അനാവശ്യ വിവാദങ്ങൾ വേണ്ടെന്നാണ് മുന്നറിയിപ്പ്. വിവാദ വിഷയങ്ങളിൽ പരസ്യ പ്രതികരണങ്ങൾ പാടില്ലെന്നും ദീപാ ദാസ് മുൻഷി ആവശ്യപ്പെട്ടു.
തിരുവനന്തപുരം: രാമക്ഷേത്ര ചർച്ച വേണ്ടെന്ന് കെപിസിസി എക്സിക്യൂട്ടീവ് യോഗത്തിൽ കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷി. അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കണോ വേണ്ടയോ എന്ന തീരുമാനം ഹൈക്കമാൻഡ് എടുക്കും. അനാവശ്യ വിവാദങ്ങൾ വേണ്ടെന്നാണ് മുന്നറിയിപ്പ്. വിവാദ വിഷയങ്ങളിൽ പരസ്യ പ്രതികരണങ്ങൾ പാടില്ലെന്നും ദീപാ ദാസ് മുൻഷി ആവശ്യപ്പെട്ടു.
അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കുമോ എന്നതിൽ ദേശീയ നേതൃത്വം തീരുമാനമെടുക്കും. ഇക്കാര്യത്തിൽ വ്യക്തിപരമായ അഭിപ്രായ പ്രകടനങ്ങൾക്കില്ലെന്ന് യോഗത്തിന് ശേഷം ദീപാദാസ് മുന്‍ഷി വ്യക്തമാക്കി. സംഘടനാപരമായ തിരക്കുകൾ കാരണമാണ് തീരുമാനം വൈകുന്നത്. രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കരുത് എന്നത് സിപിഐയുടെ മാത്രം അഭിപ്രായം മാത്രമാണ്. ആര് ഏത് സീറ്റിൽ മത്സരിക്കണമെന്നത് കോൺഗ്രസിന്റെ തീരുമാനമാണെന്നും ദീപാദാസ് മുന്‍ഷി വ്യക്തമാക്കി.
അതിനിടെ അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ നിന്ന് വിട്ട് നിൽക്കാൻ കോൺഗ്രസിന് മേൽ മുസ്‍ലിം ലീഗ് സമ്മർദ്ദം ചെലുത്തുന്നുണ്ട്. കോൺഗ്രസ് മതേതര നിലപാട് സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അടിയന്തര യോഗത്തിന് ശേഷം ലീഗ് നേതാക്കൾ പറഞ്ഞു. ഇത് മതവിശ്വാസത്തിനെതിരായ നിലപാടല്ലെന്നും ബിജെപിയുടെ ലക്ഷ്യം തിരിച്ചറിയണമെന്നും ലീഗ് നേതാക്കൾ വ്യക്തമാക്കി.
രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ കോൺഗ്രസ് പങ്കെടുക്കരുതെന്ന ആവശ്യം സുന്നി നേതൃത്വം ഉന്നയിച്ചതോടെയാണ് ലീഗ് അടിയന്തര യോഗം ചേർന്നത്. കോൺഗ്രസ് ചടങ്ങിൽ പങ്കെടുക്കരുതെന്ന നിലപാട് നേതൃത്വത്തെ അറിയിക്കും. എന്നാൽ പരസ്യമായി അത് വെട്ടിത്തുറന്ന് പറയാതെ കോൺഗ്രസിനെ സമ്മർദ്ദത്തിലാക്കുന്ന രീതിയിലാണ് ലീഗ് നേതാക്കളുടെ പ്രതികരണം.
വരാന്‍ പോകുന്ന പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പിന്‍റെ ഒരു രാഷ്ട്രീയ ഉദ്ഘാടനമെന്ന തരത്തിലാണ് കേന്ദ്രം ഭരിക്കുന്ന ബിജെപി കൊണ്ടുപോകുന്നതെന്ന് പി കെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. അത് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും തിരിച്ചറിയണം. എന്നിട്ട് സ്വതന്ത്രമായ തീരുമാനമെടുക്കണം. മതേതരത്വ കാഴ്ചപ്പാടുള്ള പാര്‍ട്ടികളൊക്കെ അത് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.
രാമക്ഷേത്ര ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കുന്നത് സംബന്ധിച്ച് കോൺഗ്രസിനെതിരെ വിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും രംഗത്തെത്തി. കോൺഗ്രസിന്റേത് രാഷ്ട്രീയ പാപ്പരത്തം വ്യക്തമാകുന്ന സമീപനമാണെന്ന് എം വി ഗോവിന്ദൻ വിമർശിച്ചു. വിശ്വാസം ജനാധിപത്യപരമായ അവകാശമാണെന്ന് പറഞ്ഞ അദ്ദേഹം അയോധ്യയിൽ നടപ്പാകുന്നത് സംഘപരിവാർ അജണ്ടയാണെന്നും കൂട്ടിച്ചേർത്തു. വിശ്വാസത്തെ രാഷ്ട്രീയ ആവശ്യത്തിന് ഉപയോഗിക്കുകയാണ് ചെയ്യുന്നത്. ലക്ഷ്യം വർഗ്ഗീയ ധ്രുവീകരണമാണെന്നും എം വി ഗോവിന്ദൻ വിമർശിച്ചു.
സിപിഎം ജനറൽ സെക്രട്ടറി ക്ഷണം കിട്ടിയ ഉടൻ നിരസിച്ചു. മതനിരപേക്ഷത പറയുന്ന കോൺഗ്രസിന് എന്ത് കൊണ്ട് നിലപാടില്‍ ഉറച്ചു നിൽക്കാനാവുന്നില്ലെന്ന് ഗോവിന്ദൻ ചോദിച്ചു. കോൺഗ്രസിന്റെ മൃദു ഹിന്ദുത്വ നിലപാട് ജനം തള്ളിക്കളഞ്ഞതാണ്. കോൺഗ്രസ് ശരിയായ നിലപാട് സ്വീകരിക്കണമെന്നും എം വി ഗോവിന്ദൻ അഭിപ്രായപ്പെട്ടു.
