തിരുവനന്തപുരം: കൊവിഡ് 19 പ്രതിരോധിക്കാന്‍ പിപിഇ കിറ്റും വെന്‍റിലേറ്റ‍റും എന്‍ 95 മാസ്കും വികസിപ്പിച്ച് കേരളം. ലോകം മുഴുവന്‍ പിപിഇ കിറ്റ്, എന്‍ 95 മാസ്ക്, വെന്‍റിലേറ്റര്‍ എന്നിവയ്ക്ക് ക്ഷാമം നേരിടുമ്പോള്‍ കേരളത്തിലെ വ്യവസായികള്‍ അവ സ്വയം ഉല്‍പാദിപ്പാക്കാന്‍ തയ്യാറായി. ഇത് സംസ്ഥാനത്തിന്‍റെ ആകെ നേട്ടമാണ് എന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. അതേസമയം, കിൻഫ്രാ പാർക്കിലെ കമ്പനി വികസിപ്പിച്ച ടെസ്റ്റ് കിറ്റ് ഐസിഎംആറിന്‍റെ അനുമതിക്കായി അയച്ചിട്ടുണ്ട്. 

'കൊച്ചി ആസ്ഥാനമായുള്ള കിറ്റക്സ് ഗാര്‍മെന്‍റ്സ് പിപിഇ കിറ്റ് വികസിപ്പിച്ചെടുത്തിട്ടുണ്ട്. കേന്ദ്ര സര്‍ക്കാര്‍ മാനദണ്ഡപ്രകാരം നിര്‍മ്മിക്കുന്നതാണിത്. ദിവസേന 20,000 കിറ്റ് നിര്‍മ്മാക്കാനാകും. സര്‍ക്കാരിന് കീഴിലുള്ള മേക്കൽ വില്ലേജിന്‍റെ സഹായത്തോടെ കൊച്ചിയിലെ എയ്റോഫിൽ ഫില്‍ട്ടേര്‍സ് ഇന്ത്യയാണ് എന്‍ 95 മാസ്ക് വികസിപ്പിച്ചത്. കേന്ദ്ര സര്‍ക്കാരിന്‍റെ അനുമതി കിട്ടിയാല്‍ നിര്‍മ്മാണം തുടങ്ങും. വെന്‍റിലേറ്ററുകളുടെ ക്ഷാമം വലിയ പ്രതിന്ധിയാണ്. അതിനാലാണ് ഇന്ത്യയില്‍ തന്നെ ഇവ നിര്‍മ്മിക്കാനാകുമോ എന്ന കാര്യം വ്യവസായികളോട് ആരാഞ്ഞത്. ഈ ദൗത്യം ഏറ്റെടുത്ത് നെക്സ്റ്റ് ഗ്രൂപ്പ് വെന്‍റിലേറ്ററുകൾ നിർമിക്കാൻ തയ്യാറായി. കൊച്ചിയിലെ ഗവേഷണ വിഭാഗത്തിലെ എഞ്ചിനീയർമാരുടെ ശ്രമഫലമായി 10 ദിവസത്തിനുള്ളിലാണ് അന്താരാഷ്ട്ര നിലവാരം പുലർത്തുന്ന വെന്‍റിലേറ്റ‍ർ വികസിപ്പിക്കാനായത്'. 

Read more: തബ്ലീഗ് ജമാഅത്ത് സമ്മേളനത്തില്‍ പങ്കെടുത്ത എല്ലാവരെയും കണ്ടെത്തി പരിശോധിച്ചു-മുഖ്യമന്ത്രി

'കേരളത്തിലെ ഡോക്ടർമാർ വെന്‍റിലേറ്ററുകളുടെ ഗുണനിലവാരത്തില്‍ തൃപ്തി രേഖപ്പെടുത്തി. നിയമാനുസൃതമായ അനുമതി കരസ്ഥമാക്കി ഗുണനിലവാരത്തോടെയും വിലക്കുറവോടെയും വെന്‍റിലേറ്റ‍ര്‍ ലഭ്യമാക്കാനാകുമെന്ന് മനസിലാക്കുന്നു. സർജിക്കൽ ഗ്ലൗസ് നിർമാണം നന്നായി നടക്കുന്നു. കിൻഫ്രാ പാർക്കിലെ കമ്പനി ടെസ്റ്റ് കിറ്റ് വികസിപ്പിച്ച് ഐസിഎംആറിന് അയച്ചു. ഇതെല്ലാം കൊവിഡ് 19നെ നേരിടാന്‍ നമ്മുടെ വ്യവസായ ലോകം നടത്തുന്ന അഭിനന്ദനാര്‍ഹമായ ശ്രമങ്ങളാണെന്നും' മുഖ്യമന്ത്രി വ്യക്തമാക്കി. 

Read more: തൊഴിലുറപ്പ് പ്രവര്‍ത്തനത്തിന് അനുമതി; 60 വയസിന് മുകളിലുള്ളവർ മേയ് മൂന്നുവരെ മാറി നില്‍ക്കണമെന്ന് മുഖ്യമന്ത്രി