ആലപ്പുഴ, തൃശൂർ ജില്ലകളില്‍ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിക്കുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (ഓഗസ്റ്റ് 11) ആയിരിക്കുമെന്ന് ജില്ലാ കളക്ടർമാര്‍ അറിയിച്ചു.
ആലപ്പുഴ/ തൃശൂർ: സംസ്ഥാനത്ത് കനത്ത മഴയ്ക്ക് ശമനമായെങ്കിലും ദുരിതാശ്വാസ പ്രവർത്തനങ്ങൾ തുടരുകയാണ്. ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി മൂന്ന് ജില്ലകളിലെ സ്കൂളുകൾക്ക് ഇതിനകം അവധി പ്രഖ്യാപിച്ചു. ആലപ്പുഴ, തൃശൂർ, ഇടുക്കി ജില്ലകളില്‍ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിക്കുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (ഓഗസ്റ്റ് 11) ആയിരിക്കുമെന്ന് ജില്ലാ കളക്ടർമാര്‍ അറിയിച്ചു. തൃശൂർ ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന എടത്തിരുത്തി ചെന്ത്രാപ്പിന്നി ഹൈസ്കൂൾ, ചേർപ്പ് ജെ ബി എസ്, കാറളം എ എൽ പി എസ്, താന്നിശ്ശേരി ഡോളേഴ്സ് ലിറ്റിൽ ഫ്ലവർ എൽ പി എസ് എന്നീ സ്കൂളുകൾക്കാണ് നാളെ അവധി. ഇടുക്കി താലൂക്കിലെ കഞ്ഞിക്കുഴി നങ്കിസിറ്റി സർക്കാർ എൽ പി സ്കൂൾ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് നാളെ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. സ്കൂളുകളിൽ പ്രവർത്തിക്കുന്ന ക്യാമ്പുകൾ മറ്റു സ്‌ഥലങ്ങളിലേക്ക് മാറ്റാൻ പഞ്ചായത്ത് പ്രസിഡന്റ് മാർക്ക് നിർദേശം.
അതേസമയം, അടുത്ത മൂന്ന് മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട്, കണ്ണൂർ, കാസര്‍കോട് എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മലപ്പുറം ,കോഴിക്കോട്, വയനാട്, കണ്ണൂർ, കാസര്‍കോട് എന്നീ ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ടാണ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് ഈ ജില്ലകളില്‍ പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.
Also Read: മഴ കുറഞ്ഞു, ഇടുക്കിയിൽ നിന്ന് കൂടുതൽ വെള്ളം തുറന്നുവിടില്ല; മുല്ലപ്പെരിയാറിലെ മൂന്നു ഷട്ടറുകൾ അടച്ചു
കഴിഞ്ഞ ദിവസങ്ങളിൽ വലിയ അളവിൽ മഴ ലഭിച്ച പ്രദേശങ്ങളിൽ മണ്ണിടിച്ചിലിനും ഉരുൾപൊട്ടലിനും സാധ്യത നിലനിൽക്കുന്നതിനാൽ മലയോര മേഖലയിൽ ജാഗ്രത തുടരണമെന്നും നിര്‍ദ്ദേശമുണ്ട്. വനത്തിലും മലയോരങ്ങളിലും മഴ തുടരുന്നതിനാലും അണക്കെട്ടുകളിൽ നിന്ന് നിയന്ത്രിത അളവിൽ വെള്ളം പുറത്തേക്ക് ഒഴുക്കുന്നതിനാലും നദികളിലെ ഒഴുക്ക് ശക്തമായിരിക്കും. ആയതിനാൽ യാതൊരു കാരണവശാലും ആരും ജലാശയങ്ങളിൽ ഇറങ്ങാൻ പാടില്ലെന്നാണ് മുന്നറിയിപ്പ്. അതിനിടെ, മഴയും നീരൊഴുക്കും കുറഞ്ഞതിതിനെ തുടര്‍ന്ന് മുല്ലപെരിയാർ സ്പിൽവേയിലെ മൂന്ന് ഷട്ടറുകൾ അടച്ചു. തുറന്ന് വിടുന്ന വെള്ളത്തിന്‍റെ അളവ് 5650 ഘനയടി ആയി കുറക്കുകയും ചെയ്തു. ജലനിരപ്പ് 138.80 അടിയിലേക്ക് താഴ്ന്നതിനെ തുടര്‍ന്നാണ് നടപടി.
