ത്രിപുരയിലും ബംഗാളിലും മാറ്റം പെട്ടെന്ന് സംഭവിച്ചതാണ്. എല്‍ഡിഎഫും യുഡിഎഫും ജനങ്ങളെ വഞ്ചിച്ച പാര്‍ട്ടികളാണ്, രണ്ട് മുന്നണികളും ഒന്നാണ് എന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍.
തിരുവനന്തപുരം: വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപിയും എന്‍ഡിഎയും കേരളത്തില്‍ നില മെച്ചപ്പെടുത്തുമെന്ന് രാജീവ് ചന്ദ്രശേഖര്‍. 'സിപിഎമ്മിന്‍റെ വീഴ്‌ചയുടെ ഗുണം കോണ്‍ഗ്രസിന് കിട്ടില്ല. കേരളത്തിലെ 140 മണ്ഡലങ്ങളിലും ജനങ്ങള്‍ മാറ്റം ആഗ്രഹിക്കുന്നു. മുഖ്യമന്ത്രിയുടെ മണ്ഡലമായ ധര്‍മ്മടത്ത് പോലും ജനങ്ങള്‍ക്കിടയിലുള്ള ഈ ആവശ്യം ഞാന്‍ നേരിട്ടറിഞ്ഞിരുന്നു. ഒരു സിപിഎം എംഎല്‍എയ്‌ക്ക് വോട്ട് നല്‍കാന്‍ ഇനി എന്ത് ലോജിക്കാണ് വോട്ടര്‍മാര്‍ക്ക് മുന്നിലുള്ളത്? ത്രിപുരയിലും ബംഗാളിലും മാറ്റം പെട്ടെന്ന് സംഭവിച്ചതാണ്. സമാന തെരഞ്ഞെടുപ്പാണ് കേരളത്തില്‍ ഇക്കുറി നടക്കുന്നത്. എല്‍ഡിഎഫും യുഡിഎഫും ജനങ്ങളെ വഞ്ചിച്ച പാര്‍ട്ടികളാണ്, രണ്ട് മുന്നണികളും ഒന്നാണ്' എന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ഏഷ്യാനെറ്റ് ന്യൂസിന് അനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞു.
'ഡീല്‍ ആരോപണം നാണംകെട്ട പ്രചാരണത്തിന്‍റെ ഭാഗം'
ആരും പ്രതീക്ഷിക്കാത്ത ചില സീറ്റുകളില്‍ ബിജെപിയെയും എന്‍ഡിഎയേയും ഇത്തവണ ജനങ്ങള്‍ ജയിപ്പിക്കുമെന്നും രാജീവ് ചന്ദ്രശേഖര്‍ അവകാശപ്പെട്ടു. ‘ബിജെപിക്ക് വളരെ നിര്‍ണായകമായ തെരഞ്ഞെടുപ്പാണിത്. ഒന്നോ രണ്ടോ സീറ്റിന് വേണ്ടിയല്ല ഈ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ മത്സരിക്കുന്നത്. ബിജെപി പ്രധാന കക്ഷിയാകുന്ന ആദ്യ തെരഞ്ഞെടുപ്പാണിത്. കേരളത്തില്‍ കോണ്‍ഗ്രസിന് വളരെ കുറച്ച് സീറ്റുകള്‍ മാത്രമേ ലഭിക്കുകയുള്ളൂ. വ്യാജ വാഗ്‌ദാനങ്ങള്‍ നല്‍കുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. ബിജെപിക്ക് സിപിഎമ്മുമായി ചില സീറ്റുകളില്‍ അന്തര്‍ധാരകളുണ്ടെന്ന പ്രചാരണം വ്യാജമാണ്. ഡീല്‍ ആരോപണം നാണംകെട്ട പ്രചാരണത്തിന്‍റെ ഭാഗം. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ സര്‍ട്ടിഫിക്കറ്റ് ഞങ്ങള്‍ക്ക് ആവശ്യമില്ല’- രാജീവ് ചന്ദ്രശേഖര്‍ കൂട്ടിച്ചേര്‍ത്തു.
'മൂന്നാം എല്‍ഡിഎഫ് സര്‍ക്കാരിനുള്ള സാധ്യത വട്ടപ്പൂജ്യം'
കേരളത്തില്‍ മൂന്നാം എല്‍ഡിഎഫ് സര്‍ക്കാരിനുള്ള സാധ്യത വട്ടപ്പൂജ്യമാണെന്നാണ് രാജീവ് ചന്ദ്രശേഖറിന്‍റെ അഭിപ്രായം. ‘നേമത്തോട് തനിക്ക് കടപ്പാടുണ്ട്, അവിടെ വലിയ പ്രതീക്ഷയുണ്ട്. തിരുവനന്തപുരത്ത് ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും സിപിഎമ്മും ചേര്‍ന്ന് എന്നെ തോല്‍പിച്ചു. മന്ത്രി വി ശിവന്‍കുട്ടി എപ്പോഴും എന്നെ വിമര്‍ശിക്കുന്നത് സ്നേഹം കൊണ്ടാകാം. വി ശിവന്‍കുട്ടി പരാജയപ്പെട്ട എംഎല്‍എയും മന്ത്രിയുമാണ്’- എന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ അഭിമുഖത്തില്‍ പറഞ്ഞു.



