റിട്ടയേർഡ് സൈനിക ഉദ്യോഗസ്ഥൻ മേജർ രവിക്കെതിരെ ഉയർന്ന തൊഴിൽ തട്ടിപ്പ്, വിവാദ പ്രസ്താവനകൾ എന്നീ ആരോപണങ്ങളിൽ കേന്ദ്ര സർക്കാരും പ്രതിരോധ മന്ത്രാലയവും അന്വേഷണം നടത്തണമെന്ന് എക്സ്-സർവീസ്മെൻ അസോസിയേഷൻ ആവശ്യപ്പെട്ടു. സൈനിക സേവനത്തിന്റെ വിശ്വാസ്യത ചൂഷണം ചെയ്ത് വിദ്യാർത്ഥികളിൽ നിന്ന് പണം തട്ടിയെന്ന പരാതിയിലാണ് അടിയന്തര നടപടി ആവശ്യപ്പെടുന്നത്.

തിരുവനന്തപുരം: റിട്ടയേർഡ് സൈനിക ഉദ്യോഗസ്ഥൻ മേജർ രവിയുമായി ബന്ധപ്പെട്ട് ഉയർന്നുവന്നിട്ടുള്ള ആരോപണങ്ങളിൽ കേന്ദ്ര സർക്കാരും പ്രതിരോധ മന്ത്രാലയവും സമഗ്രവും നിഷ്പക്ഷവുമായ അന്വേഷണം നടത്തണമെന്ന് എക്സ്-സർവീസ്മെൻ വെൽഫെയർ ആൻഡ് റീഹാബിലിറ്റേഷൻ അസോസിയേഷൻ ആവശ്യപ്പെട്ടു. വിഷയത്തിൽ സംഘടനയുടെ പ്രസിഡന്റ് രാജേഷ് കുമാർ കേന്ദ്ര സർക്കാരിനും പ്രതിരോധ മന്ത്രാലയത്തിനും പരാതി നൽകി. പരിശീലന പ്രവർത്തനങ്ങൾ, വിദ്യാർത്ഥികൾക്ക് ജോലി ഉറപ്പുനൽകുന്നതായുള്ള ആരോപണങ്ങൾ, തൊഴിൽ വാഗ്ദാനം നൽകി പണം വാങ്ങിയെന്നതടക്കം ആരോപണങ്ങൾ പരിശോധിക്കണമെന്നാണ് ആവശ്യം.

വിവിധ സ്കൂളുകളിൽ വിദ്യാർത്ഥികളുമായി ബന്ധപ്പെട്ട പരിശീലന പ്രവർത്തനങ്ങൾ നടത്തുകയും, തങ്ങളുടെ പരിശീലന അക്കാദമിയിൽ ചേർന്നാൽ ജോലി ലഭിക്കുമെന്ന് ഉറപ്പുനൽകുകയും ചെയ്തതായുള്ള ആരോപണങ്ങൾ അന്വേഷിക്കണമെന്ന് സംഘടന ആവശ്യപ്പെട്ടു. ഇത്തരത്തിലുള്ള വാഗ്ദാനങ്ങളുടെ അടിസ്ഥാനത്തിൽ വിദ്യാർത്ഥികളിൽ നിന്നോ തൊഴിൽ അന്വേഷകരിൽ നിന്നോ പണം ഈടാക്കിയിട്ടുണ്ടോ എന്നും, ബന്ധപ്പെട്ട പരിശീലന സ്ഥാപനങ്ങൾക്കും റിക്രൂട്ട്‌മെന്റ് ഏജൻസികൾക്കും ആവശ്യമായ ഔദ്യോഗിക അംഗീകാരങ്ങളുണ്ടോ തുടങ്ങിയ കാര്യങ്ങളിൽ വ്യക്തത വരുത്തണമെന്നും സംഘടന ആവശ്യപ്പെട്ടു. 2026 ഒക്ടോബർ 19 മുതൽ 25 വരെ വിവിധ മാധ്യമങ്ങളിൽ മേജർ രവിയുടേതായി റിപ്പോർട്ട് ചെയ്യപ്പെട്ട അഭിമുഖങ്ങളും പ്രസ്താവനകളും പരിശോധിക്കണമെന്നും ആവശ്യമുണ്ട്. ദാവൂദ് ഇബ്രാഹിമിനെയും കേന്ദ്ര സർക്കാരിനെയും ബന്ധപ്പെടുത്തി നടത്തിയ പ്രസ്താവനകളുടെ യാഥാർഥ്യവും പശ്ചാത്തലവും ബന്ധപ്പെട്ട അധികാരികൾ പരിശോധിക്കണം. മാധ്യമങ്ങളിൽ വന്ന യഥാർഥ അഭിമുഖങ്ങളും വീഡിയോ റെക്കോർഡുകളും സൂക്ഷ്മമായി പരിശോധിച്ച ശേഷം മാത്രമേ ഇക്കാര്യത്തിൽ ഒരു നിഗമനത്തിലെത്താവൂ എന്നും സംഘടന ആവശ്യപ്പെട്ടു.

സൈനിക സേവനത്തിന്റെ മഹത്വവും വിശ്വാസ്യതയും ഉപയോഗിച്ച് പൊതുജനത്തെ തെറ്റിദ്ധരിപ്പിക്കുന്ന പ്രവർത്തനങ്ങൾ നടത്തുന്നത് തടയാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണം. സമൂഹത്തിൽ മാന്യമായി ജീവിക്കുന്ന വിരമിച്ച സൈനികരുടെ അന്തസ്സിനും വിശ്വാസ്യതയ്ക്കും കോട്ടം സംഭവിക്കരുതെന്നും ഇവർ പരാതിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഈ വിഷയത്തിൽ അധികാരികൾ ആവശ്യപ്പെടുന്ന മുറയ്ക്ക് ബന്ധപ്പെട്ട രേഖകളും മാധ്യമ റിപ്പോർട്ടുകളും മറ്റ് തെളിവുകൾ കൈമാറാൻ തയ്യാറാണെന്നും രാജേഷ് കുമാർ അറിയിച്ചു. ആരോപണങ്ങൾ നിഷ്പക്ഷമായി അന്വേഷിച്ച് വസ്തുതകൾ പുറത്തുകൊണ്ടുവരണമെന്നും, നിയമലംഘനങ്ങൾ തെളിയിക്കപ്പെട്ടാൽ നിയമാനുസൃത നടപടി സ്വീകരിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു.