രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കി. പരാതികളുടെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് കെപിസിസി വ്യക്തമാക്കുമ്പോഴും, നടപടി പ്രഖ്യാപിച്ച സമയത്തെ ചൊല്ലി പുതിയ രാഷ്ട്രീയ വിവാദം ഉടലെടുത്തിരിക്കുകയാണ്.
തിരുവനന്തപുരം: പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെ പുറത്താക്കാനുള്ള കോണ്‍ഗ്രസ് തീരുമാനം വന്നത് മുൻകൂര്‍ ജാമ്യാപേക്ഷ തള്ളിയുള്ള കോടതി വിധി വന്നതിന് തൊട്ട് പിന്നാലെ. രാഹുലിനെതിരെ കടുത്ത ആരോപണങ്ങൾ ഉയരുമ്പോഴും പാര്‍ട്ടി എന്ത് കൊണ്ട് പുറത്താക്കല്‍ നടപടി സ്വീകരിക്കുന്നില്ല എന്ന ചോദ്യങ്ങൾ ഉയര്‍ന്നിരുന്നു. എന്നാല്‍, പുറത്താക്കാനുള്ള തീരുമാനവും ഇപ്പോള്‍ മറ്റൊരു വിവാദത്തിന് കാരണമായിരിക്കുകയാണ്. മുൻകൂർ ജാമ്യാപേക്ഷ തള്ളിയത് കൊണ്ട് മാത്രമാണോ രാഹുലിനെ പുറത്താക്കിയത് എന്നാണ് വിമര്‍ശകര്‍ ചോദിക്കുന്നത്. കെപിസിസി അധ്യക്ഷന് കഴിഞ്ഞ ദിവസം ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് ഈ നടപടിയെന്ന് കോണ്‍ഗ്രസിന് ന്യായീകരിക്കാമെങ്കിലും നടപടി പ്രഖ്യാപിച്ച സമയം വളരെ വിചിത്രമാണ്.
'നിലവില്‍ സസ്‌പെന്‍ഷനിലുള്ള രാഹുല്‍ മാങ്കൂട്ടത്തിലിനെ ഉയര്‍ന്ന പരാതികളുടെയും രജിസ്റ്റര്‍ ചെയ്ത കേസുകളുടെയും അടിസ്ഥാനത്തില്‍ കോണ്‍ഗ്രസിന്‍റെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കിയതായി കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫ് എംഎല്‍എ അറിയിച്ചു' എന്നാണ് കോണ്‍ഗ്രസിന്‍റെ പത്രക്കുറിപ്പിൽ പറയുന്നത്. എഐസിസിയുടെ അനുമതിക്ക് വേണ്ടിയാണ് കാത്തതെന്ന് പിന്നീട് കെപിസിസി അധ്യക്ഷൻ വിശദീകരിച്ചിട്ടുണ്ട്. പക്ഷേ ഇത്രയും ദിവസങ്ങളായി പാര്‍ട്ടിയെ ആകെ മഴയത്ത് നിർത്തിയ വിഷയമായിരുന്നിട്ടും ഒരു തെരഞ്ഞെടുപ്പിനെ പാര്‍ട്ടി നേരിട്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തിലും തീരുമാനം എന്തുകൊണ്ട് വൈകിയെന്നാണ് ചോദ്യം ഉയർന്നിട്ടുള്ളത്.
ഒപ്പം രാഹുലിന്‍റെ ചെയ്തികൾ കോൺഗ്രസ് പാർട്ടിക്ക് ചെറിയതോതിൽ ക്ഷീണം ഉണ്ടാക്കിയെന്നാണ് കെപിസിസി അധ്യക്ഷൻ പറഞ്ഞത്. ഇത് ചെറിയ തോതിൽ മാത്രമാണോ എന്ന് വിമര്‍ശകര്‍ ആവർത്തിച്ച് ചോദിക്കുന്നു. ആരും എടുക്കാത്ത ധീരമായ നടപടിയെന്നാണ് കെ സി വേണുഗോപാല്‍ ഈ വിഷയത്തില്‍ പ്രതികരിച്ചത്. ഒരു രാഷ്ട്രീയ പാർട്ടിയെടുത്ത ഏറ്റവും വേഗത്തിലുള്ള തീരുമാനം ആണിത്. എംഎല്‍എ സ്ഥാനം ഒഴിയണോ എന്ന് അദ്ദേഹം തീരുമാനിക്കണം. കെപിസിസി അധ്യക്ഷന് പരാതി ലഭിച്ചയുടൻ അത് നിയമവഴിയിൽ കൈകാര്യം ചെയ്തു. പല പാര്‍ട്ടികളും നടപടി പോലും എടുക്കാതെ സംരക്ഷിക്കുകയാണ് ചെയ്യാറുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാഹുൽ വിഷയത്തില്‍ ആദ്യമായല്ല കോണ്‍ഗ്രസ് നടപടി വിവാദം ആകുന്നത്. ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ രാഹുലിനെ സസ്പെൻഡ‍് ചെയ്തപ്പോഴും പരസ്യമായി തന്നെ രാഹുലിന് സംരക്ഷണമൊരുക്കുന്ന അവസ്ഥയുണ്ടായി. രാഹുല്‍ നിയമസഭയിൽ എത്തിയപ്പോൾ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് ഒപ്പമുണ്ടായിരുന്നത്. നേതാക്കൾ തള്ളി പറയുമ്പോഴും രാഹുല്‍ പാലക്കാട്ടെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ സജീവമാവുകയും ചെയ്തു. ഇതെല്ലാം പാര്‍ട്ടിക്കെതിരെയുള്ള ചോദ്യങ്ങളായി മാറിയിരുന്നു. അതിനൊപ്പം തന്നെയാണ് ഈ പുറത്താക്കല്‍ നടപടിയും വിവാദങ്ങൾക്ക് കാരണമാകുന്നത്.
കോടതിയിൽ നടന്നത്
അതേസമയം, മുൻകൂര്‍ ജാമ്യാപേക്ഷയിൽ വിശദമായ വാദം കേട്ട ശേഷമാണ് കോടതി അപേക്ഷ തള്ളിയത്. അടച്ചിട്ട കോടതി മുറിയിലാണ് വാദം നടന്നത്. ഇന്നലെ ഒന്നര മണിക്കൂര്‍ നീണ്ട വാദത്തിനുശേഷം ഒരു രേഖ കൂടി ഹാജരാക്കാൻ പ്രോസിക്യൂഷനോട് കോടതി ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് ഇന്ന് പുതിയ തെളിവടക്കം പരിശോധിച്ചശേഷമാണ് കോടതി വാദം പൂര്‍ത്തിയാക്കിയത്. രാഹുലിന്‍റെ അറസ്റ്റ് തടയണമെന്നായിരുന്നു പ്രതിഭാഗത്തിന്‍റെ പ്രധാന ആവശ്യം. എന്നാൽ, പ്രതിഭാഗത്തിന്‍റെ വാദം തള്ളികൊണ്ടാണിപ്പോള്‍ മുൻകൂര്‍ ജാമ്യം നിഷേധിച്ചത്.


