ആരോഗ്യരംഗത്ത് കേരളം ഒന്നാമതെന്ന് പറയുന്നത് അവകാശവാദമല്ലെന്നും ആര്‍ക്കും അങ്ങനെ പറയാനാകില്ലെന്നും മുൻ ആരോഗ്യമന്ത്രി കെകെ ശൈലജ. ആരോഗ്യമേഖലയിൽ എല്ലാം പരിഹരിച്ചുവെന്ന് പറയാനാകില്ലെന്നും ഇനിയും പരിഹരിക്കാൻ ബാക്കിയുണ്ടെന്നും മുൻ മന്ത്രി പറഞ്ഞു

ദില്ലി: ആരോഗ്യ വകുപ്പിനെതിരെ മുൻ ആരോഗ്യ വകുപ്പ് പ്രിൻസിപ്പള്‍ സെക്രട്ടറി രാജീവ് സദാനന്ദൻ ഉന്നയിച്ച വിമര്‍ശനങ്ങളിൽ പ്രതികരണവുമായി മുൻ ആരോഗ്യമന്ത്രിയും സിപിഎം നേതാവുമായി കെകെ ശൈലജ. ആരോഗ്യരംഗത്ത് കേരളം ഒന്നാമതാണെന്ന് പറയുന്നത് അവകാശവാദമല്ലെന്നും ആര്‍ക്കും അങ്ങനെ അവകാശ വാദം ഉന്നയിക്കാൻ സാധിക്കില്ലെന്നും കെകെ ശൈലജ പറഞ്ഞു. ആരോഗ്യമേഖലയിൽ എല്ലാം പരിഹരിച്ചുവെന്ന് പറയാൻ സാധിക്കില്ല. ഇനിയും പരിഹരിക്കാൻ ബാക്കിയുണ്ടെന്നും കെകെ ശൈലജ പറഞ്ഞു. കേരളത്തിൽ 2016ൽ ശിശുമരണം 12 ആയിരുന്നെങ്കിൽ 2020 ആയപ്പോഴേക്കും അത് അഞ്ചായി കുറഞ്ഞു. ഇത് അമേരിക്കയെക്കാൾ കുറവാണ്.മാതൃമരണ നിരക്കും കേരളത്തിൽ കുറവാണ്. കേന്ദ്ര ഏജൻസികളുടെ അടക്കം കണക്കുകൾ ഒരുപാട് മേഖലകളിൽ ഒന്നാമതാണ് എന്ന് തെളിയിക്കുന്നു .പല കാര്യങ്ങളിലും ഇനിയും മെച്ചപ്പെടാനുണ്ട്. രാജീവ് സദാനന്ദന്‍റെ വിമർശനം എന്തുകൊണ്ടാണെന്ന് അറിയില്ല. കേരളത്തിന്‍റെ പൊതു ആരോഗ്യ സംവിധാനത്തിന്‍റെ ശക്തി കോവിഡ് കാലത്ത് തെളിഞ്ഞതാണ്. നിപ്പയുടെ ഉറവിടം കണ്ടെത്തിയില്ല എന്നത് ശരിയല്ലെന്നും കെകെ ശൈലജ പറഞ്ഞു.

ആരോഗ്യ മേഖലയിൽ കേരളം ഒന്നാമതെന്ന തള്ള് അപകടകരമെന്നായിരുന്നു രാജീവ് സദാനന്ദന്‍റെ വിമര്‍ശനം. ആരോഗ്യ സംവിധാനം ഇപ്പോഴും പ്രാകൃത അവസ്ഥയിലാണ്. ഡെങ്കിപ്പനി നിയന്ത്രിക്കാൻ കഴിയാത്തതും നിപ്പയുടെ ഉറവിടം കണ്ടെത്താൻ സാധിക്കാക്കത്തും നാണക്കേടാണന്നും രാജീവ് സദാനന്ദൻ കുറ്റപ്പെടുത്തി. ചികിത്സാച്ചെലവിന്‍റെ ഭൂരിഭാഗവും കേരളത്തിലെ ജനങ്ങൾ സ്വന്തം പോക്കറ്റിൽ നിന്ന് ചിലവാക്കേണ്ടി വരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഏഷ്യാനെറ്റ് ന്യൂസിന്‍റെ സയൻസ് ടോക്ക് പരിപാടിയിൽ സംസാരിക്കവേയാണ് ആരോഗ്യവകുപ്പിനെതിരെ ദീർഘകാലം ആരോഗ്യ സെക്രട്ടറി ആയിരുന്ന രാജീവ് സദാനന്ദൻ രൂക്ഷ വിമർശനം ഉന്നയിച്ചത്.

എൻഎം വിജയന്‍റെ മരുമകളുടെ ആത്മഹത്യാശ്രമം-വിശദ അന്വേഷണം വേണം

വയനാട് മുൻ ഡിസിസി ട്രഷറര്‍ എൻഎം വിജയന്‍റെ മരുമകളുടെ ആത്മഹത്യാശ്രമത്തിൽ വിശദമായ അന്വേഷണം വേണമെന്ന് കെകെ ശൈലജ ആവശ്യപ്പെട്ടു.കോൺഗ്രസിനെതിരെ വിമർശനം ഉള്ളതാണ് ആത്മഹത്യാ കുറിപ്പ്. സ്വന്തം അണികളോട് പോലും വിശ്വാസ്യത ഇല്ലാത്ത പാർട്ടിയായി കോൺഗ്രസ് മാറി. ഒരു കുടുംബത്തിൽ കൂടുതൽ ആളുകൾ കോൺഗ്രസിന് എതിരെ ആരോപണം ഉന്നയിക്കുന്നു എന്നുള്ളത് വളരെ ഗൗരവകരമാണെന്നും കെകെ ശൈലജ ദില്ലിയിൽ പറഞ്ഞു. അതേസമയം, കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ച വയനാട് മുൻ ഡിസിസി ട്രഷറര്‍ എൻഎം വിജയന്‍റെ മരുകള്‍ പത്മജ സുൽത്താൻ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. ഗുരുതര പരിക്കുകൾ ഇല്ലെന്നാണ് പൊലീസ് പറയുന്നത്. എൻഎം വിജയന്‍റെ മരുമകൾ പത്മജ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ പ്രതികരണവുമായി കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് രം​ഗത്തെത്തിയിരുന്നു. പാർട്ടി എൻഎം വിജയന്‍റെ കുടുംബത്തെ സഹായിച്ചിട്ടുണ്ടെന്നും അവരുടെ ആവശ്യം മുഴുവൻ നിറവേറ്റി കൊടുക്കാൻ ആകുമോയെന്നും സണ്ണി ജോസഫ് ചോദിച്ചു. പാര്‍ട്ടി അവരെ സഹായിക്കുന്നുണ്ടെന്നും അത് ഒരു കരാറിന്‍റെയോ കേസിന്‍റെയോ അടിസ്ഥാനത്തിൽ അല്ലെന്നും അങ്ങനെ ഒരു കരാറില്ലെന്നും സണ്ണി ജോസഫ് പറഞ്ഞു. വിശാല മനസ്കതയുടെ അടിസ്ഥാനത്തിലാണ് അവരെ സഹായിക്കുന്നത്. അവർ ആവശ്യപ്പെടുന്ന മുഴുവൻ കാര്യങ്ങൾ ചെയ്യാൻ കോൺഗ്രസ് പാർട്ടിക്ക് ആഗ്രഹമുണ്ടെങ്കിലും ഇപ്പോൾ അതിനുള്ള പൈസയില്ലെന്നും സണ്ണി ജോസഫ് പറഞ്ഞു.

YouTube video player