Asianet News MalayalamAsianet News Malayalam

പോസിറ്റീവ് കേസുകളൊന്നുമില്ല; നിപയിൽ ആശങ്ക അകന്ന് കോഴിക്കോട്; സമ്പർക്കപ്പട്ടികയിലെ 915 പേർ ഐസോലേഷനിൽ

തിരുവനന്തപുരം പബ്ലിക് ഹെൽത്ത് ലാബോറട്ടറിയിലും കോഴിക്കോട്, വയനാട്, മലപ്പുറം കണ്ണൂർ ജില്ലകളിലും ആരോഗ്യ പ്രവർത്തകർക്ക് പ്രത്യേക പരിശീലനം നൽകുമെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. 

No positive cases today Kozhikode is away from Nipa worries sts
Author
First Published Sep 26, 2023, 11:53 AM IST

കോഴിക്കോട്: നിപയിൽ ആശങ്ക അകലുന്നതിന്റെ ആശ്വാസത്തിൽ കോഴിക്കോട്. പതിനൊന്നാം ദിവസവും പുതിയ നിപ കേസുകളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. സമ്പർക്കപ്പട്ടികയിലെ 915 പേരാണ് ഐസോലേഷനിൽ കഴിയുന്നത്. ചികിത്സയിലുളളവരുടെ ആരോഗ്യ നിലയിൽ പുരോഗതിയുണ്ട്. 
നിപ പരിശോധന വേഗത്തിലാക്കുന്നതിന്റെ ഭാഗമായി കൂടുതൽ ഇടങ്ങളിൽ ട്രൂ നാറ്റ് ടെസ്റ്റ് വ്യാപിപ്പിക്കാനും തീരുമാനമായിട്ടുണ്ട്. ഇതിനായി തിരുവനന്തപുരം പബ്ലിക് ഹെൽത്ത് ലാബോറട്ടറിയിലും കോഴിക്കോട്, വയനാട്, മലപ്പുറം കണ്ണൂർ ജില്ലകളിലും ആരോഗ്യ പ്രവർത്തകർക്ക് പ്രത്യേക പരിശീലനം നൽകുമെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. 

നിപ പ്രതിരോധപ്രവ‍ർത്തനങ്ങളുടെ ഭാഗമായുളള നിയന്ത്രണങ്ങൾ വിലയിരുത്തി വിദഗ്ധ സമിതി ഇന്ന് ആരോഗ്യ വകുപ്പിന് റിപ്പോർട്ട് നൽകും. കൂടുതൽ ഇളവുകൾ ഏർപ്പെടുത്തുന്നതിനെ കുറിച്ചും ചർച്ചയാകും. നിലവിലെ നിയന്ത്രണങ്ങൾ അടുത്തമാസം 1വരെ തുടരാനാണ് ആരോഗ്യ വകുപ്പ് കഴിഞ്ഞ ദിവസമിറക്കിയ ഉത്തരവിലെ നിർദ്ദേശം. ഇന്നലെ ജില്ലയിലെ സ്കൂളുകൾ തുറന്ന് പ്രവർത്തിച്ചു തുടങ്ങി. കണ്ടെയ്ൻമെന്റ് സോണുകളിൽ സ്കൂളുകൾ തുറക്കില്ല. ജില്ലയുടെ മറ്റ് ഭാഗങ്ങളിലെ സ്കൂളുകളാണ് നിയന്ത്രണങ്ങളോടെ തുറക്കുന്നത്.  

സെപ്തംബർ 15ന് ചെറുവണ്ണൂർ സ്വദേശിയുടെ നിപ പരിശോധന ഫലമാണ് അവസാനമായി പോസിറ്റീവ് ആയത്. അതിനാൽ തന്നെ രോഗവ്യാപനം ഒഴിയുന്ന ആശ്വാസത്തിലാണ് കോഴിക്കോട് ജില്ല. പ്രോട്ടോക്കോൾ പാലിക്കണമെന്ന കർശന നിർദേശത്തോടെയാണ് സ്കൂളുകൾക്ക് തുറക്കാൻ അനുമതി നൽകിയിരിക്കുന്നത്. 

വിദ്യാർഥികളും അധ്യാപകരും മാസ്കും സാനിറ്റൈസറും നിർബന്ധമായും ഉപയോഗിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. സ്കൂളുകളുടെ പ്രവേശന കവാടങ്ങളിലും ക്ലാസ് മുറികളിലും സാനിറ്റൈസർ വെക്കണമെന്നും നിർദേശമുണ്ട്. കണ്ടെയ്ന്‍മെന്‍റ് സോണുകളിൽ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾ അവിടെ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പിൻവലിക്കുന്നത് വരെ പഠനം ഓൺലൈനായി തുടരണം. ഫറോക്ക് മുൻസിപ്പാലിറ്റിയിലെ മുഴുവൻ വാർഡുകളും കോഴിക്കോട് കോർപറേഷനിലെ 7 വാർഡുകളുമാണ് നിലവിൽ കണ്ടെയ്ൻമെന്റ് സോണുകളായി തുടരുന്നത്. 

പുറത്തെ സ്കൂളുകളിൽ പഠിക്കുന്ന കണ്ടെയ്ൻമെന്റ് സോണുകളിലെ കുട്ടികൾക്ക് ഓൺലൈൻ പഠനം ഉറപ്പാക്കാൻ സംവിധാനമൊരുക്കണമെന്നും സ്കൂളുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്. അതേസമയം അവസാനമയച്ച 5 സാമ്പിളുകളുടെയും ഫലം കൂടി നെഗറ്റീവായി. രോഗ ലക്ഷണങ്ങൾ കാണിച്ച ആരോഗ്യപ്രവർത്തകയുടെ അടക്കം പരിശോധനഫലങ്ങളാണ് നെഗറ്റീവായതെന്നാണ് കൂടുതൽ ആശ്വാസകരം. നിലവിൽ 915 പേരാണ് ഐസൊലേഷനിൽ കഴിയുന്നത്.

Read More:  നിപ: കോഴിക്കോട് ജില്ലയിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ നീട്ടി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്


 

Follow Us:
Download App:
  • android
  • ios