‍റെ ഭാഗത്ത് നിന്നുണ്ടായത്. വാര്‍ത്താസമ്മേളനത്തില്‍ സിഎം ക്ഷുഭിതനാവുന്നത് കേരളം തത്സമയം കണ്ടു. എസ്‌ഡിപിഐയോട് പിന്തുണ അഭ്യര്‍ഥിച്ചിട്ടില്ല എന്ന് സിപിഎം ജനറല്‍ സെക്രട്ടറി എം എ ബേബി പറഞ്ഞെങ്കിലും എസ്‌ഡിപിഐ-സിപിഎം ബാന്ധവത്തിലെ അവ്യക്തത തുടരുകയാണ്. മഹാരാജാസ് കോളേജ് വിദ്യാര്‍ഥിയായിരുന്ന അഭിമന്യുവിനെ കൊലപ്പെടുത്തിയവരുമായുള്ള രാഷ്ട്രീയ ചങ്ങാത്തം എന്തിനെന്ന ചോദ്യവും സജീവം. ഫസല്‍ വധക്കേസ് പ്രതിയായ കാരായി രാജന്‍ തലശ്ശേരിയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായിരിക്കുന്നതും എസ്‌ഡിപിഐ-സിപിഎം കൂട്ടുകെട്ട് എന്ന ആരോപണങ്ങള്‍ക്കിടെ വലിയ ചര്‍ച്ചയായി ഉയര്‍ന്നുവന്നു.

5. ശബരിമല സ്വര്‍ണ്ണക്കൊള്ള

തദ്ദേശ തെരഞ്ഞെടുപ്പിന് പിന്നാലെ നിയമസഭ തെരഞ്ഞെടുപ്പിലും ശബരിമല സ്വര്‍ണ്ണക്കൊള്ള വലിയ ചര്‍ച്ചയായി. ശബരിമല സ്വര്‍ണക്കൊള്ള മുന്‍നിര്‍ത്തി എല്‍ഡിഎഫിന് എതിരെ വ്യാപകമായ പ്രചാരണം അഴിച്ചുവിട്ടു യുഡിഎഫ്. സ്വര്‍ണ്ണക്കൊള്ള എന്‍ഡിഎയും പ്രചാരണ ആയുധമാക്കി. എന്നാല്‍, തദ്ദേശത്തില്‍ കിട്ടിയ തിരിച്ചടി നിയമസഭ തെരഞ്ഞെടുപ്പിലുണ്ടാവില്ല എന്ന പ്രതീക്ഷയിലാണ് എല്‍ഡിഎഫ് ക്യാംപ്.

6. വയനാട് ഫണ്ട് എവിടെ?

മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരിത ബാധിതര്‍ക്ക് ഭവനങ്ങള്‍ നിര്‍മ്മിച്ചു നല്‍കുന്നതിനായി കോണ്‍ഗ്രസും യൂത്ത് കോണ്‍ഗ്രസും പിരിച്ച തുകകള്‍ അപ്രത്യക്ഷമായി എന്ന സിപിഎം ആരോപണവും വലിയ ചര്‍ച്ചാ വിഷയമായി. വയനാട് ഫണ്ട് എവിടെ എന്ന ചോദ്യവുമായി സിപിഎമ്മിന്‍റെ പ്രചാരണ ഗാനം വലിയ തരംഗമായി. ഇതിന് മറുപടിയായി, ഫണ്ട് പിരിവിനെയും വിനിയോഗത്തിനെയും കുറിച്ചുള്ള കണക്കുകളുമായി കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫ് മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിയെങ്കിലും അവ്യക്തതകള്‍ തുടര്‍ന്നു. യുഡിഎഫ് ശബരിമല സ്വര്‍ണക്കൊള്ള ഉയര്‍ത്തി വലിയ പ്രചാരണം നടത്തിയപ്പോഴാണ് എല്‍ഡിഎഫ് വയനാട് ഫണ്ട് എവിടെ എന്ന ചോദ്യവുമായി രംഗം കൊഴുപ്പിച്ചത്. സര്‍ക്കാരിന്‍റെ വയനാട് ടൗണ്‍ഷിപ്പ് പദ്ധതി പൂര്‍ത്തീകരിക്കും മുമ്പേയാണ് ഉദ്ഘാടനം ചെയ്യപ്പെട്ടത് എന്ന ആരോപണവും ഇതിനിടെ ഉയര്‍ന്നു.

7. യുവാക്കളുടെ കുടിയേറ്റം

കേരളത്തിലെ ഉന്നതവിദ്യാഭ്യാസ നിലവാരവും തൊഴില്‍ സാധ്യതയും വലിയ ചര്‍ച്ചയായ തെര‍ഞ്ഞെടുപ്പ് കൂടിയാണിത്. വേണ്ടത്ര തൊഴില്‍ സൃഷ്‌ടിക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാരിനാവാത്തതിനാല്‍ യുവതീയുവാക്കാള്‍ നാട് വിട്ടുപോകുന്നുവെന്നാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ ആരോപണം. അതിനാല്‍തന്നെ, യുവാക്കള്‍ക്ക് കൂടുതല്‍ തൊഴിലവസരം വാഗ്‌ദാനം ചെയ്യുന്ന രീതിയിലാണ് പ്രകടന പത്രികകള്‍ ഇക്കുറി മുന്നണികള്‍ തയ്യാറാക്കിയിരിക്കുന്നത്.

