ടി എം സി സ്ഥാനാർത്ഥിയായി പി വി അൻവർ സമർപ്പിച്ച പത്രികയിൽ പ്രശ്നമുണ്ടെന്ന് വരണാധികാരി അറിയിച്ചു. 

മലപ്പുറം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ടിഎംസി സ്ഥാനാര്‍ത്ഥിയായി പി വി അന്‍വറിന് മത്സരിക്കാനാകില്ല. അന്‍വര്‍ സമര്‍പ്പിച്ച ഒരു പത്രിക തള്ളിയെന്ന വിവരമാണ് പുറത്ത് വരുന്നത്. അതേ സമയം അന്‍വറിന് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായ മത്സരിക്കാം. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കാനുള്ള പത്രികയും അന്‍വര്‍ സമര്‍പ്പിച്ചിരുന്നു. ടി എം സി സ്ഥാനാർത്ഥിയായി പി വി അൻവർ സമർപ്പിച്ച പത്രികയിൽ പ്രശ്നമുണ്ടെന്ന് വരണാധികാരി അറിയിച്ചു. സാങ്കേതിക പ്രശ്നത്തെ തുടര്‍ന്നാണ് പത്രികെ തള്ളിയതെന്നാണ് വിവരം. ടി എംസി ദേശീയ പാർട്ടി അല്ലാത്തതിനാൽ നോമിനേഷനിൽ 10 പേർ ഒപ്പ് ഇടണമായിരുന്നു. അത് ചെയ്തിട്ടില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് പത്രിക തള്ളിയിരിക്കുന്നതെന്നാണ് വിവരം.

അതേ സമയം പത്രികയിന്‍മേല്‍ കൂടുതൽ ചര്‍ച്ചകള്‍ നടന്നുവരികയാണെന്ന് വിവരവും ലഭ്യമാകുന്നുണ്ട്. അൻവര്‍ രണ്ട് പത്രികയാണ് സമര്‍പ്പിച്ചിരുന്നത്. ഒന്ന് ടിഎംസി സ്ഥാനാര്‍ത്ഥിയായി പുല്ലും പൂവും ചിഹ്നത്തിൽ മത്സരിക്കുന്നതിനും മറ്റൊന്ന് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നതിനും. അതുകൊണ്ട് തന്നെ ഒരു പത്രിക തള്ളിയാലും മറ്റൊരു പത്രിക നിലനിൽക്കുന്നുണ്ട്. അന്‍വറിന്‍റെ അഭിഭാഷകര്‍ വിഷയവുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടത്തുന്നുണ്ട്. ഈ ശ്രമം വിജയിച്ചില്ലെങ്കിൽ അന്‍വര്‍ സ്വതന്ത്രനായി തന്നെ നിലമ്പൂരിൽ മത്സരിക്കേണ്ടി വരും. 

തൃണമൂല്‍ കോണ്‍ഗ്രസ് ബംഗാളിൽ ഉള്ള ഒരു സംസ്ഥാന പാര്‍ട്ടി എന്ന നിലയിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പരിഗണിക്കുന്നത്. ഒരു ദേശീയ പാര്‍ട്ടി അല്ലാത്തത് കൊണ്ട് തന്നെ നാമനിര്‍ദേശ പത്രികയിൽ ഒപ്പിടേണ്ട അംഗങ്ങളുടെ എണ്ണമടക്കം കൃത്യമായി തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യവസ്ഥ ചെയ്തിട്ടുണ്ട്. അത്രയും ഒപ്പുകള്‍ ഈ നാമനിര്‍ദേശ പത്രികയിൽ ഇല്ല എന്ന കാരണത്താലാണ് പത്രിക തള്ളാനുള്ള തീരുമാനം വരണാധികാരി സ്വീകരിച്ചിരിക്കുന്നത്. പത്രിക തള്ളാനുള്ള ഗൗരവമായ കാര്യമാണ് അൻവറിന്‍റെ പത്രികയിൽ സംഭവിച്ചിരിക്കുന്നതെന്ന് വരണാധികാരി വ്യക്തമാക്കുന്നുണ്ടെന്ന വിവരവും പുറത്ത് വരുന്നുണ്ട്. 

Nilambur Bypoll 2025 | Asianet News Live | Malayalam News Live | ഏഷ്യാനെറ്റ് ന്യൂസ് | Kerala News