തൊണ്ടിമുതൽ കടത്തിക്കൊണ്ടുപോകാൻ ശ്രമിച്ചെന്ന കേസിൽ സീനിയർ സിപിഒയെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു
ഇടുക്കി: പൊലീസുകാരനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു. ഇടുക്കി ജില്ലയിൽ കടപ്പനക്കടുത്ത് കാളിയാർ പൊലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ ജയ്‌മോനെതിരെയാണ് നടപടി. തൊണ്ടിമുതൽ കടത്തിക്കൊണ്ടു പോകാൻ ശ്രമിച്ച സംഭവത്തിലാണ് സസ്പെൻഷൻ. നിലവിൽ തൊടുപുഴ സ്റ്റേഷനിൽ ഡിവൈഎസ്പി സ്ക്വാഡിലെ അംഗമാണ് ജയ്മോൻ. തൊടുപുഴ സ്റ്റേഷനിലെ തൊണ്ടിമുതലായ സ്പോർട്സ് സൈക്കിളാണ് ഇയാൾ എടുത്തുമാറ്റാൻ ശ്രമിച്ചത്. സംഭവത്തിൽ സ്പെഷ്യൽ ബ്രാഞ്ച് നടത്തിയ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
പത്തനംതിട്ട വരയന്നൂർ സ്വദേശി സുരേഷാണ് കഞ്ചാവ് ബീഡി വലിച്ച കേസിൽ കസ്റ്റഡി വിട്ട് ഇറങ്ങി ജീവനൊടുക്കിയ സംഭവത്തിൽ, കോയിപ്രം സി.ഐ. ജി.സുരേഷ് കുമാറിനെയും സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. വകുപ്പുതല അന്വേഷണത്തിനൊടുവിലാണ് ഡിഐജി സസ്പെൻഷൻ ഉത്തരവിട്ടത്. പൊലീസ് മർദ്ദനത്തിൽ മനംനൊന്ത് സുരേഷ് ജീവനൊടുക്കിയെന്നാണ് കണ്ടെത്തൽ. സസ്പെൻഷൻ പോരാ സി.ഐ ഉൾപ്പെടെ ഉദ്യോഗസ്ഥരെ പിരിച്ചുവിടണമെന്നാണ് ദളിത് സംഘനകളുടെ ആവശ്യം.
പത്തനംതിട്ടയിൽ തന്നെ പോക്സോ കേസിൽ ഗുരുതര വീഴ്ച വരുത്തിയ ഡിവൈഎസ്പിയെയും സിഐയെയും ഇന്നലെയാണ് സസ്പെൻഡ് ചെയ്തത്. പത്തനംതിട്ട കോന്നി ഡിവൈഎസ്പി ടി. രാജപ്പൻ , കോന്നി എസ് എച്ച് ഒ പി. ശ്രീജിത്ത് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. ഹൈക്കോടതി അഭിഭാഷകൻ നൗഷാദ് തോട്ടത്തിൽ പ്രതിയായ പോക്സോ കേസിലാണ് ഉദ്യോഗസ്ഥർ വീഴ്ച വരുത്തിയെന്ന് കണ്ടെത്തിയത്. 16കാരിയെ ബന്ധുവിന്റെ സഹായത്തോടെ പീഡിപ്പിച്ചു എന്നായിരുന്നു കേസ്. പരാതി ലഭിച്ചു മൂന്നര മാസത്തിനു ശേഷവും കേസെടുക്കാതെ ഗുരുതര വീഴ്ച വരുത്തി. യുഡിഎഫ് സർക്കാരിന്റെ കാലത്തെ ഗവൺമെൻറ് പ്ലീഡർ കൂടിയായ നൗഷാദ് മാസങ്ങളോളം ഒളിവിൽ കഴിഞ്ഞശേഷം സുപ്രീംകോടതിയിൽ പോയി ജാമ്യം നേടിയിരുന്നു.



