Asianet News MalayalamAsianet News Malayalam

ഫ്ലാറ്റ് പീഡനകേസ്; പ്രതി മാർട്ടിന് കർശന ഉപാധികളോടെ ജാമ്യം അനുവദിച്ചു

ഏറെ കോളിളക്കം സൃഷ്ടിച്ച കേസില്‍ കണ്ണൂര്‍ സ്വദേശിനിയായ യുവതി പൊലീസിന് പരാതി നല്‍കുന്നത് കഴിഞ്ഞ മാര്‍ച്ചിലാണ്.

kochi flat assault case martin joseph  got bail  strict conditions
Author
Kochi, First Published Sep 8, 2021, 4:17 PM IST

കൊച്ചി: എറണാകുളം ഫ്ലാറ്റ് പീഡനകേസിൽ പ്രതി മാർട്ടിൻ ജോസഫിന് ഹൈക്കോടതി കർശന ഉപാധികളോടെ ജാമ്യം അനുവദിച്ചു. ഏറെ കോളിളക്കം സൃഷ്ടിച്ച കേസില്‍ കണ്ണൂര്‍ സ്വദേശിനിയായ യുവതി പൊലീസിന് പരാതി നല്‍കുന്നത് കഴിഞ്ഞ മാര്‍ച്ചിലാണ്.

കഴിഞ്ഞ വർഷം ലോക്ഡൗണ്‍ സമയത്ത് കൊച്ചിയിൽ കുടുങ്ങിയപ്പോഴാണ് സുഹൃത്തായ തൃശ്ശൂർ സ്വദേശി മാർട്ടിൻ ജോസഫ് പുലിക്കോട്ടിലിനൊപ്പം യുവതി താമസം തുടങ്ങിയത്. മാർട്ടിൻ്റെ കൊച്ചിയിലെ ഫ്ളാറ്റിലായിരുന്നു താമസം. കഴിഞ്ഞ ഫെബ്രുവരി മുതല്‍ മുറിയിൽ പൂട്ടിയിട്ട് മാർട്ടിൻ അതിക്രൂരമായി പീഡിപ്പിയ്ക്കുക ആയിരുന്നെന്ന് യുവതി പറഞ്ഞു. യുവാവ് വിവാഹ വാഗ്ദാനവും നല്‍കിയിരുന്നു. എന്നാല്‍ വിവാഹത്തിന് മാര്‍ട്ടിന്‍ തയ്യാറായില്ല. ബന്ധത്തിൽ നിന്ന് പിൻമാറാൻ യുവതി ശ്രമിച്ചത് മാർട്ടിനെ പ്രകോപിപ്പിച്ചു. ക്രൂര പീഡനത്തോടൊപ്പം യുവതിയുടെ നഗ്ന വീഡിയോ ചിത്രീകരിയ്ക്കുകയും ചെയ്തിരുന്നു.

ഒടുവില്‍ ഫ്ലാറ്റില്‍ നിന്ന് രക്ഷപെട്ടോടിയ യുവതി ബെംഗളൂരുവില്‍ സുഹൃത്തിന്‍റെ അടുത്ത് എത്തിയ ശേഷമാണ് പരാതി നല്‍കിയത്. ക്രൂരമര്‍ദ്ദനത്തിന്‍റെ ചിത്രങ്ങള്‍ അടക്കമായിരുന്നു പരാതി. എന്നാല്‍ രണ്ട് മാസത്തോളം എറണാകുളം സെന്‍ട്രല്‍ പൊലീസ് അനങ്ങിയില്ല. ഒടുവില്‍ മര്‍ദ്ദനത്തിന്‍റെ ചിത്രങ്ങളടക്കം മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ വന്നതോടെ പൊലീസിനെതിരെ വന്‍ പ്രതിഷേധം ഉയര്‍ന്നു.

Also Read:  മാർട്ടിൻ പിടിയിലായതെങ്ങനെ? വിശദീകരിച്ച് പൊലീസ്, കൂസലില്ലാതെ പ്രതി

ദിവസങ്ങള്‍ നീണ്ട അന്വേഷണത്തിന് ഒടുവില്‍ തൃശ്ശൂർ മുണ്ടൂരിൽ കാട്ടിൽ അയ്യൻകുന്നു എന്ന സ്ഥലത്ത് നിന്ന് മാര്‍ട്ടിനെ പ്രത്യേക അന്വേഷണ സംഘം പിടികൂടി. വനത്തില്‍ ഒളിച്ചിരിക്കുകയായിരുന്ന പ്രതിയെ നാട്ടുകാരുടെ കൂടി സഹായത്തോടെ പൊലീസ് പിടികൂടുകയായിരുന്നു. പ്രതിക്കെതിരെ ബലാല്‍സംഗം അനധികൃതമായി തടഞ്ഞുവെയ്ക്കല്‍ ദേഹോപദ്രവം ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്.

മാര്‍ട്ടിന് ഒളിവില്‍പോകാന്‍ ഒത്താശ ചെയ്ത മൂന്ന് സുഹൃത്തുക്കളെയും പൊലീസ് അറസ്റ്റ്  ചെയ്തിരുന്നു. തൃശ്ശൂര്‍ സ്വദേശികളായ ശ്രീരാഗ്, ധനേഷ്, ജോണ്‍ ജോയ് എന്നിവരെയാണ് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നായി പിടികൂടിയത്. കൊച്ചിയില്‍ നിന്ന് മാര്‍ട്ടിന്‍ തൃശ്ശൂരിലേക്ക് രക്ഷപ്പെടാന്‍ സഹായിച്ചതും മാറി മാറി ഒളിത്താവളം ഒരുക്കിയതും ഇവരായിരുന്നു. ഇവരില്‍ നിന്ന് മൂന്ന് കാറുകളും പിടിച്ചെടുത്തിരുന്നു. ഇവരെ വിശദമായി ചോദ്യം ചെയ്തതില്‍ നിന്നാണ് മുണ്ടൂര്‍ വനത്തിലെ മാര്‍ട്ടിന്‍റെ ഒളിത്താവളത്തെ കുറിച്ച് കൃത്യമായ വിവരം ലഭിച്ചത്.

Also Read: ചതുപ്പില്‍ തിരയാന്‍ ഡ്രോൺ, നൂറിലേറെ നാട്ടുകാര്‍; മാര്‍ട്ടിനെ കുടുക്കിയത് പൊലീസിന്റെ വമ്പന്‍ ഓപ്പറേഷനിലൂടെ

മാര്‍ട്ടിന് എതിരെ മറ്റൊരു സ്ത്രീ കൂടി പരാതി നല്‍കിയിരുന്നു. രാത്രി ഫ്ലാറ്റിൽ അതിക്രമിച്ച് കയറി മാര്‍ട്ടിന്‍ ജോസഫ് മര്‍ദ്ദിച്ചെന്നായിരുന്നു ഇന്‍ഫോപാര്‍ക്കില്‍ ജോലി ചെയ്യുന്ന യുവതിയുടെ പരാതി. ഈ കേസുമായി ബന്ധപ്പെട്ട് സ്ത്രീത്വത്തെ അപമാനിക്കൽ, ഭവന ഭേദനം, മര്‍ദ്ദിച്ച് പരിക്കേൽപ്പിക്കൽ തുടങ്ങിയ വകുപ്പുകളും മാര്‍ട്ടിന് എതിരെ ചുമത്തിയിരുന്നു.  

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios