Asianet News MalayalamAsianet News Malayalam

തലവേദനക്ക് കുത്തിവെപ്പെടുത്തു, എഴുവയസ്സുകാന്‍റെ കാല് തളർ​ന്നെന്ന് പരാതി,ഡോക്ടർക്കും നഴ്സിനുമെതിരെ കേസ്

ഡോക്ടറെ ഒന്നാം പ്രതിയും പുരുഷ നഴ്സിനെ രണ്ടാം പ്രതിയുമാക്കിയാണ് ചാവക്കാട് പൊലീസ് കേസെടുത്തത്

failure in treatment, case against doctor and nurse
Author
First Published Dec 14, 2023, 10:38 AM IST

തൃശ്ശൂര്‍:ചാവക്കാട് താലൂക്ക് ആശുപത്രിയിൽ തലവേദനക്ക് കുത്തിവെപ്പെടുത്ത എഴുവയസ്സുകാരന്‍റെ  കാല് തളർ​ന്നെന്ന പരാതിയിൽ ഡോക്ടർക്കും നഴ്സിനുമെതിരെ കേസ്.ഡോക്ടറെ ഒന്നാം പ്രതിയും പുരുഷ നഴ്സിനെ രണ്ടാം പ്രതിയുമാക്കിയാണ് ചാവക്കാട് പൊലീസ് കേസെടുത്തത്.പാലയൂർ നാലകത്ത് കാരക്കാട് ഷാഫിലിന്‍റെ മകൻ മുഹമ്മദ് ഗസാലിയുടെ ഇടത് കാലിനാണ് കുത്തിവെപ്പെടുത്തത് മൂലം തളർച്ച ബാധിച്ചത്.ഡിസംബർ ഒന്നിനാണ് സംഭവം.പാലയൂർ സെന്‍റ്  തോമസ് എൽ.പി സ്കൂളിലെ രണ്ടാം ക്ലാസുകാരനായ മുഹമ്മദ് ഗസാലി തലവേദനയെ തുടർന്നാണ് ഉമ്മ ഹിബയുമൊത്ത് താലൂക്ക് ആശുപത്രിയിലെത്തിയത്. അത്യാഹിത വിഭാഗത്തിലെ ഡ്യൂട്ടി ഡോക്ടറെ കാണിച്ചപ്പോൾ രണ്ട് കുത്തിവെപ്പുകൾ എടുക്കാൻ നിർദേശിച്ചു.

തുടർന്ന് ഗസാലിയുടെ ഇടതു കൈയിൽ ആദ്യം കുത്തിവെപ്പ് നൽകി.കൈയിൽ വേദന അനുഭവപ്പെടുന്നതായി കുട്ടി പറഞ്ഞപ്പോൾ പുരുഷ നഴ്സ് സിറിഞ്ച് താഴെ വെച്ച് അവിടെനിന്ന്​ പോയെന്നും  ഉമ്മ പിന്നാലെ പോയി പറഞ്ഞിട്ടാണ് നഴ്സ് തിരികെ വന്നതെന്നും പരാതിയിൽ പറയുന്നു.പിന്നീട് അരക്കെട്ടിൽ ഇടതുഭാഗത്തായി കുത്തിവെപ്പ് നൽകി.
ഇതോടെ ഇടതുകാലിൽ ശക്തമായ വേദനയും തരിപ്പും അനുഭവപ്പെട്ടു.എഴുന്നേറ്റ് നടക്കാൻ ശ്രമിച്ചപ്പോൾ വീഴാൻ പോകുകയും ഇടത് കാലിന് ബലക്കുറവ് തോന്നുകയും ചെയ്തു.ഇതോടെ കുട്ടിയുടെ മാതാവ് ഹിബ ഡോക്ടറെ ചെന്നുകണ്ട് വിവരം പറഞ്ഞു. കൈയിൽ തടിപ്പുള്ള ഭാഗത്ത് പുരട്ടാൻ ഓയിൻമെന്‍റ്  നൽകിയ ഡോക്ടർ കാലിലേത് മാറിക്കോളുമെന്നും പറഞ്ഞ് വീട്ടിലേക്ക് പറഞ്ഞുവിട്ടു.

എന്നാൽ വീട്ടിലെത്തിയിട്ടും മാറ്റമില്ലാതായതോടെ കുട്ടിയെ കോട്ടക്കലിലെ ആശുപത്രിയിലെത്തിച്ചു. മരുന്ന് മാറിയതിനാലോ ഇൻജക്ഷൻ ഞരമ്പിൽ കൊണ്ടതിനാലോ ആവാം കാലിലെ തളർച്ചയെന്ന് അവിടെയുള്ള ഡോക്ടർ അഭിപ്രായപ്പെട്ടതായും പറയുന്നു.ഇതോടെ രക്ഷിതാക്കൾ ചാവക്കാട് പൊലീസിനു പുറമെ ആശുപത്രി സൂപ്രണ്ട്, ജില്ല മെഡിക്കൽ ഓഫിസർ, എം.എൽ.എ, ആരോഗ്യമന്ത്രി, ബാലാവകാശ കമീഷൻ എന്നിവർക്കും പരാതി നൽകി.സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തി ജില്ല മെഡിക്കൽ ഓഫിസർക്ക് റിപ്പോർട്ട് നൽകുമെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. ഷാജ് കുമാർ പറഞ്ഞു


 

 

 

 

Latest Videos
Follow Us:
Download App:
  • android
  • ios