കൊച്ചി: നെടുമ്പാശ്ശേരിയില്‍ വിലക്ക് ലംഘിച്ച് സ്വീകരണ പരിപാടി സംഘടിപ്പിച്ച സംഭവത്തില്‍ അറസ്റ്റിലായ ബിഗ് ബോസ് മത്സരാര്‍ത്ഥി രജിത് കുമാറിനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. ഇന്ന് വൈകിട്ട് ആലുവ പൊലീസ് സ്റ്റേഷനിൽ ഹാജറായ രജിത് കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. കൊവിഡ് 19 ന്‍റെ പശ്ചാത്തലത്തിൽ ആൾക്കൂട്ടം ഒഴിവാക്കണമെന്ന സർക്കാർ നിർദ്ദേശം ലംഘിച്ചതിനാണ് നടപടി.

രജിത് തിരുവനന്തപുരത്തെ വീട്ടിലുണ്ടെന്ന വിവരത്തെ തുടര്‍ന്ന് ആറ്റിങ്ങല്‍ പൊലീസ് ഉച്ചയോടെ ഇയാളുടെ വീട്ടിലെത്തിയിരുന്നു. വീട്ടിലുണ്ടായിരുന്ന രജിത് പൊലീസുമായി സംസാരിക്കുകയും ഇന്ന് തന്നെ നെടുമ്പാശ്ശേരി പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങാനുള്ള സന്നദ്ധത അറിയിക്കുകയും ചെയ്യുകയായിരുന്നു. രജിതിന്‍റെ വീട്ടില്‍ സന്ദര്‍ശകര്‍ക്ക് പൊലീസ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. 

Read more at: 'അടുത്ത സ്വീകരണം ബീവറേജസിന്റെ മുമ്പിലാക്കാം'; രജിത്ത് ഫാന്‍സിന്റെ അറസ്റ്റില്‍ വിമര്‍ശനവുമായി സന്തോഷ്...

"

രജിത് കുമാറിന് നെടുമ്പാശേരി വിമാനത്താവളത്തിൽ സ്വീകരണമൊരുക്കിയ സംഭവത്തിൽ ഇതുവരെ 13 പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. എറണാകുളം, തൃശ്ശൂർ, ഇടുക്കി, കൊല്ലം ജില്ലകളിലെ വിവിധ സ്ഥലങ്ങളിൽ നിന്നുള്ളവരാണ് അറസ്റ്റിലായത്. എറണാകുളം ജില്ലാ കലക്ടറുടെ നിർദേശപ്രകാരം രജിത്കുമാറടക്കം എഴുപത്തിയഞ്ച് പേർക്കെതിരെയാണ് പൊലീസ് കേസെടുത്തിരുന്നത്. അറസ്റ്റിലായവരെ കൂടാതെ രജിതിനെ സ്വീകരിക്കാനെത്തിയ മറ്റു അന്‍പതോളം പേരെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. 

Read more at: രജിത് കുമാറിന് സ്വീകരണം; നിയമം ലംഘിച്ച 50 ഓളം പേരെ തിരിച്ചറിഞ്ഞു, 13 പേര്‍ അറസ്റ്റില്‍...

വിമാനത്താവളത്തിലെ സിസിടിവി ദൃശ്യങ്ങള്‍, സമൂഹ മാധ്യമങ്ങളിലെ ദൃശ്യങ്ങൾ എന്നിവ പരിശോധിച്ചാണ് ആളുകളെ തിരിച്ചറി‍ഞ്ഞത്. അറസ്റ്റിലായ പ്രതികളെയെല്ലാം സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടിരിക്കുകയാണ്. കൊവിഡ് ഭീതിയുടെ പശ്ചാത്തലത്തിൽ ആളുകൾ കൂട്ടം കൂടുന്നതടക്കം എല്ലാ പൊതുപരിപാടികളും കർശനമായി ഒഴിവാക്കണമെന്ന മുഖ്യമന്ത്രിയുടെ നിർദേശം നിലനിൽക്കുന്നതിനിടയിലാണ് വിമാനത്താവള പരിസരത്ത് നിയമം ലംഘിച്ച്  നൂറുകണക്കിനാളുകൾ ഒത്തുകൂടിയത്. സംഭവത്തിൽ വിമാനത്താവള അധികൃതർക്ക് വിഴ്ച പറ്റിയിട്ടുണ്ടോയെന്ന് പരിശോധിക്കാൻ സിയാൽ മാനേജിംഗ് ഡയറക്ടർക്ക് മന്ത്രി വി എസ് സുനിൽ കുമാർ നിർദ്ദേശം നൽകിയിരുന്നു.