നിക്ഷേപ തട്ടിപ്പിൽ ബാങ്ക് പ്രസിഡൻറ് ഭാസുരംഗനെതിരെ 66 കേസുകള്‍ രജിസ്റ്റർ ചെയ്തിട്ടും ഒരു നടപടിയും സ്വീകരിക്കാത്തത് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു.
തിരുവനന്തപുരം : കണ്ടല ബാങ്കിലെ ക്രമക്കേട് അന്വേഷണത്തിൽ മെല്ലെപ്പോക്കിൽ കാട്ടാക്കട ഡിവൈഎസ്പിയ്ക്കെതിരെ നടപടിക്ക് നീക്കം. കാട്ടാക്കട ഡിവൈഎസ്പി ഷിബുവിനോട് റൂറൽ എസ്പി വിശദീകരണം ചോദിച്ചു. നിക്ഷേപ തട്ടിപ്പിൽ ബാങ്ക് പ്രസിഡൻറ് ഭാസുരംഗനെതിരെ 66 കേസുകള്‍ രജിസ്റ്റർ ചെയ്തിട്ടും ഒരു നടപടിയും സ്വീകരിക്കാത്തത് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു.
വൻ ക്രമക്കേടാണ് കണ്ടലയിൽ നടന്നത്. ഒന്നരവർഷമായി നിക്ഷേപിച്ച പണം തിരികെ കിട്ടാൻ രോഗികളുള്‍പ്പെടെ നിക്ഷേപകർ ബാങ്കിൽ കയറിയിറങ്ങുകയാണ്. ക്രമക്കേട് പുറത്തുവന്നതിനെ തുടർന്ന് നിക്ഷേപകർ പൊലീസിനെ സമീപിച്ചു. മാറന്നല്ലൂർ പൊലീസ് ഭരണ സമിതി അംഗങ്ങള്‍ക്കെതിരെ 66 കേസെടുത്തെങ്കിലും ഇതുവരെ മറ്റൊരു നടപടിയുമുണ്ടായിട്ടില്ല.
പൊലീസ് നടപടി വൈകിപ്പിക്കുമ്പോള്‍ മുഖ്യപ്രതി ഭാസുരാംഗൻ മുൻകൂർ ജാമ്യമെടുക്കുന്നു. പൊലീസിന്റെ കളളക്കളി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തിന് പിന്നാലെയാണ് റൂറൽ എസ്പി ഡി.ശിൽപ്പ കാട്ടാക്കട ഡിവൈഎസ്പി ഷിബുവിനോട് വിശദീകരണം തേടിയത്. അഞ്ച് ലക്ഷത്തിന് മുകളിലുള്ള ക്രമക്കേടുകള്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം അന്വേഷിക്കണമെന്നാണ് ഡിജിപിയുടെ സർക്കുലർ. ഇതും നടപ്പിലായില്ല. കണ്ടല ക്രമക്കേട് പരിശോധിക്കാൻ ജില്ലാ ക്രൈം ബ്രാഞ്ചിലെ ഉദ്യോഗസ്ഥരെ പ്രത്യേകമായി റൂറൽ എസ്പി നിയമിച്ചു. കാട്ടാക്കട ഡിവൈഎസ്പി ഓഫീസിൽ തന്നെ പ്രത്യേക ഓഫീസായി ഓരോ ഫയലും പ്രത്യേക സംഘം പരിശോധിക്കും. ഭാസുകാരംഗനുള്‍പ്പെടെ ഭരണസമിതി അംഗങ്ങള നഷ്ടമായ പണം തിരിച്ചു പിടിക്കാൻ സഹകരണ വകുപ്പിൻെറ അന്വേഷണ റിപ്പോർട്ടിൽ ശുപാർശ ചെയ്തിട്ടുണ്ട്. അതിൻറെ തുടർനടപടികളും വൈകുകയാണ്.
കണ്ടല സഹകരണ ബാങ്ക് ക്രമക്കേട്; സിപിഐ നേതാവ് ഭാസുരാംഗനെ ചോദ്യം ചെയ്യാതെ പൊലീസ്


