നാലു വയസ്സുകാരന്‍റെ മരണത്തിൽ സുരക്ഷാ വീഴ്ച കണ്ടെത്തിയതിനെ തുടർന്നായിരുന്നു ബീറ്റ് ഫോറസ്റ്റ് ഓഫീസർമാർക്കെതിരെ നടപടിയെടുത്തത്.ജീവനക്കാരുടെ കുറവ് പരിഗണിച്ച് സസ്പെൻഷൻ പിൻവലിക്കേണ്ടിവന്നതെന്നാണ് വനം വകുപ്പ് വിശദീകരണം.
പത്തനംതിട്ട: പത്തനംതിട്ട കോന്നി ആനക്കൂട്ടിലെ നാലു വയസുകാരന്‍റെ അപകടമരണത്തെ തുടര്‍ന്ന് നടപടി നേരിട്ട നാലു വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ജോലിയിൽ തിരികെ പ്രവേശിച്ചു. നാലുപേരുടെയും സസ്പെന്‍ഷൻ പിന്‍വലിച്ചുകൊണ്ടാണ് തിരികെ സര്‍വീസിൽ പ്രവേശിപ്പിച്ചത്. നടപടിയെടുത്ത് പതിമൂന്നാം ദിവസമാണ് നടപടി പിന്‍വലിച്ചത്.
നാലു വയസ്സുകാരന്‍റെ മരണത്തിൽ സുരക്ഷാ വീഴ്ച കണ്ടെത്തിയതിനെ തുടർന്നായിരുന്നു ബീറ്റ് ഫോറസ്റ്റ് ഓഫീസർമാർക്കെതിരെ നടപടിയെടുത്തത്. മനുഷ്യ - വന്യജീവി സംഘർഷം കൂടിവരുന്ന സാഹചര്യത്തിൽ ജീവനക്കാരുടെ കുറവ് പരിഗണിച്ച് സസ്പെൻഷൻ പിൻവലിക്കേണ്ടിവന്നതെന്നാണ് വനം വകുപ്പ് വിശദീകരണം.
സുരക്ഷ ഉറപ്പാക്കുന്നതിൽ ഉദ്യോഗസ്ഥർ വരുത്തിയ കടുത്ത അനാസ്ഥയാണ് കോൺക്രീറ്റ് തൂണ് വീണ് കുട്ടി മരിക്കാൻ കാരണമായതെന്നും വകുപ്പുതല അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഇതിനുപിന്നാലെയാണ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തത്. ദക്ഷിണ മേഖല ചീഫ് ഫോറസ്റ്റ് കൺസർവർവേറ്റർ നടത്തിയ അന്വേഷണത്തിൽ ഗുരുതര വീഴ്ചയാണ് കണ്ടെത്തിയത്.