സിപിഎമ്മിലെ മുതിർന്ന നേതാക്കളായ ഇ.പി ജയരാജനും പി.ജയരാജനും തമ്മിലുള്ള തർക്കത്തിൽ പാർട്ടി അന്വേഷണ കമ്മീഷനെ നിയമിച്ചു. വൈദേഹം റിസോർട് വിവാദവും ക്വട്ടേഷൻ സംഘങ്ങളുമായുള്ള ബന്ധവുമാണ് കെ.എൻ ബാലഗോപാലും ടി.പി രാമകൃഷ്ണനും പ്രധാനമായും അന്വേഷിക്കുന്നത്.
തിരുവനന്തപുരം: സിപിഎമ്മിൽ മുതിർന്ന നേതാക്കളായ ഇ.പി ജയരാജനും പി.ജയരാജനും തമ്മിലെ തർക്കം പുതിയ തലത്തിലേക്ക്. ഇ.പി ജയരാജനുമായി ബന്ധപ്പെട്ട വൈദേഹം റിസോർട് വിവാദവും പി.ജയരാജനെതിരെ ഉയർന്ന ക്വട്ടേഷൻ സംഘങ്ങളുമായുള്ള ബന്ധവും അന്വേഷിക്കാൻ പാർട്ടി കമ്മീഷനെ നിയമിച്ചു. സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗങ്ങളായ കെ.എൻ ബാലഗോപാലും ടി.പി രാമകൃഷ്ണനുമാണ് അന്വേഷണ കമ്മീഷൻ അംഗങ്ങൾ.
പി.ജയരാജനെതിരെ ഗുരുതര ആരോപണങ്ങളടങ്ങിയ പരാതിയാണ് ഇ.പി ജയരാജൻ എഴുതി നൽകിയത്. സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തിലാണ് ഇ.പി ജയരാജൻ്റെ നീക്കം. പി.ജയരാജന് സംസ്ഥാനത്തെ പല ജില്ലകളിലും ക്വട്ടേഷൻ സംഘങ്ങളുമായി ബന്ധമുണ്ടെന്ന് പരാതിയിൽ ഇ.പി ആരോപിക്കുന്നു. സ്വർണം പൊട്ടിക്കൽ സംഘവുമായി പി.ജയരാജന് ബന്ധമുണ്ടെന്ന ആരോപണത്തിലും കഴമ്പുണ്ടെന്നും സിപിഎം നേതാക്കളെ സമൂഹമാധ്യമങ്ങളിൽ അപകീർത്തിപ്പെടുത്താൻ നവമാധ്യമ സംഘം പി.ജയരാജന് കീഴിൽ പ്രവർത്തിക്കുന്നുണ്ടെന്നും പരാതിയിൽ ആരോപിക്കുന്നു. വൈദേഹം റിസോർട്ടുമായി ഇ.പി ജയരാജനുള്ള പങ്കും സാമ്പത്തിക ക്രമക്കേടും ആസ്തി സംബന്ധിച്ച പി.ജയരാജൻ്റെ ആരോപണങ്ങളും ഈ അന്വേഷണ കമ്മീഷൻ പരിശോധിക്കുമെന്നാണ് വിവരം.
















