സുരേഷ് ഗോപി സാംസ്കാരിക കേരളത്തിന് അപമാനം, സുരേഷ് ഗോപിയുടെ തനിനിറം തിരിച്ചറിയുക തുടങ്ങിയവയാണ് പോസ്റ്ററിലെ വാചകങ്ങള്‍. 

തൃശൂര്‍: മാധ്യമപ്രവര്‍ത്തകയോടുള്ള സുരേഷ് ഗോപിയുടെ മോശം പെരുമാറ്റത്തില്‍ പോസ്റ്റര്‍ പ്രതിഷേധവുമായി ഡിവൈഎഫ്ഐ തൃശൂര്‍ ജില്ലാ കമ്മിറ്റി. ജില്ലാ സെക്രട്ടറി ശരത് പ്രസാദ്, വൈസ് പ്രസിഡന്‍റ് കാര്‍ത്തിക എന്നിവരുടെ നേതൃത്വത്തിലാണ് നഗരത്തിലെ എംജി റോഡില്‍ പോസ്റ്റര്‍ പതിച്ച് പ്രതിഷേധിച്ചത്. സുരേഷ് ഗോപി സാംസ്കാരിക കേരളത്തിന് അപമാനം, സുരേഷ് ഗോപിയുടെ തനിനിറം തിരിച്ചറിയുക തുടങ്ങിയവയാണ് പോസ്റ്ററിലെ വാചകങ്ങള്‍. 

അതേസമയം, മാധ്യമപ്രവര്‍ത്തകയുടെ തോളില്‍ കൈവെച്ച സംഭവം വിവാദമായതിനെത്തുടര്‍ന്ന് മാപ്പ് പറഞ്ഞ് സുരേഷ് ഗോപി രംഗത്തെത്തി. താന്‍ ദുരുദ്ദേശത്തോടെയല്ല മാധ്യമപ്രവര്‍ത്തകയുടെ തോളില്‍ സ്പര്‍ശിച്ചതെന്നും തനിക്ക് അവരോട് പിതൃസ്നേഹം മാത്രമേ ഉള്ളൂവെന്നും സുരേഷ് ഗോപി ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. ഫേസ്ബുക്ക് കുറിപ്പിലൂടെ സുരേഷ് ഗോപി മാധ്യമപ്രവര്‍ത്തകയോട് ക്ഷമ ചോദിച്ചിട്ടുമുണ്ട്.

സുരേഷ് ഗോപിയുടെ ഫേസ്ബുക്ക് കുറിപ്പ്

മാധ്യമങ്ങളുടെ മുന്നിൽ വെച്ച് വാത്സല്യത്തോടെ തന്നെയാണ് ഷിദയോട് പെരുമാറിയത്. ജീവിതത്തിൽ ഇന്നുവരെ പൊതുവേദിയിലും അല്ലാതെയും അപമര്യാദയോടെ പെരുമാറിയിട്ടില്ല. എന്നാൽ ആ കുട്ടിക്ക്‌ അതിനെക്കുറിച്ച് എന്ത് തോന്നിയോ അതിനെ മാനിക്കണം എന്നു തന്നെ ആണ് എന്റെയും അഭിപ്രായം.. ഏതെങ്കിലും രീതിയിൽ ആ കുട്ടിക്ക് മോശമായി തോന്നുകയോ മാനസിക ബുദ്ധിമുട്ട് അനുഭവപെടുകയോ ചെയ്തിട്ടുണ്ടെങ്കിൽ ഞാൻ ക്ഷമ ചോദിക്കുന്നു. സോറി ഷിദ...