കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിലെ പ്രതികളായ ജോളി, മാത്യു, പ്രജുകുമാർ എന്നിവരെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് അന്വേഷണ സംഘം സമർപ്പിച്ച അപേക്ഷ താമരശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി ഇന്ന് പരിഗണിക്കും. മൂന്ന് പ്രതികളെയും ഇന്ന് രാവിലെ പത്ത് മണിയോടെ കോടതിയിൽ ഹാജരാക്കും. പ്രതികളെ 11 ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടു നൽകണമെന്നാണ് അന്വേഷണ സംഘം നൽകിയിട്ടുള്ള അപേക്ഷ.

കൊലപാതകം, കൊലപാതക ശ്രമം, വ്യാജരേഖ ചമയ്ക്കൽ തുടങ്ങി ഒട്ടേറെ കുറ്റകൃത്യങ്ങൾ ഉൾപ്പെട്ട കേസ് ആയതിനാൽ വിശദമായ ചോദ്യം ചെയ്യലും ആവശ്യമെന്ന് കസ്റ്റഡി അപേക്ഷയിൽ പറയുന്നു. രണ്ടാം പ്രതി മാത്യുവിന്റെ ജാമ്യാപേക്ഷയും കോടതി ഇന്ന് പരിഗണിക്കുന്നുണ്ട്. കസ്റ്റഡിയിൽ കിട്ടുന്ന പക്ഷം, പ്രതികളെ പയ്യോളിയിലെ ക്രൈംബ്രാഞ്ച് ഓഫീസിലെത്തിച്ച് ചോദ്യം ചെയ്ത ശേഷമാകും തെളിവെടുപ്പ് നടത്തുക.

അതേസമയം, കൂടത്തായി കൊലപതക പരമ്പരയുമായി ബന്ധപ്പെട്ട് നിർണ്ണായക വിവരങ്ങളാണ് പുറത്തുവരുന്നത്. പൊന്നാമറ്റം കുടുംബത്തിലെ കൂടുതൽ അംഗങ്ങളെക്കൂടി കൊല്ലാൻ ജോളി ശ്രമിച്ചിരുന്നുവെന്ന് പൊലീസിൽ മറ്റ് കുടുബാം​ഗങ്ങൾ പൊലീസിന് മൊഴി നൽകി. അടുത്ത ബന്ധുക്കളിൽ ഒരാളും ഭാര്യയും മകനും അടക്കമുള്ളവരാണ് പൊലീസിന് പരാതി നൽകിയിരിക്കുന്നത്. ജോളി വീട്ടിലെത്തി പോയ ശേഷം കുടുംബത്തിലെ എല്ലാവരും ഛർദ്ദിച്ചുവെന്നാണ് പൊന്നാമറ്റം തറവാട്ടിലെ മറ്റൊരു കുടുംബം പരാതി നൽകിയിരിക്കുന്നത്.

Read More:'ജോളി വന്ന് പോയ ശേഷം എല്ലാവരും ഛർദ്ദിച്ചു': കുടുംബത്തെ മൊത്തം ഇല്ലാതാക്കാൻ ശ്രമം?

അന്ന് രക്ത പരിശോധനയിൽ വിഷാംശം കണ്ടെത്തിയിരുന്നു. പൊലീസിൽ അന്ന് പരാതി നൽകിയിരുന്നെങ്കിലും ജോളിയെ സംശയിച്ചിരുന്നില്ല. ഇപ്പോൾ മറ്റാർക്കോ വേണ്ടി ജോളി ക്വട്ടേഷൻ എടുത്ത് വന്നതാണോ എന്ന് സംശയിക്കുന്നുവെന്നാണ് കുടുംബാംഗങ്ങൾ പരാതി നൽകിയിരിക്കുന്നത്. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പൊന്നമറ്റത്തെ വീട്ടുജോലിക്കാരെ കൊല്ലാനും ജോളി ശ്രമിച്ചിരുന്നതായി മൊഴികളുണ്ട്.

Read More:വീട്ടുജോലിക്കാരിയെയും കൊല്ലാൻ ശ്രമം? വെളിപ്പെടുത്തലുമായി മുൻ ജോലിക്കാരി അന്നമ്മയുടെ മകൾ

പ്രതി ജോളി നടത്തിയ കൂടുതല്‍ വധശ്രമങ്ങളുടെ വിവരങ്ങളും പുറത്ത് വന്നിട്ടുണ്ട്. കുടുംബത്തിനകത്തേയും പുറത്തേയും പലരുടേയും പെണ്‍മക്കളെ ജോളി കൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നെന്ന ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്. അടുത്ത സുഹൃത്തായ ജയശ്രീയുടെ മകളെ രണ്ട് തവണ ജോളി വിഷം നല്‍കി കൊല്ലാന്‍ ശ്രമിച്ചതായാണ് അവര്‍ പൊലീസിന് നല്‍കിയിരിക്കുന്ന മൊഴി. കുഞ്ഞിന് രണ്ട് വയസ്സുള്ള സമയത്താണ്  ജോളി വിഷം നല്‍കി കൊല്ലാന്‍ ശ്രമിച്ചത്. ആറ് മാസത്തെ ഇടവേളയില്‍ രണ്ട് തവണയായി ജോളി കുഞ്ഞിനെ കൊല്ലാന്‍ ശ്രമിച്ചു. കുഞ്ഞിനെ വിഷബാധയേറ്റ രണ്ട് സന്ദര്‍ഭങ്ങളിലും ജോളിയുടെ സാന്നിധ്യമുണ്ടായിരുന്നുവെന്ന് ജയശ്രീയും പൊലീസിൽ മൊഴി നൽകിയിട്ടുണ്ട്. സ്വത്തുകള്‍ ജോളിയുടെ പേരില്‍ മാറ്റിയെഴുത്തി കൊണ്ടുള്ള വ്യാജ ഒസ്യത്ത് തയ്യാറാക്കിയതില്‍ ജയശ്രീയുടെ ഇടപെടലുണ്ടായിരുന്നുവെന്നാണ് പൊലീസ് സംശയിക്കുന്നത്.

