കോഴിക്കോട്: കൊവിഡ് 19 സൃഷ്ടിച്ച പ്രതിസന്ധി മൂലം മിൽമയും നട്ടംതിരിയുന്നു. സംഭരിച്ച പാൽ വിൽക്കാനാകാത്തതാണ് മിൽമയെ പ്രതിസന്ധിയിലാക്കുന്നത്. ഈ സാഹചര്യത്തിൽ മിൽമ മലബാർ മേഖലാ യൂണിയൻ നാളെ കർഷകരിൽ നിന്ന് പാൽസംഭരിക്കില്ല.

സംഭരിച്ച പാൽ വിൽക്കാനാവാത്ത സാഹചര്യത്തിൽ ഇതല്ലാതെ മറ്റൊരു മാർഗം മുന്നിലില്ലെന്നാണ് മിൽമയുടെ നിലപാട്. രണ്ട് ദിവസത്തിനിടെ സംഭരിച്ച ഏഴ് ലക്ഷം ലിറ്റർ പാൽ വിൽക്കാനാകാതെ കെട്ടിക്കിടക്കുകയാണ്. 

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കോഴിക്കോട്ട് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. കണ്ണൂരിലും കാസർകോടും കൊവിഡ് ബാധിതരുണ്ടെന്ന് സ്ഥിരീകരിച്ചതോടെ വടക്കൻ കേരളത്തിലെ ജനങ്ങൾ കടുത്ത ആശങ്കയിലാണ്. ഇതൊക്കെയും മിൽമയുടെ പാൽവിതരണത്തിലും പ്രതിഫലിച്ചിരിക്കുകയാണ്. 

Read Also: സപ്ലൈകോ ഷോപ്പുകളിൽ വൻ തിരക്ക്, പൊലീസെത്തി, ഇനി ടോക്കൺ സംവിധാനം

കൊവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി സംസ്ഥാനത്ത് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ മുഖ്യമന്ത്രി പങ്കെടുത്ത ഉന്നതതല യോഗത്തിൽ തീരുമാനമായിട്ടുണ്ട്. കാസർകോട് ജില്ലയിൽ പൂർണമായി ലോക്ഡൗൺ ഏർപ്പെടുത്താനാണ് തീരുമാനം. കൊവിഡ് സ്ഥിരീകരിച്ച മറ്റ് ജില്ലകൾ ഭാഗികമായി അടച്ചിടും. എറണാകുളം, കണ്ണൂർ, പത്തനംതിട്ട ജില്ലകളിൽ കൂടുതൽ നിയന്ത്രണം ഏർപ്പെടുത്തും. അവശ്യ സർവ്വീസുകൾ മുടക്കില്ല. കടകൾ പൂർണമായും അടക്കില്ലെന്നും സർക്കാർ അറിയിച്ചിട്ടുണ്ട്. 

Read Also:കാസര്‍കോട് അടച്ചിടും, മറ്റ് ജില്ലകളിൽ ഭാഗിക ലോക് ഡൗൺ, ബാറുകൾ അടക്കും...

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക