ഇഡി കത്തിൽ കേസെടുക്കാൻ ഉത്തരവിട്ട സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ പിണറായി വിജയനും ,വീണയും, മുഹമ്മദ് റിയാസുമടക്കമുള്ളവർ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

തിരുവനന്തപുരം: ഇഡി കത്തിൽ കേസെടുക്കാൻ ഉത്തരവിട്ട സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ പിണറായി വിജയനും ,വീണയും, മുഹമ്മദ് റിയാസുമടക്കമുള്ളവർ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. തങ്ങളുടെ ഭാഗം കേൾക്കാതെയാണ് സിംഗിൾ ബെഞ്ച് ഉത്തരവെന്നും മുഖ്യമന്ത്രി എന്ന നിലയിൽ സിഎംആർഎൽ കമ്പനിയക്ക് ഏതെങ്കിലും സഹായം ചെയ്തതായി ഇഡി കത്തിലില്ലെന്നുമാണ് വാദം. അപ്പീൽ നിൽക്കില്ലെന്നും വിജിലൻസിന്‍റെ ഭാഗം. നിലവിൽ പിണറായി അടക്കമുള്ളവർക്കെതിരെ കേസ് എടുത്തെന്നും സർക്കാർ കോടതിയെ അറിയിച്ചു. റിയാസിന്‍റെ സുഹൃത്തുകളായ വാരിഷ്, ഷൈജൽ എന്നിവരും കോടതിയെ സമീപിച്ചിട്ടുണ്ട്.

സിഎംആർഎൽ - എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട കേസിൽ പിണറായി വിജയന്റെ സ്വാധീനത്താൽ കപട ഇടപാടുകളാണ് നടന്നതെന്നാണ് എഫ്‌ഐആറിലെ വിവരങ്ങൾ. അന്യായമായ സാമ്പത്തിക ലാഭത്തിന് വേണ്ടി ഒന്നാം പ്രതിയായ പിണറായി വിജയൻ താൻ മുഖ്യമന്ത്രിയായിരുന്നപ്പോൾ അധികാരം ദുരുപയോഗം ചെയ്തതായും എഷ്യാനെറ്റ് ന്യൂസിന് ലഭിച്ച എഫ്‌ഐആർ പകർപ്പിൽ പറയുന്നു. പിണറായി വിജയൻ, വീണ, എക്സാലോജിക് എന്നിവർ ചേർന്ന് ഇതിനായി ഗൂഢാലോചന നടത്തുകയായിരുന്നു. വ്യക്തിപരവും രാഷ്ട്രീയപരവുമായ സ്വാധീനം ഉപയോഗിച്ചാണ് ഇരുവരും സാമ്പത്തിക ഇടപാടുകൾ നടത്തിയതെന്നും അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.