കോൺഗ്രസ് നേതാവ് വി വി പ്രകാശിന്റെ കുടുംബത്തിന്റെ പിന്തുണ തനിക്കാണെന്ന് അവകാശപ്പെട്ട പി വി അൻവറിനെ വിമർശിച്ച് വി ടി ബൽറാം
നിലമ്പൂർ: കോണ്‍ഗ്രസ് നേതാവ് വി വി പ്രകാശിന്റെ കുടുംബത്തിന്റെ പിന്തുണ തനിക്കാണെന്ന് അവകാശപ്പെട്ട പി വി അൻവറിനെ രൂക്ഷമായി വിമർശിച്ച് എഐസിസി അംഗം വി ടി ബൽറാം. അൻവർ പ്രകാശിന്‍റെ വീട് സന്ദർശിച്ചത് ചർച്ചയായതിന് പിന്നാലെയാണ് പ്രതികരണം. വി വി പ്രകാശിന്റെ വീട്ടിൽപ്പോയി നാടകം കളിക്കാനുള്ള ഉളുപ്പില്ലായ്മ കാണിച്ച അൻവറിനോട് പറയാനുള്ളത് പ്രകാശിന്‍റെ ഭാര്യ പറഞ്ഞിട്ടുണ്ട്. വി വി പ്രകാശ് അന്ത്യയാത്രയിൽ പുതച്ചിരുന്നത് കോൺഗ്രസിന്റെ പതാകയാണ്. ആ കുടുംബം എക്കാലത്തും കോൺഗ്രസ് പാർട്ടിക്കൊപ്പമായിരിക്കുമെന്ന് വി ടി ബൽറാം കുറിച്ചു.
2021ൽ അൻവറിനെതിരെ യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ചത് വി വി പ്രകാശാണ്. വി വി പ്രകാശിന്‍റെ കുടുംബം 2016ലും 2021ലും ഇപ്പോഴും കോൺഗ്രസാണെന്നും അതുകൊണ്ട് ഒരു കുഴപ്പവുമില്ലെന്നും പി വി അൻവർ പ്രതികരിച്ചു. എന്നാൽ തനിക്കൊപ്പം ഉണ്ടാകുമെന്ന് പറയുന്ന ജനത്തിൽ ഉൾപ്പെട്ടവരാണ് ആ കുടുംബവുമെന്ന് അൻവർ അവകാശപ്പെട്ടു.
വി ടി ബൽറാമിന്‍റെ കുറിപ്പിന്‍റെ പൂർണരൂപം
2021ലെ തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി വി.വി പ്രകാശിനെതിരെ ഹീനമായ വർഗീയ പ്രചരണങ്ങളാണ് അന്നത്തെ എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥി പി വി അൻവർ നടത്തിയിരുന്നത്. ആ നാട്ടുകാർ പ്രായവ്യത്യാസമില്ലാതെ തന്നെ വിളിച്ചിരുന്ന 'പ്രകാശേട്ടൻ' എന്നതിലെ 'ഏട്ടൻ' എന്ന വാക്ക് മാത്രം മതിയായിരുന്നു അൻവറിന് വി വി പ്രകാശിനെ ഒരു സംഘിയായി ചിത്രീകരിക്കാൻ. അത് വച്ചുള്ള പ്രസംഗങ്ങളായിരുന്നു അൻവറിന്റെ ക്യാമ്പയിൻ മുഴുവൻ. അന്ന് അൻവറിനെ തലയിലേറ്റി നടന്നിരുന്ന സിപിഎമ്മും ഈ പ്രചരണം ഏറ്റെടുത്ത് കൊഴുപ്പിച്ചു. തന്റെ ജീവിതത്തിലുടനീളം ഉറച്ച മതേതര ബോധ്യങ്ങൾ വച്ചുപുലർത്തിയ, പ്രത്യയശാസ്ത്രപരമായി തന്നെ സംഘ് പരിവാറിന്റെ നിതാന്ത വിമർശകനായിരുന്ന, വ്യക്തിജീവിതത്തിൽപ്പോലും മതവിശ്വാസങ്ങളും ആചാരങ്ങളും ഒരു പരിധിക്കപ്പുറം മാറ്റിനിർത്തിയ, നെഹ്രുവിയൻ കോൺഗ്രസുകാരനായ വി വി പ്രകാശിനെ അങ്ങേയറ്റം വേദനിപ്പിച്ചതായിരുന്നു എതിർ സ്ഥാനാർത്ഥിയുടെ ആ ബിലോ ദ് ബെൽറ്റ് ആക്രമണങ്ങൾ. തന്റെ മരണത്തിന്റെ തൊട്ടുമുൻപുള്ള ദിവസങ്ങളിൽ പിവി അൻവറിന്റെ ഈ ക്രൂരമായ ആരോപണങ്ങൾക്ക് കൃത്യമായ രാഷ്ട്രീയ മറുപടി നൽകിയതിന് ശേഷമാണ് വി വി പ്രകാശ് ഈ ലോകം വിട്ട് പോയത്.
എന്നിട്ടും വി വി പ്രകാശിന്റെ വീട്ടിൽപ്പോയി നാടകം കളിക്കാനുള്ള ഉളുപ്പില്ലായ്മ കാണിച്ച അൻവറിനോട് പറയാനുള്ളത് പ്രകാശേട്ടന്റെ പ്രിയതമ തന്നെ കൃത്യമായി പറഞ്ഞിട്ടുണ്ട്: വി വി പ്രകാശ് അന്ത്യയാത്രയിൽ പുതച്ചിരുന്നത് കോൺഗ്രസിന്റെ പതാകയാണ്. ആ കുടുംബവും എക്കാലത്തും കോൺഗ്രസ് പാർട്ടിക്കൊപ്പമായിരിക്കും.


