'കുരുക്കിയവർക്കെതിരെ നടപടി വേണം, സർക്കാർ മാതൃകാപരമായി നടപടിയെടുക്കണം': പ്രവാസി സംരംഭകൻ ഷാജിമോൻ
വീഴ്ച വരുത്തിയവരുടെ 10 ദിവസത്തെ ശമ്പളമെങ്കിലും റദ്ദാക്കണമെന്നും ഷാജിമോൻ പറഞ്ഞു.

കോട്ടയം: സാങ്കേതിക നൂലാമാലകൾ പറഞ്ഞ് തന്റെ വ്യവസായ സ്ഥാപനത്തിന്‍റെ കെട്ടിട നമ്പർ വൈകിച്ച ഉദ്യോഗസ്ഥർക്കും പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾക്കും എതിരെ നടപടി ആവശ്യപ്പെട്ട് കോട്ടയം മാഞ്ഞൂരിലെ പ്രവാസി വ്യവസായി ഷാജിമോൻ ജോർജ്. മറ്റു സംരംഭകർക്ക് ഭാവിയിൽ പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാൻ മാതൃകാപരമായ ശിക്ഷണ നടപടികൾ സ്വീകരിക്കണമെന്നാണ് ഷാജി സർക്കാരിനോട് ആവശ്യപ്പെടുന്നത്. മന്ത്രിയുടെ നിർദ്ദേശപ്രകാരം വ്യവസായ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും ഇന്ന് ഷാജിമോനും ആയി പ്രശ്നങ്ങൾ നേരിട്ട് സംസാരിച്ചു.
സാങ്കേതികതയുടെ നൂലാമാലകൾ ചൂണ്ടിക്കാട്ടി മൂന്നുമാസം മാഞ്ഞൂർ പഞ്ചായത്ത് അധികൃതർ ചവിട്ടി പിടിച്ച പ്രശ്നമാണ് ഷാജി മോൻ നടുറോഡിൽ കിടന്ന് പ്രതിഷേധിച്ചതോടെ രണ്ടേ രണ്ടു മണിക്കൂർ കൊണ്ട് പരിഹരിക്കപ്പെട്ടത്. തന്റെ പ്രശ്നം പരിഹരിക്കപ്പെട്ടെങ്കിലും മറ്റു സംരംഭകർക്ക് ഭാവിയിൽ ഇത്തരം ദുരനുഭവങ്ങൾ ഉണ്ടാകാതിരിക്കാനുള്ള മാതൃകാപരമായ നടപടിയാണ് സർക്കാരിനോട് ഷാജിമോൻ ആവശ്യപ്പെടുന്നത്. തന്നെ ചുവപ്പുനാടയിൽ കുരുക്കിയ ഉദ്യോഗസ്ഥരുടെ പത്ത് ദിവസത്തെ ശമ്പളം എങ്കിലും റദ്ദാക്കാനുള്ള നടപടി സർക്കാരിൽ നിന്നുണ്ടായാൽ പിന്നെ ഇങ്ങനെ ആളെ വലയ്ക്കാനുള്ള ധൈര്യം ഉദ്യോഗസ്ഥർക്ക് ഉണ്ടാകില്ലെന്ന് ഷാജിമോൻ പറയുന്നു.
വ്യവസായ മന്ത്രി പി രാജീവിന്റെ നിർദ്ദേശത്തെ തുടർന്ന് ഉന്നത ഉദ്യോഗസ്ഥ സംഘം ഷാജിമോനെ കളക്ടറേറ്റിൽ വിളിച്ചുവരുത്തി പ്രശ്നങ്ങൾ സംസാരിച്ചു. അവർക്ക് മുന്നിലും പഞ്ചായത്ത് അധികൃതർക്കെതിരായ നടപടി ആവശ്യം ഷാജിമോന്‍ ഉന്നയിച്ചു. സംരംഭത്തിന് ഭാവിയിൽ എന്തെങ്കിലും തടസ്സങ്ങൾ ഉണ്ടായാൽ കൃത്യമായി ഇടപെടൽ ഉണ്ടാവും എന്ന ഉറപ്പും നൽകി.