സാഹസിക ഓഫ് റോഡ് ഡ്രൈവറും അധ്യാപികയുമായ റിയ ചീരാംകുഴി തദ്ദേശ തിരഞ്ഞെടുപ്പിൽ വിജയിച്ചു. പാലാ നഗരസഭയിലെ എട്ടാം വാർഡിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ച റിയ, 97 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ച് കൗൺസിലറായി തിരഞ്ഞെടുക്കപ്പെട്ടു.
കോട്ടയം: സാഹസിക റൈഡിംഗിൻ്റെ ലോകത്ത് സജീവ സാന്നിധ്യമായ ഓഫ് റോഡ് ജീപ്പ് ഡ്രൈവർ, അധ്യാപിക റിയ ചീരാംകുഴിക്ക് തദ്ദേശ തിരഞ്ഞെടുപ്പിൽ ഉജ്ജ്വല വിജയം. ഓഫ് റോഡ് ട്രാക്കിൽ മിന്നും പ്രകടനം കാഴ്ചവെച്ച ഈ 'ലേഡി റൈഡർ' പാലാ നഗരസഭയിലെ കൗൺസിലർ പദവിയിലാണ് ഇനി വളയം പിടിക്കുക. പാലാ നഗരസഭ കവീകുന്ന് എട്ടാം വാർഡിലെ യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ച റിയ, കേരള കോൺഗ്രസ് (എം) വിഭാഗം സ്ഥാനാർത്ഥിയായ ഷിന്നി തോമസിനെയാണ് പരാജയപ്പെടുത്തിയത്. റിയ 97 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയം ഉറപ്പിച്ചത്. റിയക്ക് ആകെ 320 വോട്ടുകളാണ് ലഭിച്ചത്. എതിര്‍ സ്ഥാനാര്‍ത്ഥി ഷിനി തോമസ് മുകാല 223 വോട്ടുകളും നേടി.
പിതാവ് ബിനോയിൽ നിന്ന് പകർന്നു കിട്ടിയതാണ് റിയക്ക് ജീപ്പ് റേസിങ്ങിനോടുള്ള കമ്പം. എട്ടാം ക്ലാസ് മുതൽ ഡ്രൈവിംഗ് പരിശീലനം നടത്തിയ റിയ 18-ാം വയസ്സിൽ ലൈസൻസ് എടുത്തു. 22-ാം വയസ്സിൽ ഹെവി ലൈസൻസ് എടുത്തതോടെ ഹെവി വാഹനങ്ങൾ ഓടിക്കാനും തുടങ്ങി. ജീപ്പ് റേസ് മത്സരങ്ങളിലെ സ്ഥിരസാന്നിധ്യമായ റിയ, റേസിംഗ് രംഗത്ത് വൈറൽ താരമായി മാറിയ റിയ, ഇപ്പോൾ പാലായുടെ മണ്ണിൽനിന്ന് രാഷ്ട്രീയ പോരാട്ടത്തിലും വിജയം നേടിയിരിക്കുകയാണ്. പിതാവിന്റെ അനിയൻ പാലാ നഗരസഭയിലെ എൽഡിഎഫ് കൗൺസിലറായിരുന്നു. തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള ആവശ്യമവുമായി കോൺഗ്രസ് പ്രവർത്തകർ എത്തിയപ്പോൾ അതൊരു അവസരമായി തോന്നിയെന്നും അങ്ങനായാണ് തെരഞ്ഞെടുപ്പിലെത്തിയതെന്നും ആയിരുന്നു റിയ പറഞ്ഞത്.


