യുഡിഎഫിന് ഭരണം ലഭിച്ചാൽ രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകണമെന്ന് കെ സുധാകരനും പി ജെ കുര്യനും പരസ്യമായി ആവശ്യപ്പെട്ടു. എന്നാൽ, തെരഞ്ഞെടുപ്പിന് ശേഷം പാർട്ടി നടപടിക്രമം അനുസരിച്ച് തീരുമാനിക്കുമെന്ന് വി ഡി സതീശൻ പ്രതികരിച്ചു. മുഖ്യമന്ത്രി ചർച്ച ഇപ്പോൾ വേണ്ടെന്ന നിലപാടിലാണ് രമേശ് ചെന്നിത്തലയും.
തിരുവനന്തപുരം: യുഡിഎഫിന് ഭരണം ലഭിച്ചാൽ ആര് മുഖ്യമന്ത്രിയാകുമെന്ന ചര്‍ച്ചകൾ കൂടുതൽ സജീവമാക്കി നേതാക്കൾ. മുതിര്‍ന്ന നേതാക്കളായ കെ സുധാകരനും പി കെ കുര്യനും പരസ്യമായി തന്നെ രമേശ് ചെന്നിത്തലയെ പിന്തുണച്ച് രംഗത്ത് വന്നു. നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് സീറ്റ് ചര്‍ച്ചയ്ക്കിടെ പരസ്യ പ്രതികരണം നടത്തിയ സുധാകരൻ തന്നെയാണ് മുഖ്യമന്ത്രി ആരെന്ന ചര്‍ച്ചയ്ക്കും തുടക്കമിട്ടത്. പി ജെ കുര്യൻ കൂടെ അഭിപ്രായം തുറന്ന് പറഞ്ഞതോടെ രമേശ് ചെന്നിത്തലയും വി ഡി സതീശനും പ്രതികരണവുമായി രംഗത്ത് വന്നു.
കെ സുധാകരൻ പറഞ്ഞത്
യുഡിഎഫ് സർക്കാർ അധികാരത്തിൽ വരികയാണെങ്കിൽ രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകണമെന്നാണ് തന്‍റെ ആഗ്രഹമെന്ന് മുൻ കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ എംപി തുറന്നുപറഞ്ഞു. രമേശ് ചെന്നിത്തലയെ ആണ് താൻ ശുപാർശ ചെയ്യുകയെന്നും അദ്ദേഹം ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. സീനിയറായ, പക്വതയുള്ള ആളാണ് രമേശ് ചെന്നിത്തലയെന്ന് സുധാകരൻ പറഞ്ഞു. വി.ഡി. സതീശൻ, കെ.സി വേണു ഗോപാൽ, രമേശ് ചെന്നിത്തല എന്നിവരുടെ പേരുകൾ ചർച്ച ചെയ്യപ്പെടുന്നുണ്ടല്ലോ എന്ന ചോദ്യത്തിനാണ് താൻ രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകണമെന്നാണ് ശുപാർശ ചെയ്യുന്നതെന്ന് സുധാകരൻ വ്യക്തമാക്കിയത്.
പിന്നാലെ പി ജെ കുര്യൻ
യുഡിഎഫ് അധികാരത്തിൽ വരുമ്പോൾ രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് പി ജെ കുര്യൻ പരസ്യമായി പറഞ്ഞു. യുഡിഎഫ് ജയിക്കുമെന്നും രമേശ് ചെന്നിത്തല ആയിരിക്കും മുഖ്യമന്ത്രിയാകുകയെന്നും പി ജെ കുര്യൻ പറഞ്ഞു. തിരുവല്ലയിലെ യുഡിഎഫ് കൺവെൻഷനിൽ രമേശ് ചെന്നിത്തല വേദിയിൽ ഇരിക്കെയായിരുന്നു പി ജെ കുര്യന്റെ പ്രസ്താവന. എന്തായാലും ഫലം വരുമ്പോൾ നമ്മൾ ജയിക്കും. രമേശ് ആയിരിക്കും മുഖ്യമന്ത്രി ആകുക. രമേശ് ചെന്നിത്തല പറയുന്നത് പാർട്ടിയാണ് തീരുമാനിക്കുക എന്നാണ്. എന്നാൽ, ഇക്കാര്യത്തിൽ എനിക്ക് സംശയം ഒന്നുമില്ലെന്നും പി ജെ കുര്യൻ പറഞ്ഞു.
പ്രതികരിച്ച് സതീശനും ചെന്നിത്തലയും
യുഡിഎഫിന് ഭരണം ലഭിച്ചാൽ രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകുമെന്ന മുതിർന്ന നേതാവ് പി ജെ കുര്യന്‍റെ പരാമർശം തള്ളി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. അതൊക്കെ ഓരോ ആളുകൾ പറയുന്നതാണെന്നും ഒരു മുഖ്യമന്ത്രി ചർച്ചയും കോൺഗ്രസിൽ ഇല്ലെന്നും സതീശൻ വ്യക്തമാക്കി. അഖിലേന്ത്യ കോൺഗ്രസ് കമ്മിറ്റിക്ക് ഒരു പ്രൊസീജ്യർ ഉണ്ട്. മുതിർന്ന നേതാക്കൾക്ക് ധാരണയുണ്ട്. തെരഞ്ഞെടുപ്പ് കഴിയുമ്പോൾ തെലങ്കാനയിലും കർണാടകയിലും എന്താണോ ചെയ്തത്, അങ്ങനെ മുന്നോട്ട് പോകുമെന്നും സതീശൻ വ്യക്തമാക്കി.
മുഖ്യമന്ത്രി സ്ഥാനത്തെകുറിച്ചുള്ള ചർച്ച ഇപ്പോൾ ഉയർത്തിക്കൊണ്ടു വരേണ്ടതില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും പ്രതികരിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റേത് പരാജിതന്റെ കപട ആത്മവിശ്വാസമാണെന്നും അദ്ദേഹം പറഞ്ഞു. പി ആർ ഏജൻസി എപ്പോഴും മുഖ്യമന്ത്രിയുടെ കൂടെയില്ല. അതുകൊണ്ടാണ് മോശം പദപ്രയോഗങ്ങളിലൂടെ യഥാർത്ഥ മുഖം വെളിച്ചത്തു വരുന്നതെന്നും രമേശ് ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു. താൻ നിർദേശിച്ച പലർക്കും സീറ്റ് കിട്ടിയില്ല എന്നത് ശരിയാണ്. ജോസഫ് വാഴക്കന് സീറ്റ് കിട്ടാത്തതിൽ തനിക്ക് വേദനയുണ്ടെന്നും ചെന്നിത്തല വ്യക്തമാക്കി. സുധാകരന് സീറ്റ് നൽകണമെന്ന് താൻ പറഞ്ഞ കാര്യം ചെന്നിത്തല നിഷേധിക്കുകയും ചെയ്തില്ല.


