വടകരയിൽ ട്രെയിൻ തട്ടി മധ്യവയസ്കന് ദാരുണാന്ത്യം. കേൾക്കാനോ സംസാരിക്കാനോ സാധിക്കാത്ത കനകൻ എന്നയാൾക്കാണ് ജീവൻ നഷ്ടപ്പെട്ടത്
കോഴിക്കോട്: വടകരയിൽ ട്രെയിൻ തട്ടി മധ്യവയസ്കന് ദാരുണാന്ത്യം. കേൾക്കാനോ സംസാരിക്കാനോ സാധിക്കാത്ത കനകൻ എന്നയാൾക്കാണ് ജീവൻ നഷ്ടപ്പെട്ടത്. കുരിയാടി സ്വദേശിയാണ് ഇയാൾ. കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ഇന്‍റർസിറ്റി ട്രെയിനാണ് കനകനെ ഇടിച്ചത്. നടന്നു പോവുന്നതിനിടെ ട്രെയിൻ ഇടിക്കുകയായിരുന്നു.
സമാനമായി കഴിഞ്ഞ ദിവസം വന്ദേ ഭാരത് ട്രെയിനിടിച്ച് കേരളത്തിൽ നിന്നുള്ള രണ്ട് നഴ്‌സിങ് വിദ്യാർത്ഥികൾ ബെംഗളൂരുവിൽ മരിച്ചിരുന്നു. ചിക്കബനവര റെയിൽവെ സ്റ്റേഷനിലാണ് അപകടം നടന്നത്. ബെംഗളൂരുവിലെ സപ്‌തഗിരി കോളേജ് വിദ്യാർത്ഥികളും പത്തനംതിട്ട സ്വദേശികളുമായ സ്റ്റെർലിൻ എലിസ ഷാജി (19), ജസ്റ്റിൻ ജോസഫ് (20) എന്നിവരാണ് മരിച്ചത്. ബെംഗളൂരുവിൽ നിന്ന് ബെലഗാവിയിലേക്ക് പോയ വന്ദേ ഭാരത് ട്രെയിനിടിച്ചാണ് മരണം. സംഭവ സ്ഥലത്ത് തന്നെ രണ്ട് പേരും മരിച്ചു.
ഇരുവരുടേതും അപകടമരണമാണോയെന്ന കാര്യത്തിൽ പൊലീസ് വ്യക്തത വരുത്തിയിട്ടില്ല. എങ്കിലും ഇരുവരും തങ്ങളുടെ താമസസ്ഥലത്തേക്ക് പോകാൻ റെയിൽവെ പാളം മുറിച്ചുകടക്കുമ്പോൾ അതിവേഗത്തിലെത്തിയ ട്രെയിൻ ഇടിക്കുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം. ബെലഗാവിയിലേക്ക് പോയ ട്രെയിൻ സമയക്രമം പാലിക്കുന്നതിനായി അതിവേഗത്തിലാണ് ഓടിയതെന്നാണ് വിവരം. സംഭവത്തിൽ ബെംഗളൂരു റൂറൽ റെയിൽവെ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.