8. 'വീട്ടില്‍ പോയി ചോദിക്ക്'

കോന്നിയിലെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനിടെ മുഖ്യമന്ത്രി പിണറായി വിജയനോട് ചോദ്യം ചോദിച്ച പാര്‍ട്ടി പ്രവര്‍ത്തകനോട് പിണറായി 'വീട്ടില്‍ പോയി ചോദിക്ക്' എന്ന് മറുപടി പറഞ്ഞത് വലിയ വിവാദമായി. പിആര്‍ സംഘങ്ങള്‍ കൃത്രിമമായി പിണറായിക്ക് സൃഷ്‌ടിച്ച് നല്‍കിയ ഇമേജ് തകര്‍ന്നെന്നും അദേഹത്തിന്‍റെ യഥാര്‍ഥ മുഖം പുറത്തുവന്നു എന്നുമായിരുന്നു പ്രതിപക്ഷത്തിന്‍റെ പ്രതികരണം.

9. മനുഷ്യ നിര്‍മ്മിത പ്രളയ ആരോപണം വീണ്ടും

നിയമസഭ തെരഞ്ഞെടുപ്പിന്‍റെ പരസ്യ പ്രചാരണം അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കേ കോണ്‍ഗ്രസ് നേതാവ് മാത്യു കുഴല്‍നാടന്‍, 2018-ലെ പ്രളയം മനുഷ്യ നിര്‍മ്മിതമാണെന്ന ആരോപണം വീണ്ടും ഉയര്‍ത്തിക്കൊണ്ടുവന്നതും ചര്‍ച്ചയായി. ആരോപണങ്ങള്‍ക്ക് തെളിവായി വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടിയുടേതെന്ന് അവകാശപ്പെട്ടൊരു ഫോൺ സംഭാഷണവും കുഴൽനാടൻ പുറത്തുവിട്ടു. സ്വകാര്യ കമ്പനികൾക്ക് ലാഭമുണ്ടാക്കാനായി ഡാമുകൾ തുറക്കാൻ വൈകിയതാണ് വെള്ളപ്പൊക്കത്തിന് കാരണമായതെന്നാണ് കുഴല്‍നാടന്‍റെ ആരോപണം. കൂടുതല്‍ തെളിവുകള്‍ നല്‍കാമെന്നും മാത്യു കുഴല്‍നാടന്‍ പറയുന്നു. എന്നാല്‍ ഈ ആരോപണം നനഞ്ഞ പടക്കമാണെന്നും, പ്രളയം മനുഷ്യ നിര്‍മ്മിതമാണെന്ന വാദം വിദഗ്‌ധ സമിതികള്‍ അന്വേഷിച്ച് മുമ്പേ തള്ളിയതാണ് എന്നുമാണ് മുഖ്യമന്ത്രിയുടെ മറുപടി. മനുഷ്യ നിര്‍മ്മിത പ്രളയം എന്ന ആരോപണം 2021 നിയമസഭ തെരഞ്ഞെടുപ്പിലും സജീവ ചര്‍ച്ചയായിരുന്നു.

10. 'പോ മോനേ വിജയാ' vs 'ഡാഷ് മോനേ രേവന്തേ'

തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ അവസാന ദിനങ്ങള്‍ കേരള മുഖ്യമന്ത്രി പിണറായി വിജയനും തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയും തമ്മിലുള്ള നേര്‍ക്കുനേര്‍ പോര്‍വിളിയായി മാറി. പിണറായിയെ നേമത്തെ റോഡ് ഷോയില്‍ വച്ച് 'പോ മോനേ വിജയാ' എന്ന ഡയലോഗുമായി രേവന്ത് റെഡ്ഡി അഭിസംബോധന ചെയ്‌തതിലായിരുന്നു ഇതിന്‍റെ തുടക്കം. ഇതിന് പിന്നാലെ, ഔദ്യോഗിക കത്തില്‍ ഇതേ വാക്കുകള്‍ റെഡ്ഡി ആവര്‍ത്തിക്കുകയും ചെയ്‌തു. ഇതിന് അതേ നാണയത്തില്‍ തിരിച്ചടിച്ചു പിണറായി വിജയന്‍. 'ഡാഷ് മോനെ രേവന്തേ' എന്നായിരുന്നു വാര്‍ത്താസമ്മേളനത്തില്‍ പിണറായിയുടെ പ്രതികരണം. പിന്നാലെ, രേവന്ത് റെഡ്ഡിക്ക് പിണറായി കത്തയക്കുകയും ചെയ്‌തിരുന്നു. വ്യക്തിപരമായി അധിക്ഷേപിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് പിണറായി ഈ കത്തില്‍ വ്യക്തമാക്കിയിരുന്നു. പിണറായി വിജയൻ ഉപയോഗിച്ചത് നിലവാരമില്ലാത്ത ഭാഷയാണെന്ന മറുപടിയുമായി രേവന്ത് റെഡ്ഡി രംഗത്തെത്തുകയും ചെയ്‌തു.

Asianet News Live | Malayalam Live News | Kerala News Updates | Breaking News | HD News Streaming