Asianet News MalayalamAsianet News Malayalam

Kerala Rain: മഴ ഒഴിഞ്ഞിട്ടില്ല, ജാ​ഗ്രത വേണം; 9 ജില്ലകളിൽ യെല്ലോ അലേർട്ട്, ശക്തികൂടിയ ന്യൂനമർദ്ദം രൂപപ്പെട്ടു

 കോട്ടയം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം ,കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചത്. കൂടാതെ, വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾകടലിൽ ശക്തികൂടിയ ന്യൂനമർദ്ദം രൂപപ്പെട്ടിട്ടുണ്ട്.

kerala rain updates yellow alert in 9 districts on 8-8-2022
Author
Thiruvananthapuram, First Published Aug 8, 2022, 2:55 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ഇന്നും അതിശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ വിഭാ​ഗത്തിന്റെ മുന്നറിയിപ്പ്. ഒമ്പത് ജില്ലകളിലാണ് ഇന്ന് യെല്ലോ അലേർട്ട് മുന്നറിയിപ്പുള്ളത്.  കോട്ടയം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം ,കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചത്. കൂടാതെ, വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾകടലിൽ ശക്തികൂടിയ ന്യൂനമർദ്ദം രൂപപ്പെട്ടിട്ടുണ്ട്. ഇത് തീവ്ര ന്യൂനമർദ്ദമാകാൻ സാധ്യതയാണുള്ളത്.

വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾകടലിൽ ഒഡിഷ - പശ്ചിമ ബംഗാൾ തീരത്തിനു മുകളിലായി രൂപപ്പെട്ട ന്യൂനമർദ്ദം (Low Pressure Area ) ഒഡിഷ - വടക്കൻ ആന്ധ്രാപ്രദേശ്  തീരത്തിന് സമീപം ശക്തികൂടിയ ന്യൂനമർദ്ദമായി (Well Marked Low Pressure Area) മാറിയിട്ടുണ്ട്. ഇത് വരുന്ന മണിക്കൂറുകളിൽ പടിഞ്ഞാറു - വടക്കു പടിഞ്ഞാറു ദിശയിൽ ഒഡിഷ - ഛത്തിസ്‌ഗർ മേഖലയിലുടെ സഞ്ചരിച്ചു വീണ്ടും ശക്തി പ്രാപിച്ചു തീവ്ര ന്യൂനമർദ്ദമാകാൻ (Depression) സാധ്യതയുണ്ട്.

തെക്കൻ മഹാരാഷ്ട്ര തീരം മുതൽ വടക്കൻ കേരള തീരം വരെ ന്യുന മർദ്ദ പാത്തി ( off shore - trough ) രൂപപ്പെട്ടിരിക്കുന്നു. മധ്യ കിഴക്കൻ അറബിക്കടലിൽ ചക്രവാത ചുഴി നിലനിൽക്കുന്നുമുണ്ട്. ഇതിന്റെ സ്വാധീനത്താൽ കേരളത്തിൽ 11 വരെ  ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുള്ളത്.

വിവിധ ദിവസങ്ങളിലെ യെല്ലോ അലേർട്ടുകൾ

08-08-2022: കോട്ടയം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം ,കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്

09-08-2022: കോട്ടയം, ഇടുക്കി, തൃശൂർ, മലപ്പുറം ,കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്

10-08-2022: തൃശൂർ, പാലക്കാട്, മലപ്പുറം ,കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്

11-08-2022: മലപ്പുറം ,കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്

ഈ ജില്ലകളിലാണ് മഞ്ഞ അലേർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.
കഴിഞ്ഞ ദിവസങ്ങളിൽ വലിയ മഴ ലഭിച്ച പ്രദേശങ്ങളിൽ മണ്ണിടിച്ചിലിനും ഉരുൾപൊട്ടലിനും സാധ്യത നിലനിൽക്കുന്നതിനാൽ മലയോര മേഖലയിൽ ജാഗ്രത തുടരണം. വനത്തിലും മലയോരങ്ങളിലും മഴ തുടരുന്നതിനാലും അണക്കെട്ടുകളിൽ നിന്ന് നിയന്ത്രിത അളവിൽ വെള്ളം പുറത്തേക്ക് ഒഴുക്കുന്നതിനാലും നദികളിലെ ഒഴുക്ക് ശക്തമായിരിക്കും. ആയതിനാൽ യാതൊരു കാരണവശാലും ആരും ജലാശയങ്ങളിൽ ഇറങ്ങാൻ പാടില്ല.

ഉയർന്ന തിരമാല ജാഗ്രത നിർദ്ദേശം

കേരള തീരത്ത് (വിഴിഞ്ഞം മുതൽ കാസർഗോഡ് വരെ) 08-08-2022 രാത്രി 11.30 വരെ 3.5 മുതൽ 3.7 മീറ്റർ വരെ ഉയരത്തിൽ തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. മൽസ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത തുടരുക.

1. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം. 
2. മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.
3. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണ്ണമായും ഒഴിവാക്കുക.

ബാണാസുരസാഗർ രാവിലെ 8 മണിക്ക് തുറക്കും, 8.50 ക്യുബിക് മീറ്റർ വെളളം പുറത്തേക്ക്, പ്രദേശവാസികൾ അറിഞ്ഞിരിക്കേണ്ടത്

Follow Us:
Download App:
  • android
  • ios