അഴിക്കുന്തോറും മുറുകുന്ന കരുവന്നൂർ കുരുക്ക്; സിപിഎമ്മിനെ വെട്ടിലാക്കിയത് മുൻ മാനേജറിന്‍റെ മൊഴി
ബാങ്കിലെ ബെനാമി വായ്പകൾ നിയന്ത്രിച്ചതും അനുവദിച്ചതും സിപിഎം നേതാക്കളായിരുന്നുവെന്ന മുൻ മാനേജർ ബിജു കരീമിന്‍റെ മൊഴിയാണ് ഇപ്പോള്‍ സിപിഎം ജില്ലാ സെക്രട്ടറിയിലേക്ക് ഇഡി അന്വേഷണം എത്തിക്കുന്നത്.

കൊച്ചി: കരുവന്നൂർ ബാങ്ക് കള്ളപ്പണ കേസില്‍ ഇഡി അന്വേഷണം ഉന്നതരിലേക്ക് നീങ്ങുകയാണ്. ബാങ്കിലെ ബെനാമി വായ്പകൾ നിയന്ത്രിച്ചതും അനുവദിച്ചതും സിപിഎം നേതാക്കളായിരുന്നുവെന്ന മുൻ മാനേജർ ബിജു കരീമിന്‍റെ മൊഴിയാണ് ഇപ്പോള്‍ സിപിഎം ജില്ലാ സെക്രട്ടറിയിലേക്ക് ഇഡി അന്വേഷണം എത്തിക്കുന്നത്. ബെനാമി വായപകൾ നേടിയവർ നേതാക്കൾക്ക് കമ്മീഷൻ നൽകിയിരുന്നതായും ഇഡിക്ക് വിവരം കിട്ടിയിട്ടുണ്ട്. ബെനാമി വായ്പയുടെ പട്ടിക സിപിഎം ഇഡിയ്ക്ക് കൈമാറണമെന്ന് അനിൽ അക്കര എംഎൽഎ ആവശ്യപ്പെട്ടപ്പോൾ ഇഡിയെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്ന് സിപിഎം ജില്ലാ സെക്രട്ടറി എം എം വർഗീസ് പറഞ്ഞു.
കരുവന്നൂരിലെ കോടികളുടെ ബെനാമി വായപ്കൾ നിയന്ത്രിച്ചതും വായ്പ അനുവദിച്ചവരുടെ പട്ടിക സൂക്ഷിച്ചതും സിപിഎം നേതൃത്വത്തിലുള്ള സബ് കമ്മിറ്റി ആണെന്നാണ് മുൻ മാനേജർ ബിജു കരീം നൽകിയ മൊഴി. പ്രതികളുടെ സ്വത്ത് കണ്ട്കെട്ടൽ രേഖയിൽ ഇഡി ഇക്കാര്യം വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. ഈ ബെനാമി വായ്പക്കാരെ സംരക്ഷിക്കാൻ നേതാക്കൾ ഇടപെട്ടെന്നും അതിൽ സാമ്പത്തിക നേട്ടമുണ്ടായിട്ടുണ്ടെന്നും ഇഡി പറയുന്നു. ഇക്കാര്യത്തിലാണ് ജില്ലാ സെക്രട്ടറി എം എം വർഗീസിനെ ചോദ്യം ചെയ്യുന്നത്. എന്നാൽ ഇഡി വിളിപ്പിച്ചാൽ പോകുമെന്ന് പറഞ്ഞ എം എം വർഗീസ് ഇഡിയെ നിയമപരമായും രാഷ്ട്രീയമായും പ്രധിരോധിക്കുമെന്നും വ്യക്തമാക്കി.
അതേസമയം സിപിഎം ഉപസമിതി രേഖകൾ ഇഡി റെയഡ് ചെയ്ത പിടിച്ചെടുക്കണമെന്ന് അനിൽ അക്കര എംഎൽഎ ആവശ്യപ്പെട്ടു. കൂടുതൽ നേതാക്കളിലേക്കും രണ്ടാം ഘട്ട അന്വേഷണം നീളുകയാണ്. വരും ദിവസം കൂടുതൽ പേർക്ക് നോട്ടീസ് നൽകുമെന്നാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നൽകുന്ന സൂചന.