സംസ്കൃത സർവകലാശാലയിൽ ചട്ടമ്പി സ്വാമിയുടെ ജീവചരിത്ര കാവ്യത്തിന്റെ അച്ചടി, ഔദ്യോഗിക അനുമതിയില്ലാതെ സ്വകാര്യ പ്രസ്സിന് നൽകിയതായി കണ്ടെത്തി. പബ്ലിക്കേഷൻ ഓഫീസർക്കെതിരെ സാമ്പത്തിക ആരോപണങ്ങൾ ഉയർന്നതിനൊപ്പം, പുസ്തക പ്രകാശനത്തിന് ഡമ്മി കോപ്പികൾ ഉപയോഗിച്ചതായും വിവാദമായി. ഔദ്യോഗിക കരാറില്ലാത്തതിനാൽ സർവകലാശാലയുടെ നിയമനടപടികൾ പ്രതിസന്ധിയിലാണ്.
കൊച്ചി: ഗവർണറുടെ സാന്നിധ്യത്തിൽ പ്രകാശനം ചെയ്യാനിരുന്ന ചട്ടമ്പി സ്വാമിയുടെ ജീവചരിത്ര കാവ്യത്തിന്റെ അച്ചടി, സംസ്കൃത സർവകലാശാലയുടെ അനുമതിയില്ലാതെ സ്വകാര്യ പ്രസ്സിന് ഏല്പിച്ചതായി കണ്ടെത്തി. സാധാരണയായി സർവകലാശാലയുടെ അച്ചടി ജോലികൾ സർവകലാശാല പ്രസ്സിനെയോ സർക്കാർ ഉടമസ്ഥതയിലുള്ള സി-ആപ്റ്റിനെയോ ആണ് നൽകുന്നത്. എന്നാൽ ഈ സാഹചര്യത്തിൽ ആലുവയിലെ ഒരു സ്വകാര്യ സ്ഥാപനത്തെയാണ് അച്ചടിക്ക് നിയോഗിച്ചത്.
കരാറോ ഔദ്യോഗിക ഉത്തരവുകളോ ഇല്ലാതെയാണ് പ്രസ്സ് അച്ചടി ജോലി ഏറ്റെടുത്തത്. അച്ചടിക്കായി അഡ്വാൻസ് തുക പബ്ലിക്കേഷൻ ഓഫീസർ ലിസി മാത്യു മുൻകൂട്ടി കൈപ്പറ്റിയതായും വിവരങ്ങളുണ്ട്. പ്രസ്സിനെതിരെ സർവകലാശാല പൊലീസിൽ പരാതി നൽകിയിരുന്നുവെങ്കിലും സർവകലാശാലയുമായി ഔദ്യോഗിക കരാർ ഇല്ലാത്തതിനാൽ നിയമനടപടികൾ സ്വീകരിക്കാൻ ബുദ്ധിമുട്ടുണ്ടാകുമെന്നാണ് സൂചന.
ഗ്രന്ഥത്തിന്റെ 100 കോപ്പികളുടെ അച്ചടി പൂർത്തിയായതായും ചട്ടമ്പിസ്വാമിയുടെ സമാധിദിനത്തിൽ തന്നെ പ്രകാശനം നടത്താമെന്നുമാണ് പ്രസിദ്ധീകരണ വിഭാഗത്തിന്റെ ചുമതലയുള്ള ലിസി മാത്യു സിൻഡിക്കേറ്റിൽ റിപ്പോർട്ട് ചെയ്തിരുന്നത്. എന്നാൽ അച്ചടി പൂർണമായി തീരാത്തതിനാൽ ഏഴ് ഡമ്മി വാല്യങ്ങൾ ഉൾപ്പെടുത്തി പുസ്തകം പ്രകാശനത്തിന് എത്തിച്ചു. സർവകലാശാല ഈ ഗ്രന്ഥത്തിന് 6,600 രൂപ വില നിശ്ചയിച്ചിട്ടുണ്ടെങ്കിലും, അതുമായി ബന്ധപ്പെട്ട രേഖകൾ സർവകലാശാലയിൽ ലഭ്യമല്ല.


