Asianet News MalayalamAsianet News Malayalam

പിഎഫ്ഐയെ അല്ല, ആദ്യം നിരോധിക്കേണ്ടത് ആർഎസ്എസിനെ എന്ന് എം വി ഗോവിന്ദൻ; 'ഹർത്താൽ നിരോധിക്കണം എന്ന അഭിപ്രായമില്ല'

ഇപ്പോഴത്തെ അന്വേഷണങ്ങളുടെ പശ്ചാത്തലത്തിൽ പിഎഫ്ഐയെ നിരോധിക്കണമെന്ന അഭിപ്രായം സിപിഎമ്മിനില്ല. നിരോധിച്ചാൽ അവർ മറ്റ് പേരുകളിൽ അവതരിക്കും

MV Govindan says RSS should be banned first, not PFI
Author
First Published Sep 27, 2022, 2:04 PM IST

കണ്ണൂർ: വർഗീയ സംഘടനകളെ നിരോധിക്കുന്നെങ്കിൽ പോപ്പുലർ ഫ്രണ്ടിനെയല്ല, ആദ്യം ആർഎസ്എസിനെ ഇന്ത്യയിൽ നിരോധിക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. ഇപ്പോഴത്തെ അന്വേഷണങ്ങളുടെ പശ്ചാത്തലത്തിൽ പിഎഫ്ഐയെ നിരോധിക്കണമെന്ന അഭിപ്രായം സിപിഎമ്മിനില്ല. നിരോധിച്ചാൽ അവർ മറ്റ് പേരുകളിൽ അവതരിക്കും. കേരളത്തിൽ എസ്‍ഡിപിഐ - സിപിഎം സഖ്യം എന്നത് എതിരാളികളുടെ വ്യാജ പ്രചാരണം മാത്രമാണെന്നും എം.വി.ഗോവിന്ദൻ കണ്ണൂരിൽ പറഞ്ഞു. കേരളത്തിൽ ഹർത്താലുകൾ നിരോധിക്കണം എന്ന അഭിപ്രായം സിപിഎമ്മിനില്ലെന്നും ഗോവിന്ദൻ പറഞ്ഞു. സിൽവർ ലൈനിന്റെ പേരിൽ നടന്നത് അക്രമ സമരങ്ങളായതിനാൽ ആ കേസുകളൊന്നും പിൻവലിക്കുന്ന പ്രശ്നമില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി വ്യക്തമാക്കി.

പിഎഫ്ഐക്കെതിരെ വീണ്ടും നടപടി; രാജ്യവ്യാപക പരിശോധനയും അറസ്റ്റും, ദില്ലിയിൽ നിരോധനാജ്ഞ

രാജ്യ വ്യാപകമായി പോപ്പുല‍ർ ഫ്രണ്ടിനെതിരെ വീണ്ടും നടപടി. വിവിധ സംസ്ഥാനങ്ങളിലെ പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ സംസ്ഥാന പൊലീസ് സേനകളും ഭീകര വിരുദ്ധ സേനയും റെയ്ഡ് നടത്തി. 5 സംസ്ഥാനങ്ങളിൽ നിന്നായി 247 പേരെ അറസ്റ്റ് ചെയ്തു. ദില്ലിയിൽ റെയ്ഡ് നടന്ന സ്ഥലങ്ങളിൽ നിരോധനാജ്ഞ ഏർപ്പെടുത്തി. സെപ്റ്റംബർ 22ന് ദേശീയ അന്വേഷണ ഏജൻസി രാജ്യവ്യാപകമായി  നടത്തിയ റെയ‍്ഡിൽ 106  പേർ അറസ്റ്റിലായിരുന്നു. ഇവരുടെ ചോദ്യം ചെയ്യൽ തുടരുന്നതിനിടെയാണ് സംസ്ഥാനങ്ങളിൽ രണ്ടാംഘട്ട റെയ‍്ഡ് നടന്നത്. ദില്ലിയിൽ 30 പേരെയാണ് പൊലീസും ഭീകരവിരുദ്ധ സേനയും ചേർന്ന് കസ്റ്റഡിയിലെടുത്തത്. ഷഹീൻ ബാഗ്, നിസാമുദ്ദീൻ, രോഹിണി, ജാമിയ തുടങ്ങിയിടങ്ങളിലാണ് പരിശോധനകൾ ഉണ്ടായത്. ഇവിടങ്ങളിൽ അർദ്ധസൈനിക വിഭാഗം റൂട്ട് മാർച്ച് നടത്തി. പിന്നീട് നിരോധനാജ്ഞയും പ്രഖ്യാപിച്ചു. 

കടുപ്പിച്ച് കർണാടകം; നേതാക്കൾ അടക്കം 45 പിഎഫ്ഐ പ്രവർത്തകർ അറസ്റ്റിൽ, പഴയ കേസുകളിലും നടപടി 

കര്‍ണാടകത്തില്‍ നിന്ന് 80 പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ജില്ലാ പ്രസിഡന്‍റുമാരടക്കം 45 പേരെ അറസ്റ്റ് ചെയ്തു. എന്‍ഐഎ റെയ‍്‍ഡിന് പിന്നാലെ സംഘടിത പ്രതിഷേധങ്ങള്‍ക്ക് പദ്ധതിയിട്ടെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ഇതിനിടെ, പോപ്പുലർ ഫ്രണ്ട്, എസ്‍ഡിപിഐ പ്രവര്‍ത്തകര്‍ പ്രതികളായ പഴയ കേസുകളില്‍ നടപടി ശക്തമാക്കാന്‍ പൊലീസിന് കർണാടക സര്‍ക്കാര്‍ നിര്‍ദേശം നല്‍കി.

Follow Us:
Download App:
  • android
  • ios