ആവശ്യപ്പെട്ട സ്റ്റോപ്പില്‍ നിര്‍ത്താതെ ബസ് ജീവനക്കാര്‍ രാത്രിയില്‍ യുവതിയെ കിലോമീറ്ററുകള്‍ അപ്പുറം ആറുവരിപ്പാതയില്‍ ഇറക്കിവിട്ടതായി പരാതി.
കോഴിക്കോട്: ആവശ്യപ്പെട്ട സ്റ്റോപ്പില്‍ നിര്‍ത്താതെ ബസ് ജീവനക്കാര്‍ രാത്രിയില്‍ യുവതിയെ കിലോമീറ്ററുകള്‍ അപ്പുറം ആറുവരിപ്പാതയില്‍ ഇറക്കിവിട്ടതായി പരാതി. ജോലി കഴിഞ്ഞ് കഴിഞ്ഞ ദിവസം രാത്രി വീട്ടിലേക്ക് മടങ്ങുകയായിരുന്ന യുവതിക്കാണ് ദുരനുഭവമുണ്ടായത്. നേരത്തെയും വിവാദങ്ങളില്‍ നിറഞ്ഞ, കണ്ണൂര്‍-കോഴിക്കോട് റൂട്ടിലോടുന്ന 'കൃതിക' ബസ് ജീവനക്കാര്‍ക്കെതിരെയാണ് ഇത്തവണയും പരാതി ഉയര്‍ന്നിരിക്കുന്നത്. സംഭവത്തില്‍ യുവതി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. നിശ്ചിത സ്റ്റോപ്പ് എത്തിയപ്പോള്‍ ബസ് നിര്‍ത്താന്‍ ആവശ്യപ്പെട്ടിട്ടും ജീവനക്കാര്‍ തയാറായില്ല.
തുടര്‍ന്ന് കിലോമീറ്ററുകള്‍ കഴിഞ്ഞ ശേഷമാണ് യുവതിയെ ആറുവരിപ്പാതയ്ക്ക് നടുവില്‍ ഇറക്കിവിട്ടതതെന്നാണ് പോലീസിന് നല്കിയ പരാതിയില്‍ പറയുന്നത്. ഇത്തരം സാഹചര്യങ്ങളില്‍ ബസുകള്‍ സര്‍വീസ് റോഡിലൂടെ സഞ്ചരിക്കണമെന്നും ആറുവരിപ്പാതയുടെ നടുവില്‍ ആളുകളെ കയറ്റുകയോ ഇറക്കുകയോ ചെയ്യരുതെന്നും മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ കര്‍ശന നിര്‍ദേശം നല്കിയിട്ടുള്ളതാണ്. കഴിഞ്ഞ മാസവും പ്രദേശത്ത് സമാനമായ സംഭവം റിപ്പോര്‍ട്ട് ചെയ്തിരുന്നു. അന്ന് ആറുവരിപ്പാതയില്‍ ഇറക്കിവിട്ടതിനെ തുടര്‍ന്ന് ഏണി ഉപയോഗിച്ചാണ് മറ്റൊരു യുവതി സര്‍വീസ് റോഡിലേക്ക് ഇറങ്ങിയത്.







