നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി, വയനാട് പുനരധിവാസ ഫണ്ട് പിരിവിൽ കോൺഗ്രസിനെതിരെ ഗുരുതര ആരോപണവുമായി സിപിഎം നേതാവ് എം വി നികേഷ് കുമാർ രംഗത്ത്. ഫെഡറൽ ബാങ്കിലെ ഒരു രഹസ്യ അക്കൗണ്ട് വഴി കോടിക്കണക്കിന് രൂപയുടെ ഇടപാട് നടത്തിയെന്നും തുക വകമാറ്റിയെന്നും നികേഷ് ആരോപിക്കുന്നു.
കണ്ണൂർ: നിയമസഭ തെരഞ്ഞെടുപ്പിന് ഒരു ദിനം മാത്രം ബാക്കിയുള്ളപ്പോൾ വയനാട് പിരിവിൽ കോൺഗ്രസിനെതിരെ ഗുരുതര ആരോപണങ്ങളുമായി സിപിഎം നേതാവ് എം വി നികേഷ് കുമാർ. അടുത്തിടെ കണക്കുകൾ പുറത്ത് വിട്ടപ്പോൾ ധനലക്ഷ്മി ബാങ്കിലെ അക്കൗണ്ടിനെക്കുറിച്ച് കോൺഗ്രസ് പറയുന്നുണ്ടെങ്കിലും, ഫെഡറൽ ബാങ്കിന്‍റെ വെള്ളയമ്പലം ബ്രാഞ്ചിലുള്ള മറ്റൊരു അക്കൗണ്ടിനെ (അക്കൗണ്ട് നമ്പർ: 13740200004964) കുറിച്ച് എന്തുകൊണ്ട് വെളിപ്പെടുത്തുന്നില്ലെന്ന് നികേഷ് ചോദിക്കുന്നു.
കെപിസിസി പ്രസിഡന്‍റും പ്രതിപക്ഷ നേതാവും ജോയിന്റ് ആയിട്ടാണ് ഈ അക്കൗണ്ട് കൈകാര്യം ചെയ്യുന്നത്. ഈ അക്കൗണ്ടിന്റെ സ്റ്റേറ്റ്‌മെന്റ് പൊതുജനങ്ങൾക്കായി പുറത്തുവിടാൻ ഇവർ തയാറാണോ. പ്രവാസി മലയാളിയുടെ പേരിൽ കോടിക്കണക്കിന് രൂപയുടെ ഇടപാട് നടന്നതായും, കൃത്യമായ കണക്കുകൾ ബോധിപ്പിക്കാതെ തുക വകമാറ്റിയതായും വീഡിയോയിൽ നികേഷ് ആരോപിക്കുന്നു.
വിവരങ്ങൾ പുറത്തുവിടാത്ത ഫെഡറൽ ബാങ്ക് അക്കൗണ്ടിൽ എട്ടക്ക സംഖ്യയുടെ ഇടപാടുകൾ ഒളിപ്പിച്ചുവെച്ചിട്ടുണ്ട്. കോണ്‍ഗ്രസ് അക്കൗണ്ട് സ്റ്റേറ്റ്മെന്‍റുകൾ ഒരിക്കലും പുറത്ത് വിടില്ല. പുറത്ത് വിട്ടാൽ വൻ തുക നൽകിയെന്ന് പറഞ്ഞ് പലരും സോഷ്യൽ മീഡിയയിൽ ഇട്ട പോസ്റ്റുകളുണ്ട്. അതൊക്കെ അക്കൗണ്ടിൽ എത്തിയോ എന്നത് പുറത്തറിയുമെന്നും നികേഷ് കുമാർ പറഞ്ഞു.
കോൺഗ്രസിന്‍റെ കണക്ക്
വയനാട് പുനരധിവാസത്തിനായി 5,38,21,632 രൂപ ലഭിച്ചതെന്നാണ് കോൺഗ്രസ് വിശദീകരണം. യൂത്ത് കോൺഗ്രസ് 1.05 കോടി രൂപ പിരിച്ചുനൽകി. എന്നാൽ, ഭൂമി വാങ്ങാൻ ഇതിലധികം ചെലവായെന്നും ഇനി വീട് നിർമിക്കാനായി പാർട്ടി ഫണ്ടിൽനിന്ന് പണം ചെലവഴിക്കുമെന്നും കെപിസിസി പ്രസിഡന്റ് പറഞ്ഞു. ഇനി ഫണ്ട് ശേഖരണമുണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വയനാട് പുനരധിവാസത്തിനായി ആദ്യഘട്ടത്തിൽ ഏറ്റെടുത്തത് മൂന്നേക്കർ 24.5 സെന്റ് ഭൂമിയാണ്. ഇതിനായി 3,68,36,388 രൂപ ചെലവായി. രണ്ടാംഘട്ടത്തിൽ രണ്ടേക്കർ 18 സെന്റ് ഭൂമി വാങ്ങി. ഇതിനായി 2,50,30,272 രൂപയും ചെലവായി. കെപിസിസിയുടെ തനതുഫണ്ടിൽനിന്ന് 97,51,212 രൂപ ചെലവഴിച്ചു. രജിസ്‌ട്രേഷനടക്കമുള്ള നടപടികൾക്കായി ഇനി വേണ്ടത് 73,90,985 രൂപയാണെന്നും കെപിസിസി പ്രസിഡന്റ് പറഞ്ഞു.


