തട്ടിപ്പിൽ തനിക്ക് പങ്കില്ലെന്നും പോലീസ് നടപടി ഭയന്നാണ് മുൻകൂർ ജാമ്യാപേക്ഷ നൽകുന്നതെന്നും  ജയകുമാർ ഹർജിയിൽ പറയുന്നു. 

തിരുവനന്തപുരം: അഖിൽ സജീവ് ഉൾപ്പെട്ട നോർക്ക നിയമന കോഴക്കേസിൽ, ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി പത്തനംതിട്ട കോഴഞ്ചേരി സ്വദേശി ജയകുമാർ. നോർക്ക നിയമന കോഴക്കേസിൽ പത്തനംതിട്ടയിലെ പ്രാദേശിക നേതാവായ ജയകുമാറിന്‍റെ പേരും പരാമര്‍ശിക്കപ്പെട്ടിരുന്നു. പണം നൽകിയ അഭിഭാഷകന് അഖിൽ സജീവിൽ നിന്ന് പണം തിരികെ വാങ്ങി നൽകാൻ താൻ ഇടപെട്ടിരുന്നെന്ന് ജയകുമാർ വ്യക്തമാക്കി. എന്നാല്‍ തട്ടിപ്പിൽ തനിക്ക് പങ്കില്ലെന്നും പോലീസ് നടപടി ഭയന്നാണ് മുൻകൂർ ജാമ്യാപേക്ഷ നൽകുന്നതെന്നും ജയകുമാർ ഹർജിയിൽ പറയുന്നു. 

ആരോഗ്യ മന്ത്രിയുടെ ഓഫീസ് മറയാക്കി നടന്ന തട്ടിപ്പിനെക്കുറിച്ച് മലപ്പുറം സ്വദേശി ഹരിദാസ് നടത്തിയ തുറന്നു പറച്ചിലിനു പിന്നാലെയാണ് കോഴിക്കോട് സ്വദേശിയും കൊച്ചിയില്‍ അഭിഭാഷകനുമായ ശ്രീകാന്ത് അഖില്‍ സജീവിന്‍റെ നേതൃത്വത്തില്‍ നടന്ന മറ്റൊരു തട്ടിപ്പിനെക്കുറിച്ച് വെളിപ്പെടുത്തല്‍ നടത്തിയത്. ഭാര്യയ്ക്ക് നോര്‍ക്ക് റൂട്ട്‍സില്‍ ജോലി വാങ്ങി നല്‍കാമെന്ന് പറഞ്ഞാണ് ജിക്കു ജേക്കബ് എന്ന വ്യക്തി തന്നെ സമീപിച്ചതെന്നും ഇയാളാണ് അഖില്‍ സജീവിനെ പരിചയപ്പെടുത്തിയതെന്നും അഭിഭാഷകൻ വ്യക്തമാക്കിയിരുന്നു. ജോലിക്കായി പത്ത് ലക്ഷം രൂപയായിരുന്നു കോഴയായി ചോദിച്ചത്. ജയകുമാര്‍ വളളിത്തോട് എന്ന പ്രാദേശിക നേതാവും കൂടെ ഉണ്ടായിരുന്നു എന്നും അഭിഭാഷകനായ ശ്രീകാന്ത് വെളിപ്പെടുത്തൽ നടത്തിയിരുന്നു.

അഖിൽ സജീവിനെതിരെ കൂടുതൽ ആരോപണം; മുഖ്യമന്ത്രിയുടെ വകുപ്പിന്റെ പേരിലും പണം വാങ്ങി; തട്ടിയത് 5 ലക്ഷം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്