വര്‍ക്കല ടൂറിസം മേഖലയിലെ സ്പാ നടത്തിപ്പുകാരിയിൽ നിന്ന് പൊലീസെന്ന വ്യാജേന പണം തട്ടിയ കേസിൽ പ്രതി പിടിയിൽ. ഓട്ടോ ഡ്രൈവര്‍ സജീര്‍ ആണ് പിടിയിലായത്. സ്ഥാപനത്തിൽ റെയ്ഡ് നടക്കുമെന്ന് തെറ്റിദ്ധരിപ്പിച്ചാണ് പണം തട്ടിയത്
തിരുവനന്തപുരം: പൊലീസ് എന്ന വ്യാജേന വർക്കലയിൽ പണപ്പിരിവ് നടത്തിയയാൾ പിടിയിൽ. വർക്കല ടൂറിസം മേഖലയിൽ പ്രവർത്തിക്കുന്ന സ്പാ നടത്തിപ്പുകാരിയിൽ നിന്നും 46000 രൂപ തട്ടിയെടുത്ത വർക്കല മൈതാനം കനാൽ പുറമ്പോക്കിൽ താമസിക്കുന്ന 33 വയസുള്ള ഓട്ടോറിക്ഷ ഡ്രൈവർ സജീർ ആണ് പൊലീസ് പിടിയിലായത്. വര്‍ക്കലയിലെ സ്പാ കേന്ദ്രീകരിച്ച് അനധികൃത പ്രവർത്തനങ്ങൾ നടക്കുന്നുവെന്നുള്ള വിവരം പൊലീസിന് അറിയാമെന്നും ഉടൻ ഇവിടെ റെയ്ഡ് നടക്കുമെന്നും പ്രതി യുവതിയെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. വർക്കല സ്റ്റേഷൻ ഹൗസ് ഓഫീസറുടെയും എസ്ഐയുടെയും പേരിലായിരുന്നു പ്രതി പണപ്പിരിവ് നടത്തിയിരുന്നത്. തുടര്‍ച്ചയായി പണം ആവശ്യപ്പെട്ടതോടെ പൊറുതി മുട്ടിയ യുവതി പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടര്‍ന്നാണ് പ്രതിയെ പൊലീസ് പിടികൂടിയത്.



