യാത്രക്കാരൻ പകർത്തിയ മർദ്ദന ദൃശ്യങ്ങൾ ഏഷ്യാനെറ്റ് ന്യൂസിലൂടെ പുറത്ത് വന്നതോടെയാണ് ക്രൂരകൃത്യം കേരളമറിഞ്ഞത്. 

കണ്ണൂർ : മാവേലി എക്സ്പ്രസിലെ യാത്രക്കാരനെ പൊലീസ് (Kerala Police) മർദ്ദിച്ച സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ അന്വേഷണം നടത്തി ഒരാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ.ബൈജു നാഥ് ആവശ്യപ്പെട്ടു. ഏഷ്യാനെറ്റ് ന്യൂസ് വാർത്തയുടെ അടിസ്ഥാനത്തിലാണ് നടപടി.

ഇന്നലെ രാത്രി കണ്ണൂരിൽ മാവേലി എക്സ്പ്രസിൽ വെച്ചാണ് പൊലീസിന്റെ ക്രൂരത അരങ്ങേറിയത്. യാത്രക്കാരുടെ ടിക്കറ്റ് ചോദിച്ചെത്തിയ പൊലീസ് ഉദ്യോഗസ്ഥനാണ് ഒരാളെ ബൂട്ടിട്ട് ചവിട്ടുകയും മുഖത്ത് അടിക്കുകയും മർദ്ദിക്കുകയും ചെയ്തത്. ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്ന മറ്റൊരു യാത്രക്കാരൻ പകർത്തിയ മർദ്ദന ദൃശ്യങ്ങൾ ഏഷ്യാനെറ്റ് ന്യൂസിലൂടെ പുറത്ത് വന്നതോടെയാണ് ക്രൂരകൃത്യം കേരളമറിഞ്ഞത്. പൊലീസുകാരൻ ബൂട്ട് ഉപയോഗിച്ച് ചവിട്ടുകയും മർദ്ദിക്കുകയും ചെയ്തതെന്നാണ് ദൃക്സാക്ഷിയായ ദൃശ്യങ്ങൾ പകർത്തിയ യാത്രക്കാരൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞത്. തല്ലി വീഴ്ത്തുകയും നിലത്ത് വലിച്ചിട്ട് ബൂട്ട് കൊണ്ട് നെഞ്ചിന് ചവിട്ടുകയും ചെയ്തുവെന്നും ദൃക്സാക്ഷി പറഞ്ഞു. വടകരയിൽ ഇറക്കിവിട്ട യാത്രക്കാരനെ തിരിച്ചറിഞ്ഞിട്ടില്ല. 

Kerala Police Attack : ട്രെയിനിലെ പൊലീസ് മർദ്ദനം; മദ്യപിച്ച് 2 പേർ പ്രശ്നമുണ്ടാക്കി, പ്രാഥമിക റിപ്പോർട്ട്

എന്നാൽ ഇക്കാര്യത്തിൽ വ്യക്തതക്ക് വേണ്ടി ഏഷ്യാനെറ്റ് ന്യൂസ് സംഘം മർദ്ദിച്ച പൊലീസ് ഉദ്യോഗസ്ഥനോട് കാര്യമന്വേഷിച്ചപ്പോൾ താൻ ചെയ്തതിനെ ന്യായീകരിക്കുകയാണ് പൊലീസ് ഉദ്യോഗസ്ഥൻ. മർദ്ദിച്ചുവെന്ന ആരോപണം തെറ്റാണെന്നാണ് എസ്ഐഐ പ്രമോദ് പറഞ്ഞത്. മദ്യപിച്ച് സ്ത്രീകളെ ശല്യം ചെയ്തയാളെ നീക്കിയതാണെന്നാണ് ഇപ്പോൾ പൊലീസിന്റെ വിശദീകരണം. 

സംഭവവുമായി ബന്ധപ്പെട്ട് ടിടിഇ കുഞ്ഞുമുഹമ്മദിനോട് ദക്ഷിണ റെയിൽവെ പാലക്കാട് ഡിവിഷൻ റിപ്പോർട്ട് തേടി. അമിതമായി മദ്യം കഴിച്ച ഒരാൾ റിസർവേഷൻ ബർത്തിലിരിക്കുന്നതായി സ്ത്രീ യാത്രക്കാർ പരാതിപ്പെട്ടെന്ന് കുഞ്ഞുമുഹമ്മദ് മറുപടി നൽകി. യാത്രക്കാരുടെ പരാതിയിലാണ് പൊലീസ് ഇടപെട്ടതെന്നാണ് കുഞ്ഞുമുഹമ്മദ് നൽകിയ വിശദീകരണം. 

പൊലീസ് ഇടപെട്ടത് സ്ത്രീ യാത്രക്കാർ പരാതിപ്പെട്ടപ്പോൾ'; മാവേലി എക്സ്പ്രസിലെ ടിടിഇ കുഞ്ഞുമുഹമ്മദ്