Read More:ജോളി മൂന്നാമതൊരു പെണ്‍കുട്ടിക്കും വിഷം കൊടുത്തു; ജയശ്രീയുടെ മകള്‍ക്ക് വിഷം കൊടുത്തത് രണ്ടു തവണ

തഹസില്‍ദാര്‍ ജയശ്രീയുടെ മകള്‍, മുന്‍ഭര്‍ത്താവായ റോയിയുടെ സഹോദരി റെ‍ഞ്ചിയുടെ മകള്‍ എന്നിവരെ കൂടാതെ മൂന്നാമതൊരു പെണ്‍കുട്ടിയെ കൂടി ജോളി വധിക്കാന്‍ ശ്രമിച്ചിരുന്നു എന്ന വിവരവും ഇപ്പോള്‍ പുറത്തു വരുന്നുണ്ട്. റോയിയുടെ ബന്ധുവായ മാര്‍ട്ടിന്‍റെ മകളെയാണ് ജോളി വിഷം നല്‍കി കൊല്ലാന്‍ ശ്രമിച്ചതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ നല്‍കുന്ന സൂചന. ഇതുകൂടാതെ, കോഴിക്കോട് എന്‍ഐടിക്ക് അടുത്ത് കുന്ദമംഗലത്തെ പ്രാദേശിക കോണ്‍ഗ്രസ് നേതാവായ മണ്ണിലേതിൽ രാമകൃഷ്ണന്‍റെ മരണം സംബന്ധിച്ചും ജോളിക്കെതിരെ അന്വേഷണം നടത്തുന്നുണ്ട്. 

അതേസമയം, കൂടത്തായി കൂട്ടക്കൊലക്കേസ് അന്വേഷിക്കുന്ന പൊലീസ് സംഘത്തെ വിപുലീകരിച്ചു. അന്വേഷണ മേല്‍നോട്ടം ഉത്തരമേഖല ഐജി അശോക് യാദവിനെയാണ് ഏല്‍പ്പിച്ചിരിക്കുന്നത്. കോഴിക്കോട് റൂറല്‍ എസ്പി സൈമണിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തില്‍ നിലവില്‍ പത്ത് പേരായിരുന്നു ഉണ്ടായിരുന്നു. വിപുലീകരണം കഴിഞ്ഞതോടെ സംഘാംഗങ്ങളുടെ എണ്ണം 35 ആയി. 

കൂട്ടക്കൊലക്കേസ് അന്വേഷണം പലവഴിക്ക് നീളുകയും പതിനാറ് വര്‍ഷം മുന്‍പ് വരെയുള്ള കൊലപാതകങ്ങള്‍ അന്വേഷിക്കുകയും ചെയ്യേണ്ടി വരുന്ന സാഹചര്യത്തില്‍ സാങ്കേതിക വിദഗ്ദ്ധരേയും ഫോറന്‍സിക് വിദഗ്ദ്ധരേയും സംഘത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. രണ്ട് എഎസ്പിമാരും മൂന്ന് ഡിവൈഎസ്പിമാരും സംഘത്തിലുണ്ട്. ഇതുകൂടാതെ അന്വേഷണ സംഘത്തിന് സാങ്കേതിക സഹായത്തിനായി ഐ.സി.റ്റി വിഭാഗം പോലീസ് സൂപ്രണ്ട് ഡോ. ദിവ്യ വി. ഗോപിനാഥിന്‍റെ റെ നേതൃത്വത്തില്‍ പ്രത്യേകസംഘത്തേയും നിയോഗിച്ചിട്ടുണ്ട്. 

Read more:കൂടത്തായി കേസ്: സാങ്കേതിക-ഫോറന്‍സിക് വിദഗ്ദ്ധരെ ചേര്‍ത്ത് അന്വേഷണസംഘം വിപുലീകരിച്ചു

കണ്ണൂര്‍ എ.എസ്.പി ഡി.ശില്‍പ, നാദാപുരം എ.എസ്.പി അങ്കിത് അശോകന്‍, താമരശ്ശേരി ഡിവൈ.എസ്.പി കെ.പി. അബ്ദുള്‍ റസാക്ക്, തലശ്ശേരി ഡിവൈ.എസ്.പി വേണുഗോപാല്‍ കെ.വി, കോഴിക്കോട് സൈബര്‍ ക്രൈം പോലീസ് സ്റ്റേഷന്‍ എസ്.എച്ച്.ഒ സി.ശിവപ്രസാദ്, പോലീസ് ആസ്ഥാനത്തെ ഹൈ ടെക് സെല്‍ ഇന്‍സ്പെക്റ്റര്‍ സ്റ്റാര്‍മോന്‍ ആര്‍. പിള്ള എന്നിവരെയാണ് പുതുതായി സംഘത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.