ആലപ്പുഴയുടെ റെയിൽവേ വികസനത്തെ പ്രതികൂലമായി ബാധിക്കുന്ന നീക്കങ്ങൾക്കെതിരേ റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവിന് കത്തെഴുതിയതായും ആലപ്പുഴ യാർഡിൽ പുതിയ പിറ്റ്ലൈൻ നിർമിക്കണമെന്ന് റെയിൽവേ മന്ത്രിയെ ധരിപ്പിച്ചതായും കെ സി വേണുഗോപാൽ കൂട്ടിച്ചേർത്തു.
തിരുവനന്തപുരം: ആലപ്പുഴയിലെ മെയിന്റനൻസ് ഡിപ്പോ അടച്ചുപൂട്ടാനും പിറ്റ്ലൈൻ പൊളിച്ചുനീക്കാനുമുള്ള റെയിൽവേയുടെ നീക്കം ഒരുകാരണവശാലും അംഗീകരിക്കാനാകില്ലെന്ന് കെ സി വേണുഗോപാൽ എംപി. ധൻബാദ് എക്സ്പ്രസ് തിരുവനന്തപുരത്തേക്ക് നീട്ടാനുള്ള നിർദേശം ഈ നീക്കത്തിന് മറയാണെന്ന് വ്യക്തമാണെന്നും അദ്ദേഹം ഫെയ്സ്ബുക്കിലൂടെ പറഞ്ഞു.
ആലപ്പുഴയുടെ റെയിൽവേ വികസനത്തെ പ്രതികൂലമായി ബാധിക്കുന്ന നീക്കങ്ങൾക്കെതിരേ റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവിന് കത്തെഴുതിയതായും ആലപ്പുഴ യാർഡിൽ പുതിയ പിറ്റ്ലൈൻ നിർമിക്കണമെന്ന് റെയിൽവേ മന്ത്രിയെ ധരിപ്പിച്ചതായും കെ സി വേണുഗോപാൽ കൂട്ടിച്ചേർത്തു. ധൻബാദ് എക്സ്പ്രസിന്റെ സർവീസ് ആരംഭിക്കുന്നതും അവസാനിപ്പിക്കുന്നതുമായ സ്റ്റേഷനായി ആലപ്പുഴയെ നിലനിർത്തണം. എറണാകുളത്ത് സർവീസ് അവസാനിപ്പിക്കുന്ന ടാറ്റാ നഗർ എക്സ്പ്രസ് ആലപ്പുഴ വഴി തിരുവനന്തപുരത്തേക്ക് നീട്ടുന്നത് ബദൽ നിർദേശമായി മന്ത്രിയെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:-
''അമ്പലപ്പുഴ- ആലപ്പുഴ പാത ഇരട്ടിപ്പിക്കലിന്റെ പേരിൽ ആലപ്പുഴയിലെ മെയിന്റനൻസ് ഡിപ്പോ അടച്ചുപൂട്ടാനും പിറ്റ്ലൈൻ പൊളിച്ചുനീക്കാനുമുള്ള റെയിൽവേയുടെ നീക്കം ഒരുകാരണവശാലും അംഗീകരിക്കാൻ കഴിയുന്നതല്ല. ധൻബാദ് എക്സ്പ്രസ് തിരുവനന്തപുരത്തേക്ക് നീട്ടാനുള്ള നിർദ്ദേശം ഈ നീക്കത്തിന് മറയാണെന്നത് വ്യക്തമാണ്.
കേരളത്തിലെ കോച്ച് മെയിന്റനൻസ് കേന്ദ്രങ്ങൾ കടുത്ത സ്ഥലപരിമിതി നേരിടുന്ന സാഹചര്യത്തിൽ, നിലവിൽ പ്രവർത്തനക്ഷമമായ അടിസ്ഥാന സൗകര്യങ്ങൾ പൊളിച്ചുനീക്കുന്നത് യുക്തിസഹമല്ല. ആലപ്പുഴയുടെ റെയിൽവേ വികസനത്തെ പ്രതികൂലമായി ബാധിക്കുന്ന നീക്കങ്ങളോട് അനുകൂല നിലപാടെടുക്കാൻ കഴിയില്ലെന്നത് വ്യക്തമാക്കി റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവിന് കത്തെഴുതിക്കഴിഞ്ഞു. മെക്കാനിക്കൽ വിഭാഗത്തിന്റെ ശുപാർശകൾ പരിഗണിച്ച് ദക്ഷിണ റെയിൽവേയുടെ എൻജിനീയറിംഗ് ലേഔട്ടിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തി ആലപ്പുഴ യാർഡിൽത്തന്നെ ആധുനിക സൗകര്യങ്ങളോടുകൂടിയ പുതിയ പിറ്റ്ലൈൻ നിർമിക്കണമെന്നും റെയിൽവേ മന്ത്രിയെ ധരിപ്പിച്ചിട്ടുണ്ട്.
ആലപ്പുഴയിൽ നിന്ന് യാത്ര ആരംഭിച്ച് ആലപ്പുഴയിൽത്തന്നെ അവസാനിക്കുന്നതും ഉത്തരേന്ത്യയിലേക്ക് പ്രതിദിന സർവീസ് നടത്തുന്നതുമായ ഏക ട്രെയിനാണ് ധൻബാദ്- ആലപ്പുഴ എക്സ്പ്രസ്. ഈ സാഹചര്യത്തിൽ ട്രെയിനിന്റെ സർവീസ് ആരംഭിക്കുന്നതും അവസാനിപ്പിക്കുന്നതുമായ സ്റ്റേഷനായി ആലപ്പുഴയെ നിലനിർത്തണമെന്ന ആവശ്യവും കേന്ദ്ര റെയിൽവേ മന്ത്രിയെ ധരിപ്പിച്ചിട്ടുണ്ട്. എറണാകുളത്ത് സർവീസ് അവസാനിപ്പിച്ചശേഷം മണിക്കൂറുകളോളം നിർത്തിയിടുന്ന ടാറ്റാനഗർ എക്സ്പ്രസ് ആലപ്പുഴ വഴി തിരുവനന്തപുരത്തേക്ക് നീട്ടുന്നത് പ്രായോഗികമായ ബദലായി പരിഗണിക്കാമെന്ന നിർദേശവും അദ്ദേഹത്തെ അറിയിച്ചിട്ടുണ്ട്.
യാത്രക്കാരുടെ വർധിച്ചുവരുന്ന ആവശ്യങ്ങൾ പരിഗണിച്ച് പാത ഇരട്ടിപ്പിക്കൽ പൂർത്തിയാകുന്ന മുറയ്ക്ക് ആലപ്പുഴയിൽനിന്ന് ആരംഭിക്കുന്ന ദീർഘദൂര ട്രെയിൻ സർവീസുകൾ കൂടുതലായി അനുവദിക്കണമെന്ന ആവശ്യം കൂടി അറിയിച്ചിട്ടുണ്ട്. എത്രയും വേഗം ഇക്കാര്യത്തിൽ റെയിൽവേ മന്ത്രാലയത്തിൽ നിന്ന് ഇടപെടലുണ്ടാവുമെന്നാണ് പ്രതീക്ഷ.''


