കൊച്ചി: ദില്ലി കലാപം റിപ്പോർട്ട് ചെയ്തതിന്‍റെ പേരിൽ ഏഷ്യാനെറ്റ് ന്യൂസിന്‍റെയും മീഡിയവണ്ണിന്‍റെയും സംപ്രേഷണം വിലക്കിയ കേന്ദ്രസർക്കാർ നടപടി ചോദ്യം ചെയ്ത് നൽകിയ പൊതുതാത്പര്യ ഹർജി ഹൈക്കോടതി തള്ളി. അഡ്വ. ഹരീഷ് വാസുദേവൻ നൽകിയ ഹർജിയാണ് തള്ളിയത്. ഹർജിയിൽ പൊതുതാത്പര്യം വരില്ലെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് വാക്കാൽ നിരീക്ഷിച്ചു. 

ചാനലുകൾക്ക് വിലക്കേർപ്പെടുത്തിയ നടപടി നിലവിലുള്ള സംപ്രേഷണ നിയമങ്ങളുടെ ദുരുപയോഗമാണെന്നാണ് ഹർജിയിൽ അഡ്വ. ഹരീഷ് വാസുദേവൻ ചൂണ്ടിക്കാട്ടിയിരുന്നത്. ഇത് ജനങ്ങളുടെ അറിയാനുള്ള അവകാശത്തിൻമേലുള്ള കടന്നുകയറ്റമാണ്. 1994-ലെ കേബിൾ ടി വി നിയന്ത്രണച്ചട്ടം അടിയന്തരമായി സ്റ്റേ ചെയ്യണമെന്നും രണ്ട് ചാനലുകൾക്ക് നൽകിയ നോട്ടീസും സ്റ്റേ ചെയ്യണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.

Read more at: 'ജനാധിപത്യ വിശ്വാസികളേ, ചെറുപ്പക്കാരേ, നിങ്ങളോടാണ് സംസാരിക്കാനുള്ളത്' - കവർ സ്റ്റോറി

തന്‍റെ അറിവിൽ ഇത് വരെ ഇരുചാനലുകൾക്കുമെതിരെ ആർഎസ്എസ് മാനനഷ്ടക്കേസോ മറ്റ് നിയമനടപടികളോ സ്വീകരിച്ചിട്ടില്ലെന്നും ഈ വസ്തുത നിലവിലിരിക്കെ 'ആർഎസ്എസിനെ വിമർശിച്ചു' എന്ന പരാമർശം നോട്ടീസിൽ നൽകുക വഴി രാജാവിനെക്കാൾ വലിയ രാജഭക്തിയാണ് ഉദ്യോഗസ്ഥർ കാണിച്ചിരിക്കുന്നതെന്നും ഹരീഷിന്‍റെ ഹർജിയിൽ പറയുന്നു. 

മാർച്ച് ആറാം തീയതി വൈകിട്ട് ഏഴരയോടെയാണ് ഏഷ്യാനെറ്റ് ന്യൂസ്, മീഡിയ വണ്‍ എന്നീ ചാനലുകളുടെ സംപ്രേഷണം കേന്ദ്ര വാര്‍ത്തവിനിമയമന്ത്രാലയം ഇടപെട്ട് തടഞ്ഞത്. കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ കക്ഷിരാഷ്ട്രീയ ഭേദമന്യേ വലിയ പ്രതിഷേധമാണ് ഉണ്ടായത്. മണിക്കൂറുകള്‍ക്ക് ശേഷം അടുത്ത ദിവസം പുലര്‍ച്ചെ ഒന്നരയോടെ ഏഷ്യാനെറ്റ് ന്യൂസ് ചാനലിന്‍റേയും രാവിലെയോടെ മീഡിയ വണ്‍ ചാനലിന്‍റേയും സംപ്രേഷണം പുനഃസ്ഥാപിച്ചു. 

കൂടുതൽ വായിക്കാം: 'സ്വാഭാവിക നീതിയുടെ ലംഘനം'; ചാനല്‍ വിലക്കിനെക്കുറിച്ച് ഏഷ്യാനെറ്റ് ന്യൂസിന്‍റെ എഡിറ്റര്‍