മരിക്കാൻ പോവുകയാണെന്ന് അമ്മയ്ക്ക് സന്ദേശം അയച്ച ശേഷമാണ് നന്ദന ജീവനൊടുക്കിയത്. പൊലീസ് അന്വേഷണം ആരംഭിച്ചു.

കാസർകോട്: അരമങ്ങാനത്ത് നവവധു ഭർതൃവീട്ടിൽ തൂങ്ങിമരിച്ച സംഭവത്തിൽ മേൽപ്പറമ്പ് പൊലീസ് അന്വേഷണം തുടങ്ങി. കെ നന്ദനയെ (21) ഇന്നലെയാണ് ഭർതൃ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പെരിയ ആയംപാറ വില്ലാരംപെതിയിലെ കെ രവിയുടെയും സീനയുടെയും ഏക മകളാണ്.

ഏപ്രിൽ 26ന് ആയിരുന്നു നന്ദനയുടെ വിവാഹം. അരമങ്ങാനം ആലിങ്കാൽതൊട്ടിയിൽ വീട്ടിൽ രഞ്ജേഷാണ് ഭർത്താവ്. പെട്ടെന്നുണ്ടായ പ്രകോപനമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. ഭർതൃ വീട്ടിൽ ഏതെങ്കിലും തരത്തിലുള്ള പീഡനം നേരിട്ടതായി നിലവിൽ വിവരമില്ലെന്ന് പൊലീസ് പറഞ്ഞു. വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.

മരിക്കാൻ പോവുകയാണെന്ന് അമ്മയ്ക്ക് സന്ദേശം അയച്ച ശേഷമാണ് നന്ദന ജീവനൊടുക്കിയത്. അമ്മ ഉടനെ നന്ദനയുടെ ഭർത്താവ് രഞ്ജേഷിനെ വിളിച്ചു. രഞ്ജേഷ് ആ സമയത്ത് വീട്ടിൽ ഉണ്ടായിരുന്നില്ല. വീട്ടുകാരെ വിളിച്ചപ്പോൾ നന്ദനയുടെ മുറി പൂട്ടിയ നിലയിലായിരുന്നു. ഉടൻ വാതിൽ പൊളിച്ച് അകത്തു കയറിയെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

YouTube video player