ഇതിലേ എപ്പോഴും വന്യമൃഗങ്ങള്‍ പോകാറുണ്ടത്രേ. ഇങ്ങനെ വന്നൊരു കാട്ടാന, മതിലിന് ഇപ്പുറം നില്‍ക്കുന്ന ആളുകളെ നോക്കി വല്ലതും കഴിക്കാൻ കിട്ടുമോയെന്ന് കാത്തുനില്‍ക്കുന്നതാണ് വീഡിയോയില്‍ കാണുന്നത്
കല്‍പറ്റ: കാട്ടാനയുടെയും വന്യമൃഗങ്ങളുടെയും വക ശല്യവും ആക്രമണവും തുടര്‍ക്കഥകളാകുന്ന സാഹചര്യത്തില്‍ ഇടയ്ക്കെങ്കിലും മനുഷ്യരും വന്യമൃഗങ്ങളും തമ്മില്‍ സംഘര്‍ഷമില്ലാതെ, സ്നേഹപൂര്‍വമുള്ള ഇടപെടലുകളുടെ കാഴ്ചകളും കാണാൻ സാധിക്കുന്നത് സന്തോഷമാണ്.
ഇത്തരത്തില്‍ വയനാട്ടിലെ പാപ്ലശേി വാകേരിയില്‍ നിന്ന് ഇക്കഴിഞ്ഞ ദിവസം പുറത്തുവന്നൊരു വീഡിയോ വലിയ രീതിയിലാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാകുന്നത്.
കാടിനോട് ചേര്‍ന്നുള്ള പ്രദേശമാണിത്. ഇവിടെയൊരു കല്‍മതിലുണ്ട്. എപ്പോഴും ആനകളും കടുവകളും മറ്റ് മൃഗങ്ങളുമെല്ലാം ഇതുവഴി പോകാറുള്ളതാണ്. മിക്കപ്പോഴും ആനകള്‍ തന്നെ വരുന്നത്.
ഇങ്ങനെ വന്നൊരു കാട്ടാന, മതിലിന് ഇപ്പുറം നില്‍ക്കുന്ന ആളുകളെ നോക്കി വല്ലതും കഴിക്കാൻ കിട്ടുമോയെന്ന് കാത്തുനില്‍ക്കുന്നതാണ് വീഡിയോയില്‍ കാണുന്നത്. തുടര്‍ന്ന് സ്ഥലത്ത് കച്ചവടം നടത്തുന്നൊരാള്‍ ഒരു ചക്ക മുറിച്ച് ആനയ്ക്ക് കൊടുക്കുന്നതും അത് കൊതിയോടെ ചക്ക വാങ്ങിക്കഴിക്കുന്നതും വീഡിയോയില്‍ കാണാം.
ചിലപ്പോഴൊക്കെ ഈ മതില്‍ അവസാനിക്കുന്നിടത്ത് നിന്ന് കാടിറങ്ങി ആനകള്‍ നാട്ടിലേക്ക് വരാറുണ്ടെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. ഈ ആന ഏതായാലും കിട്ടിയ ചക്കയും വാങ്ങിക്കഴിച്ച് സമാധാനമായി തിരികെ പോയതും ഏവരെയും സന്തോഷിപ്പിച്ചു.
വീഡിയോ കാണാം...

Also Read:- 'രംഗണ്ണൻ' അങ്കണവാടിയിലും ; അനുവാദമില്ലാതെ കയറി 'ആവേശം' റീല്‍സെടുത്ത യുവാവിനെതിരെ കേസ്
