ലൗ ജിഹാദ് എന്നത് കണ്ണടച്ച് എതിർക്കാനാവില്ലെന്നാണ് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടേറിയേറ്റ് അംഗം ജോർജ് എം തോമസ് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചത്.
കോഴിക്കോട്: സിപിഎം (CPM) നേതാവ് ജോര്‍ജ് എം തോമസിൻ്റെ ലൗ ജിഹാദ് (Love Jihad) പ്രസ്താവന ഏറ്റെടുത്ത് ബിജെപി. ലൗ ജിഹാദുണ്ടെന്ന് പരസ്യമായി സമ്മതിച്ച ജോര്‍ജ് എം തോമസിന് തന്‍റെ പ്രസ്താവന മാറ്റിപറയേണ്ടി വരും അല്ലെങ്കിൽ സിപിഎമ്മിന് പുറത്താകുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ ഫേസ്ബുക്കില്‍ കുറിച്ചു. ഏതായാലും കോടഞ്ചേരിയിൽ നിന്ന് കൗതുകകരമായ കാര്യങ്ങളാണ് പുറത്തുവരുന്നതെന്നും സുരേന്ദ്രൻ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു
ലൗ ജിഹാദ് എന്നത് കണ്ണടച്ച് എതിർക്കാനാവില്ലെന്നാണ് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടേറിയേറ്റ് അംഗം ജോർജ് എം തോമസ് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചത്. ജമാഅത്തെ ഇസ്ലാമിയും എസ്ഡിപിഐയും അടക്കമുള്ള സംഘടനകൾ ഉന്നത വിദ്യാഭ്യാസം നേടിയ വിദ്യാർത്ഥിനികളെ ലൗ ജിഹാദിൽ കുടുക്കുന്നുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. ഡിവൈഎഫ്ഐ നേതാവ് ഷെജിനും ജോയ്‌സ്നയും തമ്മിലുള്ള വിവാഹം വിവാദമായ സാഹചര്യത്തിലായിരുന്നു ജോർജ് എം തോമസിന്റെ പ്രതികരണം.
ഷെജിൻ ജോയ്സ്നയുമായി ഒളിച്ചോടിയ നടപടി ശരിയല്ലെന്ന് ജോർജ് എം തോമസ് വിമർശിച്ചു. ഇത്തരമൊരു പ്രണയമുണ്ടെങ്കിൽ പാർട്ടിയോട് അറിയിക്കണമായിരുന്നു. അടുത്ത സഖാക്കളോടോ പാർട്ടി ഘടകത്തിലോ സംഘടനയിലോ ആരുമായും ഇതേക്കുറിച്ച് സംസാരിച്ചിട്ടില്ല. ക്രൈസ്തവ സമുദായം വലിയ തോതിൽ പാർട്ടിയുമായി അടുക്കുന്ന സമയമാണ്. ഈ ഘട്ടത്തിൽ ഇത്തരമൊരു നീക്കം പാർട്ടിക്ക് വലിയ തിരിച്ചടിയാണ് പ്രദേശത്ത് ഉണ്ടാക്കിയതെന്നും അദ്ദേഹം പറഞ്ഞു.
ജോയ്സ്ന 15 ദിവസം മുൻപാണ് വിദേശത്ത് നിന്ന് വന്നത്. 15 ദിവസം കൊണ്ട് ഇത്രയും ആഴത്തിലുള്ള പ്രണയം ഉണ്ടാകുമോയെന്ന് തനിക്ക് അറിയില്ല. ഷെജിനെതിരെ പാർട്ടി അച്ചടക്ക നടപടിയെടുക്കും. വരും ദിവസങ്ങളിൽ ഇക്കാര്യം പാർട്ടിയിൽ ചർച്ച ചെയ്യുമെന്നും ജോർജ് എം തോമസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ പറഞ്ഞു.
കെ സുരേന്ദ്രൻ്റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം:
ലൗ ജിഹാദുണ്ടെന്ന് പരസ്യമായി സമ്മതിക്കാൻ തയ്യാറായ ശ്രീ. ജോർജ്ജ് എം തോമസിന് ഇനി എത്ര നാൾ പാർട്ടിയിൽ തുടരാനാവുമെന്ന് കണ്ടറിയണം. ഒന്നുകിൽ അദ്ദേഹം പറഞ്ഞത് മാറ്റിപ്പറയേണ്ടി വരും,അല്ലെങ്കിൽ പാർട്ടിക്കു പുറത്തുപോവേണ്ടിവരും. ഏതായാലും കോടഞ്ചേരിയിൽ നിന്ന് കൗതുകകരമായ കാര്യങ്ങളാണ് പുറത്തുവരുന്നത്....
സ്വന്തം ഇഷ്ടപ്രകാരമാണ് വിവാഹം ചെയ്തതെന്ന് ഷെജിനും ജ്യോയ്‍സ്നയും
സ്വന്തം ഇഷ്ടപ്രകാരമാണ് വിവാഹം ചെയ്തതെന്നും ലൗഹ് ജിഹാദ് ആരോപണം അടിസ്ഥാന രഹിതമെന്നും കോഴിക്കോട് കോടഞ്ചേരിയില്‍ നിന്ന് കാണാതായ ഷെജിനും ജ്യോയ്‍സ്നയും. സമുദായ സംഘടനകള്‍ അനാവശ്യ വിവാദമാണ് സൃഷ്ടിക്കുന്നത്. ജ്യോയ്സ്‍നയെ ബന്ധുക്കള്‍ക്കൊപ്പം അയക്കാനാണ് പൊലീസ് ശ്രമിച്ചത്. ചില സംഘടനകളില്‍ നിന്ന് ഭീഷണിയുണ്ട്. അതിനാല്‍ കുറച്ച് കാലം നാട്ടില്‍ നിന്ന് മാറിനില്‍ക്കാനാണ് തീരുമാനമെന്നും ഷെജിനും ജ്യോയ്‍സ്നയും ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ജ്യോസ്നയെ കാണാനില്ലെന്ന ബന്ധുക്കളുടെ പരാതിയില്‍ പൊലീസ് അന്വേഷണം നടത്തി വരവെ ഇന്ന് ഉച്ചയോടെയാണ് ഇരുവരും കോടതിയില്‍ ഹാജരായിരുന്നു.
Also Read: ലൗ ജിഹാദ് ആരോപണം തള്ളി കോടഞ്ചേരിയിലെ മിശ്രവിവാഹിതര്‍: സമുദായ സംഘടനകൾ അനാവശ്യ വിവാദമുണ്ടാക്കുന്നു
