വയനാട് ജില്ലയെയും കോഴിക്കോട് ജില്ലയെയം തമ്മിൽ ബന്ധിപ്പിക്കുന്ന ആനക്കാംപൊയിൽ-കള്ളാടി തുരങ്കപാത പദ്ധതി പിണറായി വിജയനെ പോലെ നിശ്ചയദാര്‍ഢ്യമുള്ള ഒരാള്‍ ഇല്ലായിരുന്നെങ്കിൽ നടപ്പിലാകുമായിരുന്നില്ലെന്ന് താമരശ്ശേരി ബിഷപ്പ് പറഞ്ഞു

കോഴിക്കോട്: വയനാട് ജില്ലയെയും കോഴിക്കോട് ജില്ലയെയം തമ്മിൽ ബന്ധിപ്പിക്കുന്ന ആനക്കാംപൊയിൽ-കള്ളാടി തുരങ്കപാത പദ്ധതിയിൽ മുഖ്യമന്ത്രി പിണറായി വിജയനെ അഭിനന്ദിച്ച് താമരശ്ശേരി ബിഷപ്പ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയൽ. പിണറായി വിജയനെ പോലെ നിശ്ചയദാര്‍ഢ്യമുള്ള ഒരാള്‍ ഇല്ലായിരുന്നെങ്കിൽ ഈ പദ്ധതി നടപ്പിലാകുമായിരുന്നില്ലെന്ന് താമരശ്ശേരി ബിഷപ്പ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയൽ പറഞ്ഞു. തുരങ്കപാത സര്‍വേക്കായി ബജറ്റിൽ പണം അനുവദിച്ച കെഎം മാണിക്കും അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കും നന്ദി രേഖപ്പെടുത്തുകയാണെന്നും ബിഷപ്പ് പറഞ്ഞു. ഒരോ തടസങ്ങളെയും മുഖ്യമന്ത്രി നിശ്ചയദാര്‍ഢ്യത്തോടെയാണ് മറികടന്നത്. 

കപട പരിസ്ഥിതി വാദികളാണ് പദ്ധതിക്കെതിരെ രംഗത്തുള്ളതെന്നും ഈ പദ്ധതി വൈകിപ്പിക്കാനാണ് അവരുടെ ശ്രമമെന്നും ബിഷപ്പ് പറഞ്ഞു. ആനക്കാംപൊയിൽ സെന്‍റ് മേരീസ് യുപി സ്കൂള്‍ ഗ്രൗണ്ടിൽ നടന്ന തുരങ്കപാതയുടെ നിര്‍മാണോദ്ഘാടന ചടങ്ങിൽ ആശംസകള്‍ അര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു താമരശ്ശേരി ബിഷപ്പ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയൽ.

ആനക്കാം പൊയില്‍ കള്ളാടി തുരങ്ക പാതയുടെ പ്രവൃത്തി ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. മന്ത്രിമാരായ പി എ മുഹമ്മദ്‌ റിയാസ്, കെ എൻ ബാലഗോപാൽ, ഒ ആര്‍ കേളു, എ കെ ശശീന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു. പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ വയനാട്ടിലേക്കുള്ള ഗതാഗതം എളുപ്പമാകുമെന്നതിനു പുറമേ വിനോദ സഞ്ചാര മേഖലയിലും വലിയ കുതിപ്പുണ്ടാകുമെന്ന പ്രതീക്ഷയിലാണ് പ്രദേശവാസികള്‍.

YouTube video player