വാരാന്തപ്പതിപ്പ് എഡിറ്ററായിരുന്ന കെആർ അജയനോട് ഒന്നുകിൽ രാജിവെക്കാനോ അല്ലെങ്കിൽ അവധിയെടുക്കാനോ നിർദ്ദേശം നൽകി. ചീഫ് എഡിറ്റർ പുത്തലത്ത് ദിനേശനാണ് വാക്കാൽ നിർദ്ദേശം നൽകിയത്. വിവാദത്തിന് പിന്നാലെ അജയനെ വാരാന്തപ്പതിപ്പ് എഡിറ്റർ സ്ഥാനത്ത് നിന്ന് മാറ്റിയിരുന്നു.

തിരുവനന്തപുരം: കള്ളൻ വിജയൻ ലേഖന വിവാദത്തില്‍ കടുത്ത നടപടിക്കൊരുങ്ങി ദേശാഭിമാനി ദിനപത്രം. വാരാന്തപ്പതിപ്പ് എഡിറ്ററായിരുന്ന കെആർ അജയനോട് ഒന്നുകിൽ രാജിവെക്കാനോ അല്ലെങ്കിൽ അവധിയെടുക്കാനോ നിർദ്ദേശം നൽകി. ചീഫ് എഡിറ്റർ പുത്തലത്ത് ദിനേശനാണ് വാക്കാൽ നിർദ്ദേശം നൽകിയത്. വിവാദത്തിന് പിന്നാലെ അജയനെ വാരാന്തപ്പതിപ്പ് എഡിറ്റർ സ്ഥാനത്ത് നിന്ന് മാറ്റിയിരുന്നു. അതേസമയം വിവാദം ഒന്നും പുറത്ത് സമ്മതിക്കാൻ ദേശാഭിമാനി നേതൃത്വമോ സിപിഎം നേതാക്കളോ ഇതുവരെ തയ്യാറായിട്ടില്ല.

പുല്ലംപാറയിലെ നാടക പ്രവർത്തകൻ കള്ളൻ വിജയനെ കുറിച്ചുള്ള ലേഖനത്തിൻ്റെ തലക്കെട്ടിനെ കുറിച്ച് വലിയ തർക്കം ദേശാഭിമാനി എഡിറ്റോറിയൽ ബോർഡിലുണ്ടായിരുന്നു. ഇതേ തുടർന്ന് വിഎസിൻ്റെ അനുസ്മരണം അടങ്ങിയ വാരാന്തപ്പതിപ്പിൻ്റെ പ്രസിദ്ധീകരണം മുടങ്ങിയിരുന്നു. ലേഖനത്തിൻ്റെ തലക്കെട്ട് മാറ്റണമെന്ന ആവശ്യം അംഗീകരിക്കാത്തതിൻ്റെ പേരിലും വിവാദം മാധ്യമങ്ങളിൽ ചർച്ചയായതിന്‍റെ പേരിലുമാണ് അജയനെ ചുമതലയില്‍ നിന്ന് മാറ്റിയത്. അജയന് ചീഫ് ന്യൂസ് എഡിറ്റർ ടി ചന്ദ്രമോഹനാണ് പകരം ചുമതല നൽകിയത്. പുല്ലമ്പാറയിലെ കള്ളൻ വിജയൻ എന്ന നാടകപ്രവ‍ർത്തകനെ കുറിച്ചുള്ള ലേഖനത്തിന്‍റെ ഉചിതമായ തലക്കെട്ടാണ് കള്ളൻ വിജയൻ എന്നായിരുന്നു അജയൻ്റെ നിലപാട്. 

എഡിറ്റോറിയിൽ വിഭാഗത്തിലുണ്ടായ തർക്കത്തിലും റസിഡൻ്റ് എഡിറ്ററുടെ കാരണം കാണിക്കൽ നോട്ടീസിനും ഇതായിരുന്നു അജയൻ്റെ മറുപടി. പക്ഷെ വിവാദത്തിൽ പാർട്ടിയും പത്രവും വെട്ടിലായതോടെയാണ് അച്ചടക്കനടപടി, പത്രത്തിൻ്റെ കമ്പ്യൂട്ടർ വിഭാഗം ചുമതലയുള്ള വിഭാഗം മേധാവി അജയൻ ഉപയോഗിച്ച കമ്പ്യൂട്ടർ അടക്കം പരിശോധിച്ചെന്നാണ് വിവരം. ആവിഷ്ക്കാര സ്വാതന്ത്രത്തെ കുറിച്ച് എന്നും സംസാരിക്കുന്ന പാർട്ടി നേതാക്കൾ ഉൾപ്പെട്ട പത്രാധിപസമിതിയാണ് തലക്കെട്ടിൻ്റെ പേരിൽ നടപടി എടുത്തത്.

YouTube video player