കഴിഞ്ഞ ദിവസം കോട്ടയത്ത് ചേർന്ന ബിജെപി സംസ്ഥാന നേതൃ യോഗമാണ് സന്ദീപിനെതിരെ നടപടി എടുത്തത്.BJ

പാലക്കാട്: അഴിമതി ആരോപണത്തെ തുടര്‍ന്ന് ബിജെപി വക്താവ് സ്ഥാനത്ത് നിന്നും പുറത്താക്കപ്പെട്ട സന്ദീപ് ജി വാര്യര്‍ക്ക് പിന്തുണയുമായി സംവിധായകനും സംഘപരിവാര്‍ അനുഭാവിയുമായ രാമസിംഹന്‍ അബൂക്കര്‍. സന്ദീപ് ജി വാര്യര്‍ക്കെതിരെ കേരള ബിജെപി നടപടിയെടുത്തതിന് പിന്നാലെ പിന്തുണയുമായി രാമസിംഹന്‍ ഫേസ്ബുക്കില്‍ കുറിപ്പിട്ടു. 'സന്ദീപ് വാര്യര്‍, ഞാന്‍ കൂടെയുണ്ടാകും' എന്ന ഒറ്റവരി കുറിപ്പിലൂടെയാണ് രാമസിംഹന്‍ തന്‍റെ പിന്തുണയറിയിച്ചത്.

പിന്നീട് മറ്റൊരു പോസ്റ്റില്‍ 'നിങ്ങൾ പുറത്താക്കൂ ഞങ്ങൾ അകത്തു തന്നെയുണ്ട്. നിങ്ങൾ താമസിയാതെ പുറത്ത് പോകേണ്ടി വരിക തന്നെ ചെയ്യും, കാലം സാക്ഷി'- എന്നും രാമസിംഹന്‍ പറയുന്നു. കഴിഞ്ഞ ദിവസം കോട്ടയത്ത് ചേർന്ന ബിജെപി സംസ്ഥാന നേതൃ യോഗമാണ് സന്ദീപിനെതിരെ നടപടി എടുത്തത്. പാർട്ടിയുടെ പേരിൽ പണപ്പിരിവ് നടത്തിയെന്ന ആരോപണങ്ങളെ തുടർ‍ന്നാണ് നടപടി എന്ന് റിപ്പോർട്ടുകളുണ്ടെങ്കിലും ഇക്കാര്യം സംസ്ഥാന നേതൃത്വം സ്ഥിരീകരിച്ചിട്ടില്ല. സന്ദീപ് വാര്യരെ നീക്കിയത് പാർട്ടിയുടെ സംഘടനാ കാര്യമാണെന്നായിരുന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻറെ പ്രതികരണം. 

ഇതിനിടെ സന്ദീപ് വാര്യർക്കെതിരെ നാല് ജില്ലാ പ്രസിഡന്റുമാർ പരാതി നൽകിയെന്ന റിപ്പോർട്ടുകളും പുറത്തു വന്നിരുന്നു. സംസ്ഥാന നേതൃത്വവുമായി നിലനിൽക്കുന്ന ദീർഘനാളായുള്ള അഭിപ്രായ ഭിന്നതകൾക്ക് ഒടുവിലാണ് യുവനേതാവ് സന്ദീപ് വാര്യർ ബിജെപി സംസ്ഥാന വക്താവ് സ്ഥാനത്തുനിന്ന് പുറത്താകുന്നത്. ഹലാൽ വിവാദത്തിൽ പാർട്ടി നേതൃത്വത്തിനെതിരായ നിലപാട് സ്വീകരിച്ചതും പാർട്ടി അനുമതി ഇല്ലാതെ ഫണ്ട് സ്വീകരിച്ചതുമാണ് സന്ദീപിനെതിരായ നടപടിക്ക് കാരണമെന്നാണ് സൂചന. 

അതേസമയം നടപടിയോട് പ്രതികരിക്കാന്‍ തയ്യാറായില്ലെങ്കിലും സന്ദീപ് ജി വാര്യര്‍ ഫേസ്ബുക്കിലൂടെ ബിജെപി നേതൃത്വത്തിനെതിരെ രംഗത്ത് വന്നു. ട്ടാമ്പി കൊപ്പത്ത് മൊബൈൽ ടവർ അനുവദിക്കാൻ ഇടപെട്ടത് ചൂണ്ടിക്കാട്ടിയാണ് ബിജെപി നേതൃത്വത്തെ കുത്തി മുന്‍ വക്താവ് സന്ദീപ് വാര്യർ ഫേസ്ബുക്ക് കുറിപ്പിട്ടത്. വേണേൽ അടുത്ത വാർത്തക്ക് സ്കോപ്പുണ്ടെന്നും സന്ദീപ് വാര്യർക്ക് മുകേഷ് അംബാനിയുമായി ബന്ധമുണ്ട്, 80 ലക്ഷത്തിന്റെ അനധികൃത ടവർ കൊണ്ട് വന്നു എന്നും വാര്‍ത്തയാക്കാമെന്ന് പറഞ്ഞാണ് പോസ്റ്റ്.

Read More : ഇനി നേതാവല്ല, വെറും പ്രവർത്തകൻ; പാർട്ടി നടപടി സന്ദീപ് വാര്യർക്ക് കനത്ത തിരിച്ചടി