പാലായിൽ വീണ്ടും ജയിച്ചുകയറി മാണി സി കാപ്പൻ. തുടർച്ചയായ മൂന്നാം തവണ ആണ് കാപ്പൻ പാലാ നിലനിർത്തുന്നത്. കെഎം മാണിയുടെ തട്ടകമായിരുന്ന പാലായിൽ കാപ്പൻ്റെ തുടർവിജയം കേരള കോൺഗ്രസ് എമ്മിനും ജോസ് കെ മാണിക്കും കനത്തപ്രഹരമാണ്. 

പാലാ: 'പാലാ'പ്പോരിൽ വീണ്ടും ജയിച്ചുകയറിയിരിക്കുകയാണ് മാണി സി കാപ്പൻ. ഇത്തവണ കൂടി ജയിച്ച് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽനിന്ന് വിരമിക്കാനുള്ള കാപ്പൻ്റെ ആഗ്രഹത്തിന് ശുഭപര്യവസാനം. അരനൂറ്റാണ്ടിലധികം കാലം കെഎം മാണിയുടെ തട്ടകമായിരുന്ന പാലാ വീണ്ടും മാണി സി കാപ്പൻ പിടിച്ചെടുക്കുമ്പോൾ, കെഎം മാണിയുടെ മകൻ ജോസ് കെ മാണിക്ക് ആണ് കനത്ത പ്രഹരം, പാർട്ടിയുടെ ചരിത്രം പേറുന്ന മണ്ണിലെ പാർട്ടി ചെയർമാൻ്റെ തോൽവി കേരള കോൺഗ്രസ് മാണി ഗ്രൂപ്പിൻ്റെ നിലനിൽപ്പ് തന്നെ ചോദ്യംചെയ്യുന്നതാണ്.

Add Asianetnews as a Preferred SourcegooglePreferred

കാപ്പൻ്റെ സ്മാഷിൽ തകർന്നടിഞ്ഞ് ജോസും ഷോണും

ഒരു കാലത്ത് വോളിബോൾ കോർട്ടുകളിൽ കിടിലിൽ സ്മാഷുകൾ തീർത്ത മാണി സി കാപ്പൻ തൻ്റെ 69ലും തൊടുത്തുവിടുന്ന 'പൊളിറ്റിക്കൽ സ്മാഷു'കളിൽ എതിരാളികൾ തകർന്നടിയുകയാണ്. തുടർച്ചയായ 12 തവണ എതിരാളികളെ മലർത്തയടിച്ച കെഎം മാണിയുടെ തട്ടകത്തിൽ മറ്റൊരു മാണി നടത്തുന്ന തനിയാവർത്തനം.

ഇക്കുറി പാലായിൽ യുഡിഎഫിനായി വീണ്ടും മാണി സി കാപ്പൻ കളത്തിൽ ഇറങ്ങിയപ്പോൾ എൽഡിഎഫിനായി ജോസ് കെ മാണിയും എൻഡിഎയ്ക്കായി ഷോൺ ജോർജും ആണ് മത്സരരംഗത്ത് ഉണ്ടായിരുന്നത്. മാണി സി കാപ്പൻ്റെ ജയമാകട്ടെ 2991 വോട്ടുകൾക്ക്. ആകെ 1,35,851 വോട്ടുകൾ പോൾ ചെയ്തപ്പോൾ 50,799 വോട്ടുകൾ കാപ്പൻ പിടിച്ചെടുത്തു. മണ്ഡലത്തിൽ കടുത്ത മത്സരം കാഴ്ചവെച്ചെങ്കിലും ജോസ് കെ മാണി 47,808 വോട്ടുകളിൽ ഒതുങ്ങി. 35,304 വോട്ടുകൾ പിടിച്ച് ഷോൺ ജോർജ് നടത്തിയ മുന്നേറ്റം ജോസിൻ്റെ സ്വപ്നങ്ങൾക്ക് വിള്ളൽവീഴ്ത്തുന്നതിനൊപ്പം കാപ്പിൻ്റെ ഭൂരിപക്ഷവും ഇടിച്ചു.

കാപ്പൻ്റെ മധുരപ്രതികാരം

കെഎം മാണിക്ക് മുന്നിൽ തുടർച്ചയായി അടിതെറ്റിയ മാണി സി കാപ്പന്, മാണിയുടെ മകൻ ജോസ് കെ മാണിയെ തുടർച്ചയായ രണ്ടുതവണ പരാജയപ്പെടുത്താനായത് മധുരപ്രതികാരമായി. 2006 മുതൽ പാലായിൽ മത്സരരംഗത്തുള്ള കാപ്പൻ 2016 വരെ കെഎം മാണിയിൽനിന്ന് നേരിട്ടത് തുടർതോൽവികൾ. 2019ൽ കെഎം മാണി അന്തരിച്ചതിനെ തുടർന്ന് നടന്ന ഉപതെരഞ്ഞെടുപ്പായിരുന്നു കാപ്പൻ്റെ തെരഞ്ഞെടുപ്പ് രാഷ്ട്രീയജീവിതത്തിന് വഴിത്തിരിവായത്. 2019ൽ കേരള കോൺഗ്രസ് മാണി ഗ്രൂപ്പ് സ്ഥാനാർഥിയോട് 2,943 വോട്ടുകൾക്ക് ജയം. തൊട്ടടുത്ത വർഷങ്ങളിൽ കാപ്പൻ്റെയും ജോസിൻ്റെയും രാഷ്ട്രീയ കൂടുമാറ്റങ്ങൾക്ക് വേദിയായി. എൽഡിഎഫ് പക്ഷത്തെത്തിയ ജോസ് കെ മാണിയും യുഡിഎഫിൻ്റെ ഭാഗമായ മാണി സി കാപ്പനും തമ്മിലുള്ള കടുത്ത മത്സരത്തിനാണ് 2021ൽ പാലാ വേദിയായത്. എന്നാൽ 15,378 വോട്ടുകളുടെ ഭൂരിപക്ഷത്തിലുള്ള കാപ്പൻ്റെ വിജയം ജോസിനും കേരള കോൺഗ്രസിനും എൽഡിഎഫിനും ഇരുട്ടടിയായി.

ലോക്സഭ, തദ്ദേശ തെരഞ്ഞെടുപ്പ് നൽകിയ സൂചന

പാലാ നിയോജക മണ്ഡലത്തിലെ യുഡിഎഫിൻ്റെ കരുത്ത് എടുത്തുകാട്ടുന്നതായിരുന്നു കഴിഞ്ഞ ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകളിലെ ഫലം. കോട്ടയം ലോക്സഭാ മണ്ഡലത്തിൽ മത്സരിച്ചുവിജയിച്ച അഡ്വ. ഫ്രാൻസിസ് ജോർജ്, പാലാ മണ്ഡലത്തിൽനിന്ന് 52,295 വോട്ടുകളായിരുന്നു നേടിയിരുന്നത്. എൽഡിഎഫിനായി മത്സരിച്ച സിറ്റിങ് എംപി തോമസ് ചാഴികാടന് 39,830 വോട്ടുകൾ മാത്രമാണ് നേടാനായിരുന്നത്. ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിലും ഇതുതന്നെ ഫലം. പാലാ മണ്ഡല പരിധിയിലുള്ള വാർഡുകളിൽ ലഭിച്ച വോട്ടുകണക്കിൽ യുഡിഎഫിനായിരുന്നു മേൽക്കെ. നാല് പതിറ്റാണ്ട് നീണ്ട നഗരസഭ ഭരണവും കേരള കോൺഗ്രസ് എമ്മിന് നഷ്ടമായി